Tuesday, December 24, 2024

Top 5 This Week

Related Posts

എം.പി യുടെ സത്യഗ്രഹ സമരത്തിനെതിരെ രൂക്ഷ വിമർശനവുമായി സി.പി.ഐ (എം)

മൂവാറ്റുപുഴ : ശബരി റെയിൽ പദ്ധതിക്ക് കേന്ദ്ര ബഡ്ജറ്റിൽ തുക വകയിരുത്തണം എന്ന് ആവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എം.പി മുവാറ്റുപുഴയിൽ നടത്തുന്ന സത്യാഗ്രഹസമരം പരാജിതന്റെ ജാള്യത മറക്കാൻ.
കഴിഞ്ഞ നാലു വർഷം ശബരി റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ മനസ്സിലാക്കി കാര്യക്ഷമമായ ഇടപെടൽ നടത്താത്തതിലുള്ള ജാള്യത മറക്കാനും തിരഞ്ഞെടുപ്പ് മുന്നിൽകണ്ട് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുമാണ് ഇപ്പോൾ നടത്തുന്ന സമര പ്രഹസനമാണെന്ന് സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവിച്ചു.

പ്ര്‌സ്താവനയുടെ പൂർണരൂപം

2019 ൽ എംപി ആയതിനു ശേഷം ശബരി റെയിൽ യാഥാർത്ഥ്യമാക്കുന്നതിന് കാര്യക്ഷമമായ യാതൊരുവിധ ഇടപെടലുകളും ഡീൻ കുരിയാക്കോസിന്റെ ഭാഗത്തുനിന്നുമുണ്ടായിട്ടില്ല.
ഡീൻ കുര്യാക്കോസ് എംപി ആയതിനുശേഷമാണ് ശബരിറയിൽ പദ്ധതി മരവിപ്പിച്ച് കേന്ദ്ര ഗവൺമെൻറ് ഉത്തരവിറക്കിയത്. ഇതിനെതിരെ ഡീൻ കുര്യാക്കോസ് ഉൾപ്പെടെയുള്ള യുഡിഎഫ് എംപിമാരാരും പാർലമെൻറിനകത്തും പുറത്തും പ്രതിഷേധിച്ചില്ലെന്നത് പദ്ധതിയോടുള്ള യുഡിഎഫിന്റെ നിഷേധാത്മക നിലപാടാണ് വ്യക്തമാക്കുന്നത്. ശബരി റെയിൽ പദ്ധതിയുടെ നടത്തിപ്പിലുള്ള പ്രതിസന്ധിയെന്തെന്ന് മനസ്സിലാക്കുന്നതിനും കേന്ദ്ര സംസ്ഥാന ഗവൺമെന്റുകളെകൊണ്ട് അനുകൂല തീരുമാനമെടുപ്പിക്കുന്നതിനും എം.പി പരാജയപ്പെടുകയായിരുന്നു.
ഇപ്പോഴും ശബരി റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട അടിസ്ഥാന വിവരങ്ങൾ സംബന്ധിച്ച് തികഞ്ഞ അജ്ഞതയാണ് ഡീൻ കുര്യാക്കോസിനുള്ളത്.
സംസ്ഥാന സർക്കാർ മൊത്തം പദ്ധതി ചെലവിന്റെ പകുതി വഹിക്കാമെന്ന് തീരുമാനമെടുക്കുകയും കേന്ദ്രസർക്കാരുമായി കരാർവയ്ക്കുകയും ചെയ്തതിന് ശേഷവും പദ്ധതി പുനരുജീവിപ്പിക്കുന്നതിന് യാതൊരുവിധ ഇടപെടലും എംപിയുടെ ഭാഗത്തുനിന്നുമുണ്ടായിട്ടില്ല. യഥാർത്ഥത്തിൽ
കേന്ദ്ര റെയിൽവേ ബോർഡും സർക്കാരും നിർദ്ദേശിച്ചതനുസരിച്ചുള്ള റീവൈസ്ഡ് എസ്റ്റിമേറ്റും വന്ദേഭാരത് ട്രെയിൻ ഓടിക്കുന്നതിനുള്ള ഇലക്ട്രിക്കൽ എസ്റ്റിമേറ്റും മൊത്തം ചെലവിൻറെ പകുതി വഹിക്കുന്നതിനുള്ള സന്നദ്ധത ലെറ്ററും അതിനായി കിഫ്ബിയിൽ 2000 കോടി വകയിരുത്തിയിട്ടുള്ള വിവരവും ഉൾപ്പെടെ കേന്ദ്ര റെയിൽവേ വകുപ്പിന് സംസ്ഥാന സർക്കാർ ഇതിനകം അറിയിച്ചിട്ടുണ്ട്.
പുതുക്കിയ എസ്റ്റിമേറ്റ് കേന്ദ്ര റെയിൽവേ ബോർഡ് അംഗീകരിച്ചാൽ മാത്രമേ പദ്ധതി പുനർജീവിപ്പിക്കാനാവൂ. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായും കേന്ദ്ര റെയിൽവേ മന്ത്രിയുമായി പലതവണ കൂടിക്കാഴ്ചകൾ നടത്തുകയും തുടർനടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.
സംസ്ഥാന ഗവൺമെന്റിന്റെ നേതൃത്വത്തിൽ വലിയതോതിൽ ഇടപെടലുകൾ ഉണ്ടാകുമ്പോഴും ശബരിറെയിൽ കടന്നുപോകുന്ന പാർലമെൻറ് മണ്ഡലങ്ങളെ പ്രതിനിധീകരിക്കുന്ന ഡീൻ കുര്യാക്കോസ് ഉൾപ്പടെയുള്ള യുഡിഎഫ് എംപി മാർ കുറ്റകരമായ നിസംഗതയാണ് പുലർത്തി പോന്നിട്ടുള്ളത്. ശബരി റെയിൽ യഥാർഥ്യമാക്കാൻ ജോയ്‌സ് ജോർജ് എം.പി ആയിരിക്കെ നടത്തിയ നിരന്തരമായ ഇടപെടൽ നാട് മറന്നിട്ടില്ല. തുടർച്ചയായി 2015 മുതലുള്ള ബഡ്ജറ്റുകളിൽ വലിയതുക ശബരി റെയിലിനായി വകയിരുത്തുകയും ഭൂമി ഏറ്റെടുക്കുന്നതിലേക്ക് 2017 – 18 സാമ്പത്തികവർഷം എറണാകുളം ജില്ലാകളക്ടർക്ക് 50 കോടിരൂപ കൈമാറുകയും ചെയ്തിരുന്നു. ശബരി റെയിൽ പാതയുടെ കോട്ടയം ജില്ലയിലെ അലൈൻമെന്റ് യുഡിഎഫ് നേതാക്കന്മാർ ഉയർത്തിയ തർക്കംമൂലം അന്തിമമാക്കി സമർപ്പിക്കാനാവാതെ വന്നതാണ് പദ്ധതി വൈകാൻ ഇടയാക്കിയത്. ഡീൻ കുര്യാക്കോസ് എംപി ആയതിനു ശേഷം പദ്ധതി മുന്നോട്ടു കൊണ്ടുപോകുന്നതിൽ കുറ്റകരമായ അനാസ്ഥയാണ് കാണിച്ചത്.
സംസ്ഥാന സർക്കാരിന്റെയും കേരള റെയിൽ ഡെവലപ്‌മെൻറ് കോർപ്പറേഷന്റെയും (KRDC ) കാര്യക്ഷമമായ ഇടപെടലുകളിലൂടെ ശബരീറയിൽ പദ്ധതി പുനരുജ്ജീവിക്കുന്ന സാഹചര്യം ഉണ്ടായാൽ അതിൻറെ പിതൃത്വം ഏറ്റെടുക്കുന്നതിന് വേണ്ടിയുള്ള വിലകുറഞ്ഞ നടപടിയാണ് ഇപ്പോഴത്തെ സമര നാടകം. സ്വന്തം കഴിവുകേടും പദ്ധതി സംബന്ധിച്ച അജ്ഞതയും മറച്ചുവെക്കുന്നതിനും ജനങ്ങളെ കബളിപ്പിക്കുന്നതിനുമായി നടത്തുന്ന സമര നാടകം അർഹിക്കുന്ന അവജ്ഞയോടെ ജനങ്ങൾ തള്ളിക്കളയുമെന്ന് സി.പി.ഐ (എം) എറണാകുളം ജില്ലാ സെക്രട്ടറിയേറ്റ് ചൂണ്ടിക്കാട്ടി

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles