ഗിരീഷ് ആനന്ദ്
ലോകമെങ്ങും സ്നേഹത്തിന്റെയും , സമാധാനത്തിന്റെയും സഹവർത്തിത്വത്തിന്റെയും പ്രതീകമായ ക്രിസ്തുമസ് ആഘോഷത്തിലാണ്. ഈ സന്തോഷ വേളയിൽ വിസ്മയ കാഴ്ചയായിരിക്കുകയാണ് മട്ടാഞ്ചേരിയിലെ ജീവമാതാ പള്ളി അങ്കണത്തിൽ സ്ഥാപിച്ച മാലാഖയുടെ കൂറ്റൻ ശില്പം. 65 അടി ഉയരത്തിൽ ഇരുമ്പുകമ്പികൾ, പോളിഫോം എന്നിവ ഉപയോഗിച്ച് കമനീയമായ രീതിയിലാണ് ശില്പത്തിന്റെ നിർമ്മാണം.
പ്രശസ്ത ചലച്ചിത്ര കലാ സംവിധായകൻ മിൽട്ടൺ തോമസിന്റെ നേതൃത്വത്തിൽ ഒരു മാസത്തിലേറെ നീണ്ടു നിന്ന കഠിനാധ്വാനത്തിന്റെ ശ്രമഫലമാണ് മാലാഖയുടെ ഈ മനോഹരരൂപം ! സജി കോടനാട്, അശോകൻ തേവലക്കര, മുകേഷ് തൃശൂർ തുടങ്ങിയവർ മിൽട്ടണൊപ്പം സഹായികളായി ശില്പ നിർമ്മാണത്തിന് പൂർണ്ണതയേകി.
കൊച്ചി, പെരുമ്പടപ്പ് സ്വദേശിയായ മിൽട്ടൺ തോമസ് 1989 ലാണ് വെങ്കിട്ടരാമന്റെയും നന്ദന്റെയും കീഴിൽ ചിത്രകല അഭ്യസിച്ച് തുടങ്ങുന്നത്. രാജീവ് നാഥ് സംവിധാനം ചെയ്ത ഹംസദൂത് എന്ന ടെലിവിഷൻ പരമ്പരയിലൂടെ കലാ സംവിധാനരംഗത്ത് തുടക്കം കുറിച്ച മിൽട്ടന്റെ സിനിമാ രംഗത്തെ ആദ്യ സംരംഭം, മമ്മി സെഞ്ച്വറി സംവിധാനം ചെയ്ത കൊമ്പൻ എന്ന ചിത്രമാണ്.
തുടർന്ന്, ശ്രീകുമാരൻ തമ്പിയുടെ അമ്മയ്ക്കൊരു താരാട്ട്, യശ:ശരീരനായ വി. മേനോന്റെ ഇഷ്ക് ഖയാമത്ത് , ടാർസൻ , ത്രിനേത്ര, സ്നേക്ക് ആന്റ് ലാഡർ കൂടാതെ, കപ്പൽ മുതലാളി, തെരുവു നക്ഷത്രങ്ങൾ, മായാപുരി, ദൃശ്യം (തെലുങ്ക്), തുടങ്ങി മലയാളത്തിലും ഹിന്ദിയിലും മറാഠിയിലുമായി ഇരുപത്തഞ്ചോളം ചലച്ചിത്രങ്ങൾക്കും അനവധി പരസ്യ ചിത്രങ്ങൾക്കും കലാ സംവിധാനം ഒരുക്കുകയുണ്ടായി. ബോളിവുഡിൽ വിനിൽ വാസുദേവ് സംവിധാനം ചെയ്യുന്ന ‘മെന്റർ, എന്ന പാൻ ഇന്ത്യൻ സിനിമയുടെ അണിയറ പ്രവർത്തനങ്ങളിൽ വ്യാപൃതനായിരിക്കുന്ന മിൽട്ടന്റെ റിലീസ് ചെയ്യാനിരിക്കുന്ന പുതിയ മലയാള ചിത്രം റഹിം ഖാദറിന്റെ ‘വനിത’ യാണ്.
മിൽട്ടൺ പൂർണ്ണമായും തെർമോക്കോളിൽ നിർമ്മിച്ച ‘ഉലകം ചുറ്റുന്ന കപ്പൽ , എന്ന ശില്പത്തിന് കൊച്ചി നേവൽ അവാർഡ് ലഭിച്ചിട്ടുണ്ട്. ഏറെ ശ്രദ്ധേയമായ മറ്റൊരു സൃഷ്ടിയായിരുന്നു ‘ഗാന്ധി പ്രതിമ .
അതുപോലെ മൂന്നു വർഷം മുമ്പ് , അരൂർ ആരാച്ചുപുരം പള്ളിയിൽ 72 സെന്റ് സ്ഥലത്ത്, ഗംഭീരമായി അണിയിച്ചൊരുക്കിയ ‘ബെത് ലഹേം സിറ്റി, മിൽട്ടന്റെ ശില്പ നിർമ്മാണ വൈദഗ്ധ്യം വിളിച്ചോതുന്ന മറ്റൊരു സൃഷ്ടിയായിരുന്നു. അതിനു ശേഷമുള്ള കലാ സംരംഭമാണ് ജനശ്രദ്ധ ആകർഷിച്ചുകൊണ്ടിരിക്കുന്ന ജീവമാതാ പള്ളി അങ്കണത്തിലെ ഈ മാലാഖ !
വികാരി മോൺ. ആന്റണി തച്ചാറ, ഫാ. പ്രസാദ് കണ്ടത്തി പറമ്പിൽ , ജോസഫ് പ്രവീൺ, പെക്സൺ സെബാസ്റ്റ്യൻ എന്നിവരുടെ മേൽനോട്ടവും , ഇടവക ജനങ്ങളുടെ അകമഴിഞ്ഞ സഹകരണവുമാണ് ഈ കലാസൃഷ്ടിയ്ക്ക് പ്രചോദനമായത്.
കൊച്ചി രൂപതയിലെ ആദ്യത്തേതും അനവധി ചരിത്ര സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുള്ളതുമായ മട്ടാഞ്ചേരി ജീവമാതാ പള്ളിയിലേക്ക് ദിനംപ്രതി നൂറു കണക്കിന് ആളുകളാണ് ഇപ്പോൾ വന്നെത്തുന്നത്. ശില്പചാരുത ആസ്വദിച്ചും, സെൽഫിയെടുത്തും സന്ദർശകർ ഈ ക്രിസ്തുമസ് – നവവത്സരം ആഘോഷമാക്കുകയാണ്. മുമ്പ് ,
2019 ൽ 55 അടി ഉയരമുള്ള ഭീമൻ നക്ഷത്രവും, 2021 ൽ നക്ഷത്ര പന്തലും നിർമ്മിച്ച് ഇടവക, വാർത്തകളിൽ ഇടം പിടിച്ചിരുന്നു.
‘ അത്യുന്നതങ്ങളിൽ ദൈവത്തിന് മഹത്വം, ഭൂമിയിൽ സന്മനസ്സുള്ളവർക്ക് സമാധാനം, എന്ന സന്ദേശം ജാതി മത ഭേദമന്യേ ജനഹൃദയങ്ങളിലെത്തിക്കുവാൻ ഇത്തരം കലാസൃഷ്ടികൾ തീർച്ചയായും ഉപകാരപ്രദമാവും !