Tuesday, December 24, 2024

Top 5 This Week

Related Posts

നിർമ്മാണം നടക്കുന്ന ഹോട്ടലിലെ ലിഫ്റ്റ് പൊട്ടിവീണു; 7 പേർക്ക് പരിക്ക്

കൊല്ലം: പണി നടന്നു കൊണ്ടിരിക്കുന്ന ഹോട്ടൽ കെട്ടിടത്തിലെ ലിഫ്റ്റ് പൊട്ടി വീണ് 7 പേർക്കു പരിക്ക്. ഹോട്ടൽ ഉടമകളിലൊരാളായ കൊട്ടിയം ഉമയനല്ലൂർ പറക്കുളം സ്വദേശി റെജിയും (37) കുടുംബവുമാണ് അപകടത്തിൽപെട്ടത്. റെജിയുടെ മുത്തച്ഛനായ മിസ്ഹാബുദ്ദീൻ (87), ബന്ധുക്കളായ ഷൈല (55), റിയാസ്, സപ്ന, റോഷ്നി, ബിസിനസ് നടത്തിപ്പുകാരിലൊരാളായ കൊല്ലം സ്വദേശി അനീഷ് എന്നിവരാണ് അപകടത്തിൽപെട്ടത്. ഇന്നലെ ഉച്ച കഴിഞ്ഞ് 3.40നായിരുന്നു സംഭവം.
ബീച്ച് റോഡിലുള്ള റാഹത്ത് ഹോട്ടലിന്റെ പുതുതായി നിർമ്മിക്കുന്ന ബ്രാഞ്ച് കെട്ടിടം കാണാനെത്തിയതായിരുന്നു ഇവർ. കെട്ടിടത്തിന്റെ പിറകിലുള്ള സർവീസ് ലിഫ്റ്റിൽ കയറി ഒന്നാം നിലയിലെത്തിയപ്പോഴാണ് ലിഫ്റ്റിന്റെ റോപ്പ് പൊട്ടിയത്. സർവീസ് ലിഫ്റ്റ് ആയതിനാൽ മിക്ക ദിവസങ്ങളിലും സാധനങ്ങൾ കൊണ്ടുപോകാനും മറ്റും ലിഫ്റ്റ് ഉപയോഗിക്കാറുണ്ടായിരുന്നു. താഴേക്കു പതിച്ച ഇവരെ ഹോട്ടൽ ജീവനക്കാരും പൊലീസുകാരും നാട്ടുകാരും ചേർന്ന് ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എല്ലാവർക്കും കാലുകൾക്കാണു പരിക്ക്. 3 നിലകളാണു കെട്ടിടത്തിനുള്ളത്. ഒന്നാം നിലയിൽ നിന്നായതിനാലാണ് അപകടത്തിന്റെ വ്യാപ്തി കുറഞ്ഞത്. ഗുരുതരമായി പരിക്കേറ്റ മിസ്ഹാബുദ്ദീനെയും ഷൈലയെയും പിന്നീട് പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. അനീഷിനെ പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles