തിരുവനന്തപുരം: പക്ഷിപ്പനി സ്ഥിരീകരിച്ച ചിറയിൻകീഴ് അഴൂരിൽ പ്രദേശങ്ങളിൽ കനത്ത നിയന്ത്രണം. നാളെ മുതൽ പക്ഷികളെ കൊന്നുതുടങ്ങും. പഞ്ചായത്തിലെ ഏഴ് വാർഡുകളിലാണ് ആദ്യ പ്രതിരോധ നടപടി.
അഴൂർ പഞ്ചായത്തിലെ പെരുങ്ങുഴി ജങ്ഷനിലുള്ള ഫാമിൽ ഇരുന്നൂറോളം താറാവുകൾ കൂട്ടത്തോടെ ചത്തത് പക്ഷിപ്പനിയാണെന്നാണ് കണ്ടെത്തൽ.
അഴൂർ പഞ്ചായത്തിന്റെ ഒമ്പത് കി.മീ ചുറ്റളവിലുള്ള മേഖലയിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. താറാവുകൾ കൂട്ടത്തോടെ ചത്ത ഫാം സ്ഥിതിചെയ്യുന്ന 15-ാം വാർഡിലും 17, 16, 14 , 12, 18 വാർഡുകളിലുമുള്ള കോഴി, താറാവ് ഉൾപ്പെടെ വളർത്തു പക്ഷികളെ മുഴുവൻ കൊന്നൊടുക്കാനാണ് തീരുമാനം.
ഇവിടെ മുട്ട, ഇറച്ചി, കാഷ്ഠം എന്നിവ തീയിട്ട് നശിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. കൂടാതെ തിരുവനന്തപുരം കോർപ്പറേഷനിൽ ഉൾപ്പെട്ട കഴക്കൂട്ടം മേഖലയിലെ വാർഡ് ഒന്ന്, ആറ്റിൻ കുഴി പ്രദേശം തുടങ്ങിയ മേഖലകളിൽ കോഴി, താറാവ് എന്നിവയുടെ വിൽപനയും ഇറച്ചി വിൽപനയും നിരോധിച്ചു.