ചെന്നൈ : തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ അപ്രതീക്ഷിത മുന്നേറ്റം സൃഷ്ടിച്ച ഡി.എം.കെ ചെന്നൈ കോർപ്പറേഷന്റെ മേയറായി ദളിത് യുവതിയെ നാമനിർദേശം ചെയ്തു. ഇത് തമിഴ്നാടിന്റെ ചരിത്രത്തിൽ മറ്റൊരു വിപളവമാണ് സൃഷ്ടിക്കുന്നത്.
74 -ാം വാർഡ് കൗണ്ടസിലർ പ്രിയ രാജൻ (28)യാണ് ഡി.എം.കെയുടെ ചെന്നൈ കോർപ്പറേഷനിലെ മേയർ സ്ഥാനാർത്ഥിയായി തിരഞ്ഞെടുത്തിരിക്കുന്നത്.
കോർപ്പറേഷനിൽ ഡി.എം.കെക്ക് ഭൂരിപക്ഷമുള്ളതിനാൽ പ്രിയ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടും. അതോടെ ചെന്നൈ കോർപ്പറേഷനിലെ ഏറ്റവും പ്രായം കുറഞ്ഞ വനിത മേയറും ആദ്യ ദളിത് മേയറും പ്രിയയാകും. ചെന്നൈ കോർപ്പറേഷൻ ചരിത്രത്തിലെ മൂന്നാമത്തെ വനിതാ മേയറാണ് പ്രിയ.
താര ചെറിയാൻ, കാമാക്ഷി ജയരാമൻ എന്നിവരാണ് ഇതിന് മുമ്പ് കോർപ്പറേഷൻ മേയർ പദവി വഹിച്ച വനിതകൾ.
പട്ടികജാതി സ്ത്രീക്ക് മേയർ സ്ഥാനം സംവരണം ചെയ്തുകൊണ്ട് സംസ്ഥാന സർക്കാർ നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.