നിര്‍ഭാഗ്യവശാല്‍ മൈത്രിയുടെ പ്രയോഗവല്‍ക്കരണം നമ്മുടെ അജണ്ടയില്‍ തന്നെ ഇല്ലാതെപോയി. അതുകൊണ്ടാണ് പരസ്പര സംശയവും, വെറുപ്പും, അന്യവല്‍ക്കരണവും, ആള്‍ക്കൂട്ടക്കൊലകളും ഒക്കെ ഉണ്ടാകുന്നത്. അതുകൊണ്ടാണ്, ഒരു ഡോക്യുമെന്‍ററി കണ്ടാല്‍ പോലും ഇന്ത്യയിലെ ജനങ്ങള്‍ വര്‍ഗീയമായി ധ്രൂവീകരിക്കപ്പെടുമെന്നു നമ്മള്‍ ഭയക്കുന്നത്.
സുധാ മോനോന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം
2017 മെയ് 26നു വൈകുന്നേരം, അമേരിക്കയിലെ പോര്‍ട്ട്‌ലാന്‍ഡ് നഗരത്തിലെ ഒരു ലോക്കല്‍ ട്രെയിനില്‍ രണ്ട് പെണ്‍കുട്ടികള്‍ പതിവുപോലെ സഞ്ചരിക്കുകയായിരുന്നു. ഒരാള്‍ ആഫ്രിക്കന്‍ വംശജ. മറ്റെയാള്‍ ഹിജാബ് അണിഞ്ഞ മുസ്ലിം കുട്ടി.
പെട്ടെന്ന് ചെറുപ്പക്കാരനായ ഒരു ട്രെയിന്‍ യാത്രക്കാരന്‍ ആ പെണ്‍കുട്ടികളെ സമീപിച്ച് വംശീയതയും വെറുപ്പും നിറഞ്ഞ ഭാഷയില്‍ അവരെ അപഹസിക്കുകയും, മുസ്ലിം പെണ്‍കുട്ടിയോട് സൗദിഅറേബ്യയിലേക്ക് പോകാന്‍ ആക്രോശിക്കുകയും ചെയ്തു. ആ പെണ്‍കുട്ടികള്‍ ഭയന്ന് വിറച്ച് നില്‍ക്കവേ, അതേ തീവണ്ടിയിലെ യാത്രക്കാരായ മൂന്നു യുവാക്കള്‍ മുന്നോട്ടു വന്നു. അവര്‍ പെണ്‍കുട്ടികള്‍ക്ക് ചുറ്റും സംരക്ഷണവലയം തീര്‍ക്കുകയും, അവരെ അപമാനിക്കുന്നത് ശരിയല്ലെന്ന് സൌമ്യമായി അയാളെ അറിയിക്കുകയും ചെയ്തു. പക്ഷെ, വംശീയവിദ്വേഷത്തിന്റെ വിഷം കൊണ്ട് അന്ധനായ ജെര്‍മി ജോസഫ് കൃസ്ത്യന്‍ എന്ന മനുഷ്യന്‍, പെണ്‍കുട്ടികളെ രക്ഷിക്കാന്‍ എത്തിയ നല്ല ‘ശമര്യക്കാരെ’ കത്തിയെടുത്ത് ആഞ്ഞുകുത്തുകയാണ് ചെയ്തത്.
കുത്തേറ്റ രണ്ടുപേരും മരിച്ചു. മൂന്നാമത്തെ ആള്‍ മാത്രമാണ് രക്ഷപ്പെട്ടത്. മരിച്ചവരില്‍ ഒരാള്‍, വെറും 23 വയസുള്ള തലിയെസിന്‍ മെഷേ എന്ന ഒരു കോളേജ് വിദ്യാര്‍ഥി ആയിരുന്നു. ബോഗിയില്‍ രക്തത്തില്‍ കുളിച്ചു കിടന്ന മെഷേ, ‘ഈ തീവണ്ടിയിലെ എല്ലാ യാത്രക്കാരോടും ഞാന്‍ അവരെ സ്നേഹിക്കുന്നതായി അറിയിച്ചേക്കൂ’ എന്ന് അവസാനമായി പറഞ്ഞുകൊണ്ട് ഈ ലോകത്തോട് വിട പറഞ്ഞു. രണ്ടാമൻ റിക്ക് ബെസ്റ്റ് എന്ന അൻപത്തിമൂന്നുകാരൻ ആയിരുന്നു. രക്ഷപ്പെട്ട മൂന്നാമന്റെ പേര് മിക്കാ ഫ്ലെച്ചർ.
ജീവിതത്തില്‍ ഒരിക്കലും കണ്ടിട്ടില്ലാത്ത ആ രണ്ടു പെണ്‍കുട്ടികളെ പൊതിഞ്ഞു പിടിച്ചുകൊണ്ട്, അവര്‍ക്ക് വേണ്ടി സ്വന്തം ജീവന്‍ പോലും വെടിയാന്‍ ആ മനുഷ്യരെ പ്രേരിപ്പിച്ച ചേതോവികാരം ആണ് ‘സാഹോദര്യം അല്ലെങ്കില്‍ മൈത്രി’. സഹജീവിസ്നേഹം. ‘ബന്ധുത’ എന്ന് ഹിന്ദിയിലും ‘ഫ്രറ്റേണിറ്റി’ എന്ന് ഇംഗ്ലീഷിലും പറയാം.
മരിക്കുംമുന്‍പ് മെഷേ എന്ന ആ കോളേജ് വിദ്യാര്‍ഥി സഹയാത്രികര്‍ക്കായി നല്‍കിയ സന്ദേശത്തിന്റെ അന്തസത്തയും നിരുപാധികമായ സഹജീവിസ്നേഹമാണ്.
ജാതിമതവര്‍ഗവംശഭാഷാഭേദമില്ലാതെ എല്ലാവരോടുമുള്ള സ്നേഹം. അനുകമ്പ. ‘ഒരുപീഡയെറുമ്പിനും വരുത്തരുതെന്നു’ മഹാഗുരു പറഞ്ഞതും ഇതേ വികാരത്തെക്കുറിച്ചാണ്.
ഈ സംഭവം ഇപ്പോൾ എഴുതിയത്, ഈ റിപ്പബ്ലിക് ദിനത്തില്‍ നമ്മള്‍ മറ്റെന്തിനെക്കാളും ഉപരി ഓര്‍ത്തിരിക്കേണ്ട വാക്കാണ് ഫ്രറ്റേണിറ്റി’ അഥവാ മൈത്രി എന്ന് ഓര്‍മ്മിപ്പിക്കാന്‍ ആണ്. ഭരണഘടനയുടെ ആമുഖത്തില്‍ ‘നീതിക്കും, സ്വാതന്ത്ര്യത്തിനും, സമത്വത്തിനും’ ശേഷം വരുന്ന വാക്കാണ് മൈത്രി. ഹിന്ദിപരിഭാഷയില്‍ ‘ബന്ധുത’ എന്നാണ് ഉപയോഗിച്ചിരിക്കുന്നത്.
പക്ഷെ, ഭരണഘടനയെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ നീതിയും സമത്വവും മതനിരപേക്ഷതയും എല്ലായ്പ്പോഴും കടന്നുവരുമ്പോള്‍ നമ്മള്‍ പാടെ മറന്നുപോയ ഒരു വാക്കാണ് ഫ്രറ്റേണിറ്റി. അംബേദ്‌കറുടെ മൌലികമായ സംഭാവന. നെഹ്രുവിന്റെ ലക്ഷ്യപ്രമേയത്തില്‍ ഇല്ലാതിരുന്ന ഒരു വാക്ക്.
എല്ലാ ഇന്ത്യക്കാരും തമ്മിലുള്ള പരസ്പര ‘ബന്ധുതയും സാഹോദര്യവും’ ആണ് ദേശീയതയുടെ അടിസ്ഥാനം എന്നും, ഇന്ത്യന്‍ സാമൂഹ്യ ജീവിതത്തിന് കെട്ടുറപ്പും ഇഴയടുപ്പവും നല്‍കുന്നത് അതിരുകളില്ലാത്ത സാഹോദര്യം ആയിരിക്കണം എന്നുമാണ് ഇതിലൂടെ അംബേദ്‌കര്‍ പറയാന്‍ ശ്രമിച്ചത്. മൈത്രിയുടെ അഭാവത്തില്‍ സ്വാതന്ത്ര്യവും സമത്വവും, നീതിയും ‘ പെട്ടെന്ന് മാഞ്ഞുപോകുന്ന കുമ്മായം പോലെ അപ്രസക്തമാകും’ എന്നും അംബേദ്‌കര്‍ പ്രവാചകനെപ്പോലെ പറയുകയുണ്ടായി.
പക്ഷെ, നിര്‍ഭാഗ്യവശാല്‍ മൈത്രിയുടെ പ്രയോഗവല്‍ക്കരണം നമ്മുടെ അജണ്ടയില്‍ തന്നെ ഇല്ലാതെപോയി. അതുകൊണ്ടാണ് പരസ്പര സംശയവും, വെറുപ്പും, അന്യവല്‍ക്കരണവും, ആള്‍ക്കൂട്ടക്കൊലകളും ഒക്കെ ഉണ്ടാകുന്നത്. അതുകൊണ്ടാണ്, ഒരു ഡോക്യുമെന്‍ററി കണ്ടാല്‍ പോലും ഇന്ത്യയിലെ ജനങ്ങള്‍ വര്‍ഗീയമായി ധ്രൂവീകരിക്കപ്പെടുമെന്നു നമ്മള്‍ ഭയക്കുന്നത്.
റിപ്പബ്ലിക് ദിനത്തില്‍ നമ്മള്‍ ഓര്‍മ്മിക്കേണ്ട മറ്റൊരു കാര്യം, ഭരണഘടനയുടെ ആമുഖത്തില്‍, രാഷ്ട്രത്തിന്റെ ‘ഐക്യത്തിനും അഖണ്ഡതക്കും’ മുന്നിലാണ് വ്യക്തിയുടെ അന്തസ്സ് എഴുതി വെച്ചിരിക്കുന്നത് എന്ന വസ്തുതയാണ്. ഇത് നേരെ തിരിച്ചാണ് വേണ്ടതെന്ന അഭിപ്രായം കരട് കമ്മിറ്റിയില്‍ ഉയര്‍ന്നപ്പോള്‍, ആ വാദം തള്ളിക്കളഞ്ഞുകൊണ്ട് അംബേദ്‌കര്‍ പറഞ്ഞത്’അന്തസ്സുള്ള പൗരന്മാര്‍ക്ക് മാത്രമാണ് രാജ്യത്തിന്റെ ഐക്യം ഊട്ടി ഉറപ്പിക്കാന്‍ കഴിയുക” എന്നായിരുന്നു.
ചുരുക്കത്തില്‍ ‘മനുഷ്യാന്തസ്സ്’ അഥവാ പൗരന്റെ അന്തസ്സ് ആണ് ഭരണഘടന എക്കാലത്തും ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിച്ചത്. ‘മൈത്രിയും സഹജീവിസ്നേഹവും സ്വാഭാവികതയാകുന്ന, വ്യക്തിയുടെ അന്തസ്സ് ആദരിക്കപ്പെടുന്ന ഒരു രാഷ്ട്രത്തില്‍ ഐക്യവും അഖണ്ഡതയും പുലര്‍ന്നുകൊള്ളും എന്ന വിശാലമായ ദര്‍ശനം ആയിരുന്നു എതിരില്ലാതെ നമ്മുടെ ഭരണഘടനാനിര്‍മ്മാണ സഭ അംഗീകരിച്ചത്.
ഇന്ന് നമ്മൾ മറന്നുപോയതും അതാണ്.
പോര്‍ട്ട്‌ലാന്‍ഡ് സംഭവത്തിലേക്ക് തിരികെ പോകാം. ആ സംഭവത്തിൽ നിന്നും രക്ഷപ്പെട്ട മിക്കാ ഫ്ലെച്ചര്‍ നിരന്തരം തന്റെ സഹജീവികളോട് അപേക്ഷിച്ചത് തങ്ങളെ ആഘോഷിക്കാതെ ആ പെണ്‍കുട്ടികള്‍ക്കും, അപരത്വം അനുഭവിക്കുന്ന മറ്റു മനുഷ്യർക്കും ഒപ്പം നില്‍ക്കാനും ജീവിതത്തെ ആത്മധൈര്യത്തോടെ നേരിടാന്‍ അവരെ പ്രാപ്തരാക്കാനും ആണ്.പൊതുപരിപാടികളിലേക്ക് ക്ഷണിച്ചവരോട് അദ്ദേഹം പറഞ്ഞ വാക്കുകള്‍ ഇങ്ങനെയായിരുന്നു: ഞങ്ങളെ ഒരിക്കലും ഹീറോ ആക്കരുത്. ഞങ്ങള്‍ ശ്രമിച്ചത് ‘നമ്മുടെ കുഞ്ഞുങ്ങളെ’ രക്ഷിക്കാന്‍ ആയിരുന്നു.
‘നമ്മുടെ കുഞ്ഞുങ്ങള്‍’ എന്ന ആ വാക്കില്‍ അടങ്ങിയിരിക്കുന്ന മാനവീകമായ ദര്‍ശനമാണ് വര്‍ത്തമാനകാല ഇന്ത്യയില്‍ ഏറെ പ്രസക്തം. സ്നേഹത്തെക്കുറിച്ച് സംസാരിക്കുന്നവര്‍പോലും ദേശവിരോധികള്‍ ആകുന്ന ഇക്കാലത്ത് നമ്മള്‍ റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോള്‍ ‘മൈത്രി’ യും മനുഷ്യാന്തസ്സിലുള്ള വിശ്വാസവും മറ്റെന്തിനെക്കാളും ഉപരിയായി നമ്മെ മുന്നോട്ടു നയിക്കട്ടെ.
എല്ലാ സുഹൃത്തുക്കള്‍ക്കും എന്റെ റിപ്പബ്ലിക് ദിനാശംസകള്‍…