Saturday, November 2, 2024

Top 5 This Week

Related Posts

ഇടുക്കി ജില്ലയില്‍ കുടിവെള്ള ലഭ്യത ഉറപ്പുവരുത്തുന്നതിനുള്ള നടപടികളുമായി മുന്നോട്ട് പോകുകയാണ്: മന്ത്രി

ഇടുക്കി ജില്ലയില്‍ പൂര്‍ണ്ണമായും കുടിവെള്ള ലഭ്യത ഉറപ്പുവരുത്തുന്നതിനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുകയാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. ഇടുക്കി ജില്ലയിലെ ജല ജീവന്‍ മിഷന്റെ പുരോഗതിയും നടത്തിപ്പും വിലയിരുത്തുന്നതിനായി മന്ത്രിയുടെ അധ്യക്ഷതയില്‍ കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശദമായ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച് നിയോജക മണ്ഡലാടിസ്ഥാനത്തില്‍ ഓരോ പഞ്ചായത്തിലെയും പദ്ധതി പുരോഗതി യോഗം വിലയിരുത്തി.ഇടുക്കി ജില്ലയില്‍ ജല ജീവന്‍ മിഷന്‍ പദ്ധതി മുന്നോട്ടു കൊണ്ട് പോകുന്നതിന് തടസമായ കാര്യങ്ങള്‍ സമയബന്ധിതമായി പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് യോഗം ചേര്‍ന്നത്. പദ്ധതിയുടെ പൂര്‍ത്തീകരണവുമായി ബന്ധപ്പെട്ട് നേരിടുന്ന പ്രധാന വെല്ലുവിളി ജലശുദ്ധീകരണശാലയും ടാങ്കുകളും മറ്റും സ്ഥാപിക്കാന്‍ ആവശ്യമായ ഭൂമി കണ്ടെത്തുകയാണ്. സ്വകാര്യ ഭൂമിയും, റവന്യു ഭൂമിയും, കെ എസ് ഇ ബി, വനം വകുപ്പ് അധീനതയില്‍ ഉള്ള ഭൂമികളും പദ്ധതിയ്ക്കായി കൈമാറുന്നതിന് സാങ്കേതിക തടസം ചിലഇടങ്ങളിലുണ്ട്. ഇത് പരിഹരിക്കുന്നതിന് സര്‍ക്കാരിന്റെ കീഴിലുള്ള ഭൂമി വിട്ട് നല്‍കാന്‍ ഉത്തരവ് നല്‍കിയിട്ടുണ്ട്. ഏറ്റെടുക്കേണ്ട സ്വകാര്യ ഭൂമി ബഹുജനപങ്കാളിത്തത്തോടെയും ജനപ്രതിനിധികളുടെ ഇടപെടലിലൂടെയും ഏറ്റെടുക്കണമെന്നും മന്ത്രി പറഞ്ഞു. ടെണ്ടര്‍ നടപടികളിലേക്ക് നീങ്ങുന്നതിന് തടസ്സമായി നില്‍ക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നിര്‍ദേശങ്ങള്‍ നല്‍കിയതായി മന്ത്രി അറിയിച്ചു. വിവിധ വകുപ്പുകള്‍ സഹകരിച്ച് മുന്നോട്ട് പോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 2,79,634 ഗ്രാമീണ വീടുകളാണ് ജില്ലയില്‍ ഉള്ളത്. ജലജീവന്‍ പദ്ധതി തുടങ്ങുന്നതിന് മുന്‍പും ശേഷവുമായി നാളിതുവരെ കൊടുത്തിട്ടുള്ള കണക്ഷനുകള്‍ 84,037 കണക്ഷനുകളാണ് (30%). 1,95,597 കണക്ഷനുകള്‍ കൂടി കൊടുക്കേണ്ടതായുണ്ട്(70%). രണ്ട് വര്‍ഷങ്ങള്‍ കൊണ്ട് പദ്ധതി പൂര്‍ത്തീകരിക്കണം. 2758.48 കോടി രൂപയുടെ ഭരണാനുമതി കൊടുത്തു കഴിഞ്ഞതായും മന്ത്രി പറഞ്ഞു.

പൊതുമരാമത്ത്, എന്‍ എച്ച്, കെ എസ് ടി പി റോഡുകള്‍ കടന്നുപോകുന്നതിനാല്‍ അനുമതി ലഭിക്കേണ്ടതായുണ്ട്. കൂട്ടായ ചര്‍ച്ചകള്‍ നടത്തി പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായുള്ള നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. കെ എസ് ടി പിയ്ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുമെന്നും മന്ത്രി അറിയിച്ചു. പഞ്ചായത്ത് റോഡ് പൈപ്പ് സ്ഥാപിക്കാന്‍ മുറിയ്ക്കുമ്പോള്‍ ഉണ്ടാകുന്ന പുനരുദ്ധാരണ നടപടികളാണ് പ്രതിസന്ധി സൃഷ്ടിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ റോഡ് പുനരുദ്ധാരണം ജല ജീവന്‍ പദ്ധതിയില്‍ തന്നെ ഉള്‍പ്പെടുത്തി ചെയ്യുന്നതിന് ആവശ്യമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. വെട്ടിപ്പൊളിക്കുന്ന പിഡബ്‌ള്യൂഡി റോഡ് ഉള്‍പ്പെടെയുള്ളവ പുനരുദ്ധരിക്കുന്നതിനുള്ള തുക വാട്ടര്‍ അതോറിറ്റി നല്‍കുന്നതിനും തീരുമാനമായതായി മന്ത്രി അറിയിച്ചു.

പ്രശ്‌നങ്ങള്‍ പരിഹരിച്ച് വേഗം പദ്ധതിയുമായി മുന്നോട്ട് പോകുന്നതിന് എംഎല്‍എമാരുടെ നേതൃത്വത്തില്‍ മോണിറ്ററിങ് കമ്മറ്റി ആരംഭിക്കാനും മന്ത്രി നിര്‍ദേശം നല്‍കി. ഒരു നിയോജകമണ്ഡലത്തിന് ഒരു അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയറെ ചാര്‍ജ് ഓഫീസറായി ചുമതലപ്പെടുത്തിയിട്ടുണ്ട്. 20 ദിവസത്തിനകം അവലോകന യോഗത്തില്‍ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട് തയാറാക്കി നിയോജകമണ്ഡലത്തിലെ എംഎല്‍എമാര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. അതിനു ശേഷം എംഎല്‍എമാര്‍ അതത് നിയോജകണ്ഡലങ്ങളിലെ പദ്ധതി നടത്തിപ്പ് സംബന്ധിച്ച് സൂക്ഷ്മമായ വിലയിരുത്തല്‍ നടത്തി മന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കണം. ചെറിയ പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെ പരിഹരിക്കാന്‍ പ്രാദേശിക ഇടപെടല്‍ നടത്തണമെന്നും മന്ത്രി പറഞ്ഞു.

ജല ജീവന്‍ മിഷന്റെ ഭാഗമായി കുടിവെള്ളം എല്ലാ വീടുകളിലും എത്തണം. എന്നാല്‍ വെള്ളം എത്തിക്കാന്‍ വളരെ ബുദ്ധിമുട്ട് ഏറിയ പ്രദേശങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. വെള്ളം എത്താന്‍ സാധ്യതയില്ലെന്ന് കണ്ടെത്തുന്നുണ്ടെങ്കില്‍ ആ പ്രദേശങ്ങള്‍ പ്രേത്യേകമായി കണ്ടുകൊണ്ട് ഭൂഗര്‍ഭ ജല വകുപ്പിന്റെയോ മറ്റു ഏജന്‍സികളുടെയോ സഹകരണത്തോടുകൂടി അവിടെ വെള്ളം എത്തിക്കാനുള്ള സൗകര്യങ്ങള്‍ ഇതിനോടനുബന്ധമായി ചെയ്യാനാണ് ഉദ്ദേശിച്ചിരിക്കുന്നതെന്നും മന്ത്രി അറിയിച്ചു.

യോഗത്തില്‍ ദേവികുളം എംഎല്‍എ അഡ്വ എ രാജ, ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്, സബ് കളക്ടര്‍മാരായ രാഹുല്‍ കൃഷ്ണ ശര്‍മ്മ, അരുണ്‍ എസ് നായര്‍, ചീഫ് എന്‍ജിനീയര്‍ സൂധീര്‍ ടി.എസ്, കേരള വാട്ടര്‍ അതോറിറ്റി ബോര്‍ഡ് അംഗം ഷാജി പാമ്പൂരി, സൂപ്രണ്ടിങ് എന്‍ജിനീയര്‍ പ്രദീപ് വി.കെ, ജില്ലാ പ്രൊജക്റ്റ് മാനേജ്‌മെന്റ് യൂണിറ്റ് പ്രതിനിധികളായ ജയ്‌സണ്‍ സണ്ണി, ജിന്നറ്റ് ജോണ്‍ വിന്‍സന്റ് വിവിധ വകുപ്പ് പ്രതിനിധികള്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles