ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ നിയമനടപടിക്ക്
പാലക്കാട്.മലമ്പുഴ പഞ്ചായത്തില്‍ ലൈഫ് പദ്ധതിയില്‍ വീട് വെച്ചവര്‍ക്ക് വീട്ട് നമ്പര്‍ അധികൃതര്‍ വിമുഖത കാട്ടുന്നതായി വിവിധ സംഘടനാ നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മൂന്നാം വാര്‍ഡില്‍ 64 ഓളം കുടുംബങ്ങളും രണ്ടാം വാര്‍ഡില്‍ 30 ഓളം കുടുംബങ്ങളും വീട്ട് നമ്പര്‍ ലഭിക്കാത്തത് മൂലം ജീവിതം അനിശ്ചിതത്വത്തിലായിരിക്കുന്നത്. ആദിവാസി, ദലിത് വിഭാഗത്തില്‍പ്പെട്ട ഇവര്‍ക്ക് വീട്ട് നമ്പറില്ലാത്തതിന്റെ പേരില്‍ വായ്പ അടക്കം ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെട്ടിരിക്കുകയാണ്. പഞ്ചായത്ത് ലൈഫ് പദ്ധതി പ്രകാരം നിര്‍മിച്ച ഈ വീടുകള്‍ക്ക് ജലസേചന വകുപ്പിന്റെ എന്‍. ഒ. സി. ലഭിക്കാത്തതാണ് നമ്പര്‍ നല്‍കുന്നതില്‍ തടസ്സമെന്നാണ് അധികൃതരുടെ വാദം. ജലസേചന വകുപ്പിന്റെ 300 അടി ചുറ്റളവില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് എന്‍. ഒ. സി. നല്‍കിയില്ലെന്നും നിയമുള്ളത് കൊണ്ടാണ് വീടുകളില്‍ നമ്പര്‍ കൊടുക്കുന്നതിന് തടസ്സമെന്നും പഞ്ചായത്ത് അധികൃതര്‍ വ്യക്തമാക്കുന്നു. ഇതിന് പുറമെ ജില്ലു ദുരന്താനിവാരണ അതോറിറ്റി മൂന്ന് വര്‍ഷം മുമ്പ് മലമ്പുഴ അണക്കെട്ട് സ്ഥിതി ചെയ്യുന്നതിനാലും ഉരുള്‍ പൊട്ടല്‍ സാധ്യത കണക്കിലെടുത്തും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നിഷേധിച്ചിട്ടുണ്ട്. ദലിത്, ആദിവാസി കുടുംബങ്ങള്‍ക്ക് വീടുകളില്‍ നമ്പര്‍ നല്‍കുന്നതിന് തടസ്സവാദം നില്‍ക്കുന്ന ജില്ലാ ഭരണകൂടവും പഞ്ചായത്തും ജലസേചന വകുപ്പും സ്വകാര്യ വ്യക്തിക്ക് റിസോര്‍ട്ട് നിര്‍മിക്കുന്നതിന് ഇതെല്ലാം മറി കടന്ന് അനുമതി നല്‍കിയിരിക്കുകയാണ്. ഉത്തരവ് മറി കടന്ന് നിര്‍മിച്ച റിസോര്‍ട്ട് പൊളിച്ച് മാറ്റാന്‍ നടപടി സ്വീകരിക്കാത്തപക്ഷം നിയമനടപടി സ്വീകരിക്കുമെന്നും നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി. വാര്‍ത്താസമ്മേളനത്തില്‍ സേവ് മലമ്പുഴ ചെയര്‍മാന്‍ റെയ്മണ്ട് ആന്റണി, ദേശീയ കര്‍ഷക സംരക്ഷണസമിതി പാണ്ടിയോട് പ്രഭാകരന്‍, പാലക്കാട്കര്‍ഷക മുന്നേറ്റം സെക്രട്ടറിസജീഷ് കുത്തനൂര്‍, ബാലചന്ദ്രന്‍ കുത്തനൂര്‍എന്നിവര്‍ പങ്കെടുത്തു.