പാലക്കാട് മാവോയിസ്റ്റ് ആക്രമണത്തിൽ വീരമൃത്യു വരിച്ച സി.ആർ.പി.എഫ് ജവാൻ ധോണി പയറ്റാംകുന്ന് ഇ.എം.എസ് നഗറിലെ ദാറുസ്സലാമിൽ സുലൈമാന്റെ മകൻ മുഹമ്മദ് ഹക്കീമിന് (35) കണ്ണീരിൽ കുതിർന്ന വിട. മൃതദേഹം പാലക്കാട് ധോണി ഉമ്മിണി സ്‌കൂളിൽ പൊതുദർശനത്തിന് വെച്ച മൃതദേഹത്തിൽ ആയിരങ്ങൾ അന്ത്യാജ്്ഞലി അർപ്പിച്ചു. ഭാര്യ റംസീനയും മകൾ അഫ്‌സിൻ ഫാത്തിമയും അവസാനമായി ഹക്കീമിന് സല്യൂട്ട് നൽകി. സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ ഉമ്മിണി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടന്നു.
ഛത്തിസ്ഗഡിലെ സുകുമയിൽ ഉണ്ടായ ഏറ്റുമുട്ടലിലാണ് ഹക്കീം കൊല്ലപ്പെട്ടത്. സി.ആർ.പി.എഫിന്റെ കമാൻഡോ ബറ്റാലിയൻ ഫോർ റസല്യൂട് ആക്ഷൻ ( കോബ്ര ) വിഭാഗത്തിൽ ഹെഡ് കോൺസ്റ്റബിളായിരുന്നു ഹക്കീം.
ഛത്തിസ്ഗഡിൽ നിന്ന് സി.ആർ.പി.എഫിന്റെ പ്രത്യേക വിമാനത്തിൽ കൊണ്ടുവന്ന മൃതദേഹം ബുധനാഴ്ച രാത്രിയാണ് പാലക്കാട് ധോണിയിലെ വീട്ടിൽ എത്തിച്ചത്. വ്യാഴാഴ്ച രാവിലെ എട്ടുവരെ വീട്ടിലും ശേഷം ധോണി ഉമ്മിണി സ്‌കൂളിലും പൊതുദർശനത്തിന് വെച്ചു.
സംസ്ഥാന സർക്കാറിന് വേണ്ടി കലക്ടർ മൃൺമയി ജോഷി മൃതദേഹത്തിൽ പുഷ്പചക്രം സമർപ്പിച്ചു. വി.കെ. ശ്രീകണ്ഠൻ എം.പി, എ. പ്രഭാകരൻ എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ. ബിനു മോൾ, മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബിജോയ്, അകത്തേത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സുനിത, ജില്ല പൊലീസ് മേധാവി ആർ. വിശ്വനാഥ്, തുടങ്ങി ആയിരങ്ങൾ അന്തിമോപചാരം അർപ്പിക്കാനെത്തി.
സംസ്ഥാന സർക്കാറിന്റെയും സി.ആർ.പി.എഫിന്റെയും ഔദ്യോഗിക ബഹുമതിയായ ഗാർഡ് ഒഫ് ഓണർ നൽകി. തുടർന്ന് വിലാപയാത്രയായി ഉമ്മിണി ജുമാ മസ്ജിദിലെത്തിച്ചു ഖബറടക്കുകയായിരുന്നു.