Saturday, November 2, 2024

Top 5 This Week

Related Posts

താമരശ്ശേരി ചുരം അപകടാവസ്ഥയിലേക്ക് ; ഗതാഗത കുരുക്ക് പതിവാകുന്നു


ഉസ്മാൻ അഞ്ചുകുന്ന്
കൽപ്പറ്റ : താമരശ്ശേരി ചുരത്തിലെ ദിനം പ്രതി വർധിച്ചു വരുന്ന ഗതാഗത തടസ്സം മനുഷ്യ ജീവനുകൾ വരെ നഷ്ടമാകാൻ കാരണമാവുന്നു. ചുരത്തിലൂടെ യാത്ര ചെയ്താൽ വഴിയിൽ വെള്ളം പോലും കിട്ടാതെ മണിക്കൂറുകൾ കിടക്കേണ്ട ഗതികേടിലാണ് ജനം. കോഴിക്കോട് മെഡിക്കൽ കോളേജും വൻകിട ആശുപത്രികളും ലക്ഷ്യമിട്ട് വയനാട്ടിൽ നിന്നും വരുന്ന ആംബുലൻസുകൾ ഗതാഗത കുരുക്കിൽപ്പെട്ട് ജീവൻ നഷ്ടമാവുന്ന അപകടകരമായ അവസ്ഥയും നിത്യമാണ്. കഴിഞ്ഞ ദിവസം ഒരാൾ സമയത്തിന് ചികിത്സ കിട്ടാതെ ചുരത്തിൽ കുരുങ്ങി ജീവൻ നഷ്ടമായ സംഭവവും ഉണ്ടായി.

മണിക്കൂറുകളോളം ചുരത്തിൽ കുരുങ്ങി കിടക്കുന്ന അമിതഭാരമുള്ള വാഹനങ്ങളടക്കം ചുരത്തിനെ വലിയ അപകടങ്ങളിലേക്ക് കൊണ്ടെത്തിക്കുകയാണ്. നേരത്തെ ലക്കിടിയിൽ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നെങ്കിലും ഇപ്പോൾ അതില്ല. ടൺ കണക്കിന് ഭാരവുമായി ചുരമിറങ്ങുന്ന മാർബിൾ അടക്കമുള്ള ലോറികൾ ചുരത്തിന്റെ നാശത്തിന് വഴിയൊരുക്കുകയാണ്. വയനാട്ടുകാർക്ക് പുറം ലോകവുമായി ബന്ധപ്പെടാനുള്ള പ്രധാന ചുരമാണ് താമരശ്ശേരി ചുരം. 10 ടൺ ഭാരമുള്ള ലോറികൾക്ക് പകരം 50 ടൺ വരെ ഭാരമുള്ള ട്രക്കുകളാണ് ചുരമിറങ്ങുന്നത്. കൂടാതെ ഓരോ മണിക്കൂറിലും കല്ലും മണലുമായി നൂറുകണക്കിന് ടിപ്പറുകളാണ് ചുരത്തിന്റെ അന്ത്യം കുറിച്ച് കയറി വയനാട്ടിലേക്ക് വരുന്നത്.
ചുരത്തിന്റെ നിലനിൽപ്പിനെ 20 വർഷങ്ങൾക്ക് മുമ്പു തന്നെ വിദഗ്ധസംഘം ആശങ്കയറിയിച്ചിരുന്നു. തുടർന്നാണ് അന്ന് ഗതാഗത നിയന്ത്രണങ്ങളും അമിതഭാരമുള്ള വാഹനങ്ങളുമൊക്കെ നിയന്ത്രിച്ചിരുന്നത്. എന്നാൽ പിന്നീട് അധികൃതർ അത് കണ്ടില്ലെന്ന് നടിക്കുന്ന സമീപനമാണ് സ്വീകരിച്ചു പോന്നത്. ഇക്കാര്യത്തിൽ ബഹുമാനപ്പെട്ട വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഇടപെട്ട് ചുരത്തെയും വയനാട്ടുകാരെയും ഈ കുരുക്കിൽ നിന്നും രക്ഷപ്പെടുത്തണമെന്നാണ് വയനാട്ടുകാരുടെ ആവശ്യം.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles