Friday, November 1, 2024

Top 5 This Week

Related Posts

കരിങ്കാലി

പ്രസിദ്ധ ഇറ്റാലിയൻ പത്രപ്രവർത്തകനും കഥാകൃത്തും ആയിരുന്ന ഇറ്റാലോ കാൽവിനോയുടെ (Italo Calvino, 15 October 1923 – 19 September 1985) BLACK SHEEP എന്ന പ്രസിദ്ധ കഥയുടെ മലയാള പരിഭാഷ

വിവർത്തകൻ : രവീന്ദ്രൻ മൂവാറ്റുപുഴ

സ്ഥലവാസികളായ എല്ലാവരും കള്ളന്മാരായിരുന്ന ഒരു നാടുണ്ടായിരുന്നു. രാത്രിയാകുമ്പോൾ സകലരും കള്ളത്താക്കോലും പാതിമറച്ച റാന്തലുകളുമായി അയൽക്കാരന്റെ വീടു കൊള്ളയടിക്കുവാനിറങ്ങും. കവർച്ച മുതലുമായി പുലർച്ചയ്ക്കു മടങ്ങി വരുമ്പോൾ സ്വന്തം വീടുകൾ കൊള്ളയടിക്കപ്പെട്ടതായി അവർ കാണുകയും ചെയ്യും.
അതിനാൽ അന്നാട്ടിൽ എല്ലാവരും സന്തോഷവാന്മാരായിരുന്നു; എന്തെന്നാൽ ഒരുവൻ മറ്റൊരാളുടെ മുതൽ മോഷ്ടിക്കുമ്പോൾ, മോഷണ വിധേയനായ ഈ മറ്റൊരാൾ വേറൊരാളുടെ മുതൽ മോഷ്ടിക്കുന്നു, ഈ പരമ്പര തുടര്ന്ന് ഒടുവിലത്തെയാളിന്റെ അടുത്തെത്തുമ്പോൾ അയാൾ ആദ്യത്തെയാളിന്റെ വീട്ടിൽ കക്കാൻ കയറുകയാണ്. ആ രാജ്യത്തെ വ്യാപാരമെന്നത് വാങ്ങുന്നവനും വിൽക്കുന്നവനും പരസ്പരം പറ്റിക്കുന്ന തരത്തിലുള്ളതായിരുന്നു. സ്വന്തം ജനങ്ങളെ കൊള്ളയടിക്കാനുള്ള ഒരു ക്രിമിനൽ സംവിധാനമായിരുന്നു അന്നാട്ടിലെ സർക്കാർ; ജനങ്ങളാവട്ടെ എങ്ങനേയും സർക്കാരിനെ പറ്റിക്കുവാൻ കിണഞ്ഞു ശ്രമിക്കുകയും ചെയ്തുപോന്നു. അങ്ങനെ അന്നാട്ടിൽ ജീവിതം സുന്ദരമായി മുന്നോട്ടു പോയിരുന്നു, ആരും സമ്പന്നരായിരുന്നില്ല, ആരും ദരിദ്രരും ആയിരുന്നില്ല.

ഒരു നാൾ, എങ്ങനേയോ അത് സംഭവിച്ചു, സത്യസന്ധനായ ഒരു മനുഷ്യൻ അന്നാട്ടിൽ താമസത്തിനെത്തി. മറ്റുള്ളവരെപ്പോലെ രാത്രിയിൽ ചാക്കും റാന്തലുമെടുത്ത് കക്കുവാൻ പുറത്തു പോകുന്നതിനു പകരം അയാൾ നോവലുകൾ വായിച്ചുകൊണ്ട്, സിഗരറ്റ് പുകച്ചുകൊണ്ട് വീട്ടിൽ തന്നെ കുത്തിയിരുന്നു.
കള്ളന്മാർ വന്നപ്പോൾ വീട്ടിനുള്ളിൽ വെളിച്ചം കണ്ട് അവിടെ കയറാതെ മടങ്ങി. ഇത് കുറച്ച് നാൾ തുടര്ന്നപ്പോൾ അന്നാട്ടിലെ കാര്യങ്ങൾ അയാൾക്കു വിശദീകരിച്ചു കൊടുക്കുവാൻ നാട്ടുകാർ നിബന്ധിതരായി; ”ഒന്നും ചെയ്യാതെ ജീവിക്കാനാണ് നിങ്ങൾക്കാഗ്രഹമെങ്കിൽ അങ്ങനെയായിക്കോളു, പക്ഷേ മറ്റുള്ളവർ അവരുടെ തൊഴിൽ ചെയ്യുന്നതിന് തടസ്സമുണ്ടാക്കരുത്. അയാൾ വീട്ടിൽ തന്നെയിരിക്കുന്ന ഓരോ രാത്രിയുടെയും അര്ത്ഥം അടുത്ത നാൾ ഒരു കുടുംബം പട്ടിണിയായിരിക്കുമെന്നാണ്.”

യുക്തിപൂർവ്വമായ ആ വാദത്തെ എതിര്ക്കുവാൻ സത്യസന്ധനായ ആ മനുഷ്യനു കഴിയുമായിരുന്നില്ല. അങ്ങനെ അന്നുമുതൽ അയാളും മറ്റുള്ളവരെപ്പോലെ വൈകിട്ട് സ്വന്തം വീട്ടിൽ നിന്നിറങ്ങിപ്പോകുന്നതും പിറ്റേന്നു പുലര്‌ച്ചെ മടങ്ങി വരുന്നതും ഒരു ശീലമാക്കി; എന്നാൽ അയാൾ മോഷ്ടിച്ചില്ല. അയാൾ സത്യസന്ധനായ ഒരു മനുഷ്യനാണ്; അയാളെ ഒരു മോഷ്ടാവാക്കാൻ നിങ്ങള്ക്ക് കഴിയില്ല. രാത്രികളിൽ അയാൾ പാലം വരെ പോയി പുഴയൊഴുകുന്നതും നോക്കിനിൽക്കും. രാവിലെ തിരികെ വീട്ടിലെത്തുമ്പോൾ തന്റെ സാധനങ്ങൾ കൊള്ളയടിക്കപ്പെട്ടതായി കാണുകയും ചെയ്യും.
ഒരാഴ്ചക്കുള്ളിൽ, സത്യസന്ധൻ പാപ്പരായി; കഴിക്കാന്നൊന്നുമില്ല, വീടു ശൂന്യവുമായി. അയാളുടെ മാത്രം പെരുമാറ്റ ദൂഷ്യം കൊണ്ടാണ് അയാൾ ദരിദ്രനായത് എന്നതിനാൽ അതൊരു പ്രശ്‌നം ആണെന്ന് പറയുവാനാകില്ല; എന്നാൽ അയാളുടെ ഈ പെരുമാറ്റം കൊണ്ട് ആ നാടിന്റെ സന്തുലനാവസ്ഥ തന്നെ തകിടം മറിഞ്ഞു എന്നതാണ് യഥാർത്ഥത്തിൽ പ്രശ്‌നമായത്. എന്തെന്നാൽ സ്വയം മോഷ്ടിക്കാതെ തന്റെ വീടു മറ്റുള്ളവർക്കു മോഷണത്തിനു വിട്ടുകൊടുക്കുന്നതു കാരണം കാലത്തു വീട്ടിലെത്തുന്ന ആരെങ്കിലും ഒരാൾ കാണുന്നത് തന്റെ വീട്ടിൽ കള്ളൻ കയറിയിട്ടില്ലെന്നാണ്: ഇയാൾ മോഷ്ടിക്കേണ്ടിയിരുന്ന വീടാണത്. എന്തായാലും ഇങ്ങനെ കുറേക്കാലം കഴിഞ്ഞപ്പോൾ കള്ളൻ കയറാത്ത വീട്ടുകാർ തങ്ങൾ മറ്റുള്ളവരെക്കാൾ സമ്പന്നരാണെന്ന് മനസിലാക്കിയപ്പോൾ മോഷ്ടിക്കുവാൻ പോകുവാനുള്ള അവരുടെ താത്പര്യം ഇല്ലാതായി. അതും പോകട്ടെ, സത്യസന്ധന്റെ വീട്ടിൽ മോഷ്ടിക്കാൻ കയറുന്നവർക്ക് ശൂന്യമായ ആ വീട്ടിൽ നിന്ന് ഒന്നും കിട്ടാതിരുന്നത് കാര്യങ്ങൾ കൂടുതൽ വഷളാക്കി. അങ്ങനെ അവർ ദരിദ്രരുമായി.

ഇതിനിടയിൽ, സമ്പന്നരായവർ സത്യസന്ധന്റെ മാതൃക പിന്തുടർന്ന് രാത്രിയിൽ പാലത്തിനടുത്തു ചെന്ന് താഴെ പുഴയൊഴുകുന്നതും നോക്കി നിൽക്കുക ശീലവുമാക്കി. അതോടെ പ്രശ്‌നം കൂടുതൽ വഷളാക്കി; കൂടുതൽ പേർ സമ്പന്നരാകുകയും കൂടുതൽ പേർ ദരിദ്രരാകുകയും ചെയ്യുകയാണല്ലോ അത് മൂലം സംഭവിക്കുക.
എന്നും രാത്രിയിൽ പുഴ കാണുവാൻ പോവുകയാണെങ്കിൽ അധികം വൈകാതെ തങ്ങളും ദരിദ്രരായി മാറുമെന്ന് സമ്പന്നർക്കു ബോധ്യമായി. അവർ ആലോചിച്ചു: ‘നമുക്കു വേണ്ടി കൊള്ളയടിക്കുവാൻ ചില ദരിദ്രരെ ഏർപ്പാടാക്കിയേക്കാം.’ അതിനായി അവർ കരാറുകളുണ്ടാക്കി, ശമ്പളവും കൊള്ളയുടെ വിഹിതങ്ങളും നിശ്ചയിച്ചു. അപ്പോഴും അവർ കള്ളന്മാരായിരുന്നുവെന്നതും പരസ്പരം കബളിപ്പിക്കാൻ അവർ ശ്രമിച്ചിരുന്നു എന്നതും സത്യം തന്നെ. എന്നാൽ അത് സംഭവിക്കുക തന്നെ ചെയ്തു, സമ്പന്നർ കൂടുതൽ സമ്പന്നർ ആകാൻ തുടങ്ങി, ദരിദ്രർ കൂടുതൽ ദരിദ്രരും.
ഇനിയൊരിക്കളും മോഷ്ടിക്കാൻ പോകേണ്ട ആവശ്യമില്ല എന്ന അവസ്ഥയോളം ഈ സമ്പന്നരിൽ ചിലർ അതി സമ്പന്നരായി, തങ്ങൾക്കു വേണ്ടി കക്കാൻ പോകാൻ ആരെയെങ്കിലും ഏർപ്പെടുത്തേണ്ട ആവശ്യവുമില്ല. പക്ഷേ മോഷണം നിർത്തിയാൽ അവർ ദരിദ്രരാകും, കാരണം ദരിദ്രർ അവരുടെ മുതൽ മോഷ്ടിക്കുന്നുണ്ടല്ലോ. അങ്ങനെ ദരിദ്രരിൽ നിന്നും തങ്ങളുടെ മുതലുകൾ കാത്തുസൂക്ഷിക്കുന്നതിനായി അവർ ഏറ്റവും ദരിദ്രരായവരെ ശമ്പളം കൊടുത്തു നിയമിച്ചു; അതിനർത്ഥം പോലീസും ജയിലും സ്ഥാപിതമായി എന്നുതന്നെ.
നമ്മുടെ സത്യസന്ധൻ പ്രത്യക്ഷമായി അധികകാലം കഴിയുന്നതിനു മുമ്പ് ആളുകൾ കൊള്ളയേയും കൊള്ളയ്ക്ക് ഇരയാകുന്നവരേയും കുറിച്ചു പറയുന്നതു നിർത്തി സമ്പന്നരേയും ദരിദ്രരേയും കുറിച്ചു പറയാൻ തുടങ്ങുന്നത് അങ്ങനെയാണ്; പക്ഷേ അവരെല്ലാം അപ്പോഴും കള്ളന്മാരുമായിരുന്നു.
ഒരേയൊരു സത്യസന്ധൻ തുടക്കത്തിൽ നാം കണ്ടയാളു മാത്രമായിരുന്നു; വൈകാതെ അയാൾ വിശന്നു ചാവുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles