ഗോവ ഗവർണറായ അഡ്വ. പി.എസ്ശ്രീധരൻപിള്ളയെ മുഖ്യാതിഥിയായി മുജാഹിദ് സമ്മേളനത്തിലേക്ക് ക്ഷണിച്ചതിന്റെ വിവാദം കെട്ടടങ്ങും മുമ്പ് ചന്ദ്രിക ചീഫ് എഡിറ്റർ കമാൽവരദൂറിന് പുരസ്‌കാരം സമ്മാനിക്കാൻ ശ്രീധരൻപിള്ളയെ ക്ഷണിച്ചതിൽ മുസ്ലിം ലീഗിലും ഭിന്നത. പ്രമുഖ മാധ്യമ പ്രവർത്തകനും ചന്ദ്രികയുടെ മുൻ സഹ പത്രാധിപരുമായിരുന്ന കെ.പി. കുഞ്ഞിമൂസയുടെ പേരിലുള്ള അവാർഡാണ് വരുന്ന ഏഴിന് തലശ്ശേരിയിൽവച്ച് കമൽവരദൂറിന് അഡ്വ.ശ്രീധരൻപിള്ള സമ്മാനിക്കുന്നത്.
പുരസ്‌കാരം ലഭിച്ചതിൽ സന്തോഷം അറിയിച്ചുകൊണ്ട് കമാൽവരദൂർ തന്റെ ഫേസ്ബുക്ക് പേജിൽ ക്ഷണക്കത്തിന്റെ ചിത്രത്തൊടൊപ്പം കുറിച്ച വാക്കുകളാണ് മുസ്ലിം ലീഗ് പ്രവർത്തകരിൽ രോഷം സൃഷ്ടിച്ചിരിക്കുന്നത്.
‘ഗുരുവിന്റെ നാമധേയത്തിലുള്ള
പുരസ്‌ക്കാരം
സമ്മാനിക്കുന്നത് ഗുരുവിനോളം
സ്നേഹിക്കുന്ന വ്യക്തിത്വം
വേദിയാവുന്നത് ചന്ദ്രിക
പിറവിയെടുത്ത മണ്ണ്
അതിരുകളില്ലാത്ത സന്തോഷം’ ഇങ്ങനെയാണ് കമാൽവരദൂർ ഫേസ്ബുക്കിൽകുറിച്ചത്. ഇതിനെതിരെ കമന്റ് ബോക്‌സിൽ മുസ്ലിം ലീഗ് പ്രവർത്തകരുടെയും അനുഭാവികളുടെയും മറ്റും രൂക്ഷമായ വിമർശനമാണ് ഉയർന്നിരിക്കുന്നത്.
ബഷീർ ഫൈസി ദേശമംഗലം
സാഹിബെ
നിങ്ങൾ ആരുടെ കയ്യിൽ നിന്നെങ്കിലും അവർഡ് വാങ്ങിക്കോളൂ
പക്ഷെ
മലയാളം കണ്ട മഹാനായ ഒരു പത്രപ്രവർത്തകനെ
പക്കാ ബിജെപി ക്കാരന്റെ കൂടെ സ്‌നേഹം ചേർത്തി പറഞ്ഞത്
മിനിമം പറഞ്ഞാൽ ഗുരുനിന്ദയാണ്.
കാരണം തിരിച്ചു വായിച്ചാൽ കെപി
എന്ന വ്യക്തിത്വ ഒരു ബിജെപി നിലവാരത്തിലേക്കു താഴെണ്ടി വരും
താഴ്ത്തി എന്ന് ചുരുക്കം..
അബ്ദുൽകരിം കെ.എം.
ചന്ദ്രിക ഇന്നനുഭവിക്കുന്ന ഒട്ടേറെ ദുരന്തങ്ങളിൽ ഒന്ന്.
നിഷാൻ പരപ്പനങ്ങാടി
ഗുരുവാകുമ്പോൾ ചിലപ്പോൾ ശിഷ്യരുടെ നന്മക്ക് വേണ്ടി അവരെ തല്ലും. വേണ്ടിവന്നാൽ കൊല്ലും. ചിലനേരത്ത് പച്ചക്ക് കത്തിക്കും
ഹസ്സൻ കെവികെ
ഗുരുവിനോളം ബഹുമാനം ശ്രീധരൻ പിള്ളക്ക് കൊടുക്കുന്ന ചന്ദ്രിക പത്രാധിപരേ താങ്കൾക്ക്
നല്ല നമസ്‌ക്കാരം.
ചന്ദിക കെട്ടിപടുത്ത പൂർവ സൂരികളായ നേതാക്കളേ നിങ്ങളോട് മാപ്പ്
എന്റെ മുത്ത് സി എച്ച് ഇരുന്ന കസേര
മലിന മാക്കിയല്ലോ
എം.വി. കുഞ്ഞാമ്മദ് നരിക്കാട്ടേരി
ശ്രീധരൻ പിള്ള താരമാകുകയാണല്ലോ
മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, സാദിഖലി തങ്ങൾ, ശശി തരൂർ ഇവരെയൊക്കെ ഒഴിവാക്കി ഗോവ ഗവർണറെ തന്നെ വിളിക്കാൻ കാരണം എന്തായിരിക്കും
റിയാസ് ടി.അലി
ജീവിതകാലം മുഴുവൻ നന്മയ്ക്കു വേണ്ടി, തിന്മയ്‌ക്കെതിരെ പറഞ്ഞ, എഴുതിയ പ്രിയപ്പെട്ട കുഞ്ഞിമ്മൂസ സാഹിബിന്റെ പേരിൽ അരുതായിരുന്നു!
മുഹമ്മദ് സുഹൈൽ
‘ആർ.എസ്.എസ് നേതാവിൽ നിന്ന് ഗുരു തുല്യ സ്‌നേഹം പറ്റുന്ന ചന്ദ്രിക പത്രാധിപർ.
ചന്ദ്രികയെ ബഹറിൽ മുക്കി അവിടെ മുസല്ലയിടുമോ താങ്കൾ
നാണക്കേടിനൊരു പര്യായമായി’
ഇങ്ങനെ നിരവധി പ്രതികരണമാണ് കമന്റ് ബോക്‌സിലുള്ളത്. വിമർശകരിൽ ഭൂരിഭാഗവും മുസ്ലിം ലീഗിന്റെയും യൂത്ത് ലീഗിന്റെയും പ്രവർത്തകരും ഭാരവാഹികളുംവരെയുണ്ട്.
മുസ്ലിം ലീഗിന്റെ മുഖപത്രത്തിന്റെ ചീഫ് എഡിറ്ററാണ് ബി.ജെ.പി യുടെ സംസ്ഥാനത്തെ പ്രമുഖ നേതാവിൽനിന്ന് അവാർഡ് ഏറ്റുവാങ്ങുന്നതെന്നതിനോടൊപ്പം കെ.പി. കുഞ്ഞിമൂസ സ്മാരക പുരസ്‌കാര സമിതിയുടെ ജനറൽ കൺവീനർ കണ്ണൂർ ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ്, കേരള വഖഫ് ബോർഡിലെ മുസ്ലിം ലീഗ് അംഗവുമായ അഡ്വ. കെ.പി.സൈനുദ്ധീനാണ്. തലശ്ശേരിയിലെ പ്രമുഖ മുസ്ലിം ലീദ് നേതാവായിരുന്ന സികെപി ചെറിയ മമ്മുക്കേയിയുടെ മകൻകൂടിയാണ് പി.വി. സൈനുദ്ധീൻ. എഴുത്തുകാരനും വാണിയമ്പാടി ഇസ്‌ലാമിയ കോളജിൽനിന്ന് ഇംഗ്ലീഷ് വിഭാഗം മേധാവിയായി വിരമിച്ച പ്രഫ.എ.പി.സുബൈറാണ് ചെയർമാൻ.
ഇവരാണ് മത മൈത്രിയുടെയും സാഹോദര്യത്തിന്റെയും പ്രതീകമായിരുന്ന ഒരു പത്ര പ്രവർത്തകന്റെ പേരിലുള്ള അവാർഡ് നല്കാൻ സംഘ്പരിവാറിന്റെ പ്രമുഖ നേതാവിനെ ക്ഷണിച്ചിരിക്കുന്നത്.
കമാൽ വരദൂർ
കായിക മാധ്യമ പ്രവർത്തനരംഗത്ത് കാൽ നൂറ്റാണ്ടിന്റെ പ്രവർത്തനമികവുള്ള വ്യക്തിയാണ് കമാൽ വരദൂർ. ചന്ദ്രിക ചീഫ് ന്യൂസ് എഡിറ്ററായ കമാൽ മൂന്ന് ഒളിമ്പിക്സുകളും നാല് ഫിഫ ക്ലബ്ബ് ലോകകപ്പും കോമൺ വെൽത്ത് ഗെയിംസും അറബ് ഗെയിംസും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ബി.ബി.സിയുടെ ഇന്ത്യൻ സ്പോർട്സ് ജൂറി അംഗമാണ്. പന്ത്രണ്ടോളം രാജ്യാന്തര പുരസ്‌കാരങ്ങളും മുപ്പതോളം മറ്റ് അവാർഡുകളും നേടിയിട്ടുള്ള കമ്ാൽവരദൂർ ഇന്ന് ചന്ദ്രികയുടെ പ്രധാന മുഖമാണ്. ഫേസ്ബുക്കിലൂടെ സാമൂഹ്യ പ്രശ്‌നങ്ങളിൽ നിരന്തം അഭിപ്രായം പങ്കുവയ്ക്കുന്ന അദ്ദേഹത്തിനു അമ്പതിനായിരത്തിലേറെ ഫോളോവേഴ്‌സ് ഉണ്ട്..
കെ.പി. കുഞ്ഞിമൂസ
തലശ്ശേരിയിലെ പൂന്നോൽ സ്വദേശിയായിരുന്ന കെ.പി. കുഞ്ഞിമൂസ
പത്രപ്രവർത്തകൻ, ഗ്രന്ഥകാരൻ, പ്രഭാഷകൻ, ഹാസ്യ സാഹിത്യകാരൻ, കോളമിസ്റ്റ്, സംഘാടകൻ. എന്നീ നിലകളിൽ പ്രശസ്തനായിരുന്നു.
1966-ൽ ചന്ദ്രിക ദിനപത്രത്തിൽ സഹപത്രാധിപരായിരുന്നു.
1975-മുതൽ ഒരു പതിറ്റാണ്ട് ലീഗ് ടൈംസിൽ ന്യൂസ് എഡിറ്റർ.
1986-ൽ വീക്ക്‌ലി എഡിറ്റർ ഇൻ-ചാർജ്ജായി വീണ്ടും ചന്ദ്രികയിൽ പ്രവർത്തിച്ചു.
1996-ൽ വിരമിച്ചു. കാലിക്കറ്റ് പ്രസ് ക്ലബ്ബ് പ്രസിഡൻറ്റ്, കേരള പ്രസ് അക്കാദമി എക്‌സിക്യൂട്ടീവ് മെമ്പർ, ഐ.എഫ്.ഡബ്ലിയു.ജെ നാഷണൽ കൗൺസിൽ മെമ്പർ, പ്രസ് അക്രഡിറ്റേഷൻ കമ്മിറ്റി മെമ്പർ, സിനിയർ ജേർണലിസ്റ്റ് ഫോറം സ്ഥാപക സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചു.
വഴികാട്ടികൾ, മധുരിക്കും ഓർമ്മകൾ, അഞ്ച് ലീഗ് നേതാക്കൾ, കല്ലായിപ്പുഴ മുതൽ ബ്രഹ്‌മപുത്രവരെ ഓർമ്മയുടെ ഓളങ്ങളിൽ, ആശുപത്രി ഫലിതങ്ങൾ, പത്ര ഫലിതങ്ങൾ, ഈത്തപ്പഴത്തിൻറ്റെ നാട്ടിലൂടെ, പുണ്യങ്ങളുടെ പൂക്കാലം, വ്രതകാല കഥകൾ, പരിചിതമുഖങ്ങൾ, സി.എച്ച്. ഫലിതങ്ങൾ, മൊയ്തു മൗലവി, ഒരു പത്രപ്രവർത്തകൻറ്റെ തീർത്ഥാടന സ്മൃതികൾ, സതിപഥങ്ങളിലെ ശിഹാബ് തങ്ങൾ, കോട്ടാൽ ഉപ്പി സാഹിബ്, കേരളത്തിൻറ്റെ സ്‌നേഹതേജസ്. എന്നി പുസ്തകങ്ങളുടെ രചയിതാവാണ്. 2019 ഏപ്രിൽ 14ന് ആണ് കെ.പി. കുഞ്ഞിമൂസ മരണപ്പെട്ടത്.