മൂവാറ്റുപുഴയിലാദ്യമായി സംഗീതപ്രേമികള്‍ക്ക് ഖവ്വാലി സംഗീതം ആസ്വദിക്കാന്‍ മേളയില്‍ വേദിയൊരുങ്ങുന്നു.
മൂവാറ്റുപുഴ മേളയുടെ സുവര്‍ണ്ണ ജൂബിലി പരിപാടികളോടനുബന്ധിച്ചാണ് സിയ ഉള് ഹഖ്, സിജുകുമാര്‍ എന്നിവര്‍ നയിക്കുന്ന ഹസ്രത്ത് ഖവ്വാലി സംഘം മേളയിലെത്തുന്നത്. തെന്നിന്ത്യയിലെ ആദ്യത്തെ ഖവ്വാലി സംഘമാണിവരുടേത്. നവംബര്‍ 23, ബുധനാഴ്ച വൈകിട്ട് 7 മണിക്ക് മേള ഓഡിറ്റോറിയത്തിലാണ് പരിപാടി.
എട്ടാം നൂറ്റാണ്ടോളം പഴക്കം ആവകാശപ്പെടുന്നതും പേര്‍ഷ്യയില്‍ നിന്നാരംഭിച്ചതുമായ ഭക്തിഗാന ശാഖയാണ് ഖവ്വാലി. ആത്മീയതയിലതിഷ്ഠിതമായ വാക്കുകള്‍ക്ക് സംഗീതഭാഷ ഒരുക്കി ഒരു ഗായകൻ പാടുകയും മറ്റുള്ളവർ ഒപ്പം ചേര്‍ന്ന് അതേറ്റുപാടുകയും ചെയ്യുന്ന സവിശേഷമായ ആലാപനരീതിയാണിത്. ഉസ്താദ് നുസ്രത്ത് ഫത്തേ അലി ഖാനാണ് ഇന്നത്തെ യുവാക്കളുടെ ഇടയില്‍ ഖവ്വാലിസംഗീതത്തിന് വലിയ രീതിയില്‍ സ്വീകാര്യത നേടുവാന്‍ പങ്കുവഹിച്ചത്. പരമ്പരാഗത ഖവ്വാലി ഗാനങ്ങള്‍ക്ക് പുറമെ മലയാളത്തില്‍ ചിട്ടപ്പെടുത്തിയിട്ടുള്ളതും ചില സിനിമകളില്‍ അവതരിപ്പിച്ചിട്ടുള്ളതുമായ പ്രശസ്ത ഗാനങ്ങളും സംഘം ഇവിടെ അവതരിപ്പിക്കും. തിരുവന്തപുരം സൂര്യയുടെ സഹകരണത്തോടെയാണ് പരിപാടികള്‍ ചിട്ടപ്പെടുത്തിയിട്ടുള്ളത്.