പെരുമ്പാവൂർ : പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ എൻ.എച്ച്.എം ആർദ്രം പദ്ധതി പ്രകാരം ആരംഭിച്ച ഒന്നാം നിലയുടെ നവീകരണം ഫെബ്രുവരി 15 നകം പൂർത്തിയാകുമെന്ന് എൽദോസ് കുന്നപ്പിള്ളി എം എൽ എ അറിയിച്ചു. മൂന്നു കോടി രൂപാ ചെലവിൽ നിർമിക്കുന്ന ഇരുനില മന്ദിരത്തിന്റെ ആദ്യഘട്ടമാണ് പൂർത്തീയാകുന്നത്.
1.40 കോടി രൂപ ചെലവിൽ നിർമിച്ചിരിക്കുന്ന ഒന്നാം നിലയിൽ ഒ.പി, കാഷ്വാലിറ്റി, ലബോറട്ടറി, എന്നിവ പ്രവർത്തിപ്പിക്കുന്നതിനാണ് പദ്ധതി.
മുകളിലത്തെ നിലയിൽ നിലവിൽ ഓഫീസ്, സുപ്രണ്ടിന്റെ ഓഫീസ്, നഴ്‌സിംഗ് സൂപ്രണ്ട് ഓഫീസ്, പി.പി യുണിറ്റ്, മെഡിക്കൽ റെക്കോർഡ് ലൈബ്രറി, കോൺഫറൻസ് ഹാൾ, സ്‌പെഷ്യാലിറ്റി ഒപി എന്നിവയാണ് പ്രവർത്തിച്ചുവരുന്നത്.
ആശുപത്രി വികസനം സംബന്ധിച്ച് മാസ്റ്റർ പ്ലാൻ തയ്യാറാക്കി നൽകിയിട്ടുണ്ടെന്നും എം.എൽ.എ വിശദീകരിച്ചു. താലൂക്ക് ആശുപത്രിയിൽ എം എൽ എ യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പെരുമ്പാവൂർ നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.കെ രാമകൃഷ്ണൻ, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ഷാനി എം.എം, എൻ .ആർ .എച്ച് .എം എൻജിനീയർമാർ, എച്ച് എം. സി അംഗങ്ങൾ, ജോർജ്ജ് കിഴക്കുമശ്ശേരി, പദ്ധതി നിർവ്വഹണ ഏജൻസിയായ വാപ്‌കോസ് പ്രതിനിധികളും സംബന്ധിച്ചു.