കൊച്ചി: പ്രിയ വർഗീസിനെ കണ്ണൂർ സർവകലാശാലയിൽ മലയാളം അസോ. പ്രഫസറായി നിയമിച്ച നടപടി യു.ജി.സി മാനദണ്ഡങ്ങൾ പാലിച്ചല്ലെന്ന് ഹൈകോടതി. പ്രിയ വർഗീസിന്റെ നിയമനം പുനഃപരിശോധിക്കണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ച ഉത്തരവിട്ടു. പ്രിയ മുന്നോട്ടുവച്ച യോഗ്യത കോടതി അംഗികരിച്ചില്ല.
പ്രിയ വർഗീസിന്റെ യോഗ്യതകൾ അക്കാദമികപരമല്ല. അധ്യാപന പരിചയം സർവകലാശാല സ്‌ക്രൂട്ടിനി കമ്മിറ്റി പരിഗണിച്ചില്ല. അസോ. പ്രഫസർ തസ്തികയിൽ മതിയായ പരിചയമില്ല. എൻ.എസ്.എസ് കോ ഓർഡിനേറ്ററായുള്ള കാലയളവും സ്റ്റുഡൻറ് സർവീസ് ഡയറക്ടറായുള്ള കാലയളവും അധ്യാപന പരിചയമായി കണക്കാക്കാനാവില്ല. ഗവേഷണ കാലഘട്ടം അധ്യാപന പരിചയമായി കാണാനാവില്ലെന്നും ഹൈകോടതി വ്യക്തമാക്കി. കണ്ണൂർ സർവകലാശാലയിലെ മലയാളം അസോ. പ്രഫസർ തസ്തികയിൽ അഭിമുഖത്തിൽ കൃത്രിമം കാണിച്ചാണ് റാങ്ക് പട്ടിക തയാറാക്കിയതെന്നും പ്രിയ വർഗീസിന്റെ നിയമനം മാനദണ്ഡങ്ങൾ പാലിച്ചല്ലെന്നും ചൂണ്ടിക്കാട്ടി പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള ചങ്ങനാശ്ശേരി എസ്.ബി കോളജ് മലയാളം വിഭാഗം മേധാവി ജോസഫ് സ്‌കറിയയുടെ ഹർജിയിലാണ് സുപ്രധാന വിധി. പ്രിയ വർഗീസിന് അസോ. പ്രഫസർ നിയമനത്തിനുള്ള അധ്യാപന പരിചയമില്ലെന്നായിരുന്നു ഹരജിക്കാരൻറെ വാദം. ഗവേഷണ കാലത്തിന് ശേഷമുള്ള അധ്യാപന പരിചയം മൂന്ന് വർഷത്തിൽ താഴെയാണ്. ആകെ അഞ്ചു വർഷവും അഞ്ചു ദിവസവും മാത്രമാണ് അധ്യാപന പരിചയമുള്ളതെന്നും ഹർജിക്കാരൻ ചൂണ്ടികാണിച്ചു. ഇതു ശരിവയ്ക്കുന്നതാണ് ഹൈക്കോടതി വിധി.