ചെറുതോണി: അപേക്ഷിച്ച് രണ്ടര വര്‍ഷത്തിനകം സ്വന്തം ഭൂമിയുടെ അവകാശരേഖ കൈയില്കിട്ടിയതിന്റെ സന്തോഷത്തിലാണ് മുരിക്കാശ്ശേരി രാജമുടി സ്വദേശിനിയായ മാന്താനത്ത് തങ്കമ്മ ഗോപാലന് എന്ന വയോധിക. പട്ടയത്തിനപേക്ഷിച്ചാല് പതിറ്റാണ്ടുകള്‍ കാത്തിരിക്കണമെന്ന് എല്ലാവരേയും പോലെ തങ്കമ്മയും കരുതിയിരുന്നു. എന്നാല്‍ വ്യത്യസ്തമായിരുന്നു തങ്കമ്മയുടെ അനുഭവമെന്ന് അവര്‍ സാക്ഷ്യപ്പെടുത്തി. ഇതില്‍ സര്‍ക്കാരിനും ജില്ലാ ഭരണകൂടത്തിനും നന്ദി പറഞ്ഞാണ് തങ്കമ്മ വീട്ടിലേക്ക് മടങ്ങിയത്.തങ്കമ്മയും കുടുംബവും 50 വര്‍ഷത്തിലേറേയായി ഇവിടെ താമസം തുടങ്ങിയിട്ട്. 74 വയസ്സുകാരിയായ തങ്കമ്മയ്ക്ക് 4 മക്കളുണ്ട്, 24 വര്‍ഷം മുന്‍പ് ഭര്‍ത്താവ് മരിച്ചു. ആകെ ഉണ്ടായിരുന്ന ഭൂമി വീതം വെച്ചപ്പോള്‍ ഇളയമകനും തങ്കമ്മയ്ക്കും ലഭിച്ച ഭൂമിക്കാണ് ഇപ്പോള്‍ പട്ടയം ലഭിച്ചത്. മുരിക്കാശ്ശേരി എല്‍. എ ഓഫീസിലാണ് പട്ടയത്തിനായി അപേക്ഷ സമര്‍പ്പിച്ചിരുന്നത്.തങ്കമ്മയോടൊപ്പം 6 പേര്‍ക്കും കൂടി ചെറുതോണി ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച ജില്ലാ കളക്ടറുടെ താലൂക്ക്തല പരാതി പരിഹാര അദാലത്തില്‍ പട്ടയം കൈമാറി. മുരിക്കാശ്ശേരി ഭൂമി പതിവ് ഓഫീസിലൂടെ കേശവന് നാരായണന് താന്നിക്കല്‍, റോസമ്മ ദേവസ്യ മുതുപുന്നക്കല്‍, ഗ്രേസി ചാക്കോച്ചന് കന്നുംതൊഴുത്തില്, സോമന് ശിവശങ്കരപ്പിള്ള ആലുങ്കല്കിഴക്കേല് എന്നിവര്‍ക്കും, ഇടുക്കി ഭൂമി പതിവ് ഓഫീസിലെ രഘുരാജന്‍ പാലപ്പറമ്പില്‍, ലളിതാ ഷാജി പുതിയകുന്നേല്‍ എന്നിവര്‍ക്കുമാണ് ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് പട്ടയം നല്‍കിയത്.