Wednesday, January 1, 2025

Top 5 This Week

Related Posts

പകല്‍ സമയത്തെ വൈദ്യുതി നിരക്ക് കുറയ്ക്കുന്നത് പരിഗണനയില്‍: മന്ത്രി കെ. കൃഷ്ണന്‍കുട്ടി

ആലപ്പുഴ: പകല്‍ സമയത്തെ വൈദ്യുതി നിരക്ക് കുറയ്ക്കുന്ന കാര്യം പരിഗണനയിലെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടി. കൂടുതല്‍ സോളാര്‍, ജല വൈദ്യുത പദ്ധതികള്‍ വഴി സംസ്ഥാനത്തെ വൈദ്യുതി ഉത്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും നിര്‍മാണം പൂര്‍ത്തിയാക്കിയ ചെങ്ങന്നൂര്‍ വൈദ്യുതി ഭവന്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് മന്ത്രി പറഞ്ഞു. ചുരുങ്ങിയ ചെലവില്‍ കേരളത്തില്‍ തന്നെ വൈദ്യുതി ഉത്പാദിപ്പിക്കുകയും അതുവഴി അധിക പണത്തിനു വൈദ്യുതി വാങ്ങുന്ന സ്ഥിതി ഒഴിവാക്കാനാവുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തുടനീളം തടസ്സമില്ലാത്ത വൈദ്യുതി പ്രവാഹം ലഭ്യമാക്കാനാണ് ശ്രമിക്കുന്നത്. അതുവഴി കൂടുതല്‍ വ്യവസായങ്ങള്‍ കേരളത്തിലേക്ക് എത്തിക്കാന്‍ കഴിയും. വൈദ്യുതി ജീവനക്കാര്‍ക്കുണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കാന്‍ സുരക്ഷിതമായ കവചിത കണ്ടക്ടറുകള്‍ സ്ഥാപിച്ചുവരികയാണ്. ഇടുക്കി ഡാമില്‍ നിന്നും 800 മെഗാവാട്ട് അധികമായി ഉത്പ്പാദിപ്പിക്കാനുള്ള പദ്ധതി കേന്ദ്ര അനുമതി ലഭ്യമായാല്‍ നടപ്പാക്കും. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്ന പള്ളിവാസല്‍, ശബരിഗിരി വൈദ്യുതി പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും മന്ത്രി വ്യക്തമാക്കി. ചടങ്ങില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രിയും ചെങ്ങന്നൂര്‍ എം.എല്‍.എ.യുമായ സജി ചെറിയാന്‍ അധ്യക്ഷത വഹിച്ചു. കൊടിക്കുന്നില്‍ സുരേഷ് എം.പി. മുഖ്യതിഥിയായി. ചീഫ് എന്‍ജിനീയര്‍ ജയിംസ് ജോര്‍ജ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. 28 സെന്റ് സ്ഥലത്ത് മൂന്ന് നിലകളില്‍ എണ്ണായിരം ചതുരശ്ര അടിയില്‍ നിര്‍മിച്ചിട്ടുളള പുതിയ വൈദ്യുതി ഭവനില്‍ ചെങ്ങന്നൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍, ഇലക്ട്രിക്കല്‍ സബ് ഡിവിഷന്‍, ഇലക്ട്രിക്കല്‍ ഡിവിഷന്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കും. സജി ചെറിയാന്‍ എം.എല്‍.എ.യുടെ ആസ്തി വികസനഫണ്ടില്‍ ഒരു കോടി രൂപയും ബോര്‍ഡു ഫണ്ടും ഉള്‍പ്പെടെ രണ്ടു കോടി എഴുപത് ലക്ഷം ചിലവഴിച്ചാണ് കെട്ടിട സമുച്ചയം നിര്‍മാണം പൂര്‍ത്തിയാക്കിയത്.
പണം അടയ്ക്കാനായി എത്തുന്ന ഉഭോക്താക്കള്‍ക്ക് കാത്തിരുപ്പ് മുറി, വനിത ജീവനക്കാര്‍ക്ക് പ്രത്യേക വിശ്രമമുറി, ലിഫ്റ്റ് സംവിധാനം, പാര്‍ക്കിംഗ് സൗകര്യം, സ്റ്റോര്‍ സൗകര്യം, ഫീല്‍ഡ് ജീവനക്കാര്‍ക്കുള്ള വിശ്രമമുറി എന്നിവ പുതിയ കെട്ടിടത്തില്‍ പ്രത്യേകം ഒരുക്കിയിട്ടുണ്ട്. 50 പേര്‍ക്ക് ഇരിക്കാവുന്ന കോണ്‍ഫറന്‍സ് ഹാളും സജ്ജീകരിച്ചിട്ടുണ്ട്. പ്രകൃതി സൗഹൃദ നിര്‍മാണത്തിന്റെ ഭാഗമായി 10 കിലോവാട്ട് സ്ഥാപിത ശേഷിയുള്ള സൗരോര്‍ജ പാനലുകള്‍ മേല്‍ക്കൂരയില്‍ സ്ഥാപിക്കും.
ചെങ്ങന്നൂര്‍ നഗരസഭ ചെയര്‍മാന്‍ ഗോപു പുത്തന്‍ മഠത്തില്‍, ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെബിന്‍ പി. വര്‍ഗീസ്, നഗരസഭാ അംഗം അശോക് പടിപ്പുരയ്ക്കല്‍, കെ.എസ്.ഇ.ബി. ഡയറക്ടര്‍ സി.സുരേഷ് കുമാര്‍ കെ.എസ്.ഇ.ബി. സ്വതന്ത്ര ഡയറക്ടര്‍ വി. മുരുകദാസ്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles