Wednesday, January 1, 2025

Top 5 This Week

Related Posts

കർഷകരുടെ കടങ്ങൾ എഴുതി തള്ളണം : ഡീൻ കുര്യാക്കോസ്

ഇടുക്കിയിലെ കർഷകരുടെ കടങ്ങൾ എഴുതി തള്ളുവാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് ഡീൻ കുര്യാക്കോസ് എം.പി. ഉരുൾ പൊട്ടലും പ്രളയവും മറ്റു പ്രകൃതി ക്ഷോഭവും മൂലം കൃഷി നശിച്ച കർഷകർക്ക് പിൻബലം നൽകേണ്ട സർക്കാർ അവരെ പാടെ അവഗണിക്കുകയാണ്. സമര യാത്രയുടെ സ്വീകരണയോഗത്തിൽ തടിയമ്പാട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാത്തിനും കാരണം നെഹ്‌റുവാണെന്ന് നരേന്ദ്ര മോഡി പറയുന്നത് പോലെയാണ് എൽഡിഎഫ് യുഡിഎഫിനെ കുറ്റം പറയുന്നതെന്നും ഡീൻ പരിഹസിച്ചു.

തിരഞ്ഞെടുപ്പുകൾ അടുക്കുമ്പോൾ ഇടുക്കി പാക്കേജ് എന്ന പേരിൽ കർഷകരുടെ കണ്ണിൽ പൊടിയിട്ട് വഞ്ചിക്കുന്ന സമീപനമാണ് സർക്കാർ കൈക്കൊള്ളുന്നത്. പ്രളയത്തിലും ഉരുൾപ്പൊട്ടലിലും തകർന്ന വീടുകൾ പോലും പുനർ നിർമ്മിച്ചു നൽകുവാൻ ഈ സർക്കാർ തയ്യാറായിട്ടില്ലെന്ന് ഡീൻ കുറ്റപ്പെടുത്തി. ഉപജീവനത്തിനായി ഒരു കടമുറി പോലും നിർമ്മിക്കാൻ കഴിയാത്ത അവസ്ഥയിലേക്ക് സർക്കാർ എത്തിച്ചു. രാഷ്ട്രീയ തട്ടിപ്പുകൾ നടത്താതെ കർഷകർക്ക് അർഹമായ ആനുകൂല്യങ്ങൾ നൽകണമെന്നും ഡീൻ കുര്യാക്കോസ് ആവശ്യപ്പെട്ടു.

ഭരിക്കാൻ മറന്നു പോയ സർക്കാർ ആണ് ഇതെന്ന് സമര യാത്ര ഉദ്ഘാടനം നിർവഹിച്ച കേരള കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം പുതുശ്ശേരി പറഞ്ഞു. ജനങ്ങളെ ദ്രോഹിക്കുന്ന കാര്യങ്ങളിൽ സർക്കാർ റെക്കോർഡ് ഇടുകയാണ്. കഴിഞ്ഞ 7 വർഷമായി ഇടുക്കിയിലെ കർഷകർക്ക് വേണ്ടി ഒന്നും ചെയ്യുവാൻ സർക്കാരിന് സാധിച്ചിട്ടില്ല. ആവർത്തിച്ചുള്ള പ്രഖ്യാപനങ്ങൾ മാത്രമാണ് നടക്കുന്നത്.

തുല്യരായി ജീവിക്കുവാൻ ഇടുക്കി ജനതക്ക് അവകാശമുണ്ട്. ഇടുക്കിയെ രണ്ടാം നിര പൗരന്മാരായി കണക്കാക്കുന്നത് അംഗീകരിക്കില്ലെന്ന് ജോസഫ് എം പുതുശ്ശേരി പറഞ്ഞു.

പി.ഡി ജോസഫ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് സി.പി മാത്യൂ, മുൻ ഡിസിസി പ്രസിഡന്റ് ജോയി തോമസ്, യുഡിഎഫ് ജില്ല ചെയർമാൻ ജോയി വെട്ടിക്കുഴി, എം.എൻ ഗോപി, എം.കെ പുരുഷോത്തമൻ, എ.പി ഉസ്മാൻ, നോബിൾ ജോസഫ്, വർഗീസ് വെട്ടിയങ്കൽ, എം.ഡി അർജ്ജുനൻ, ബിജോ മാണി, ജോയി കൊച്ചുകരോട്ട് അനിൽ അനിക്കനാടൻ, ജോബി തയ്യിൽ, ജോയി വർഗീസ്, ആൻസി തോമസ്, ഷിജോ ഞവരക്കാട്ട് എന്നിവർ പ്രസംഗിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles