ദുബയ്: അറേബ്യയൻ വാസ്തുശില്പ കലയിൽ രൂപകല്പന ചെയ്ത ജബൽ അലിയിലെ ആദ്യ ഹിന്ദു ക്ഷേത്രം ചൊവ്വാഴ്ച വിശ്വാസികൾക്കായി തുറന്നുകൊടുക്കും. വൈകുന്നേരം 5നു സഹിഷ്ണുതാ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാനും ഇന്ത്യൻ സ്ഥാനപതി സഞ്ജയ് സുധീറും ഉൾപ്പെടെയുള്ള അതിഥികളുടെ സാന്നിധ്യത്തിലാണ് ക്ഷേത്രം ഔദ്യോഗികമായി തുറക്കുന്നത്.
ദസറ ഉത്സവ ദിനമായ ഒക്ടോബർ 5 മുതൽ പൊതുജനങ്ങൾക്ക് മറ്റും സന്ദർശകർക്കും ക്ഷേത്രം കാണാം. 16 ദേവതകളെയാണ് ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചിട്ടുള്ളത്. മനോഹരമായ കൊത്തുപണികളോടെയാണ് നിർമാണം പൂർത്തിയാക്കിയിരിക്കുന്നത്.
രാവിലെ 6.30 മുതൽ രാത്രി 8 വരെ തുറന്നിരിക്കും.മൂന്നു വർഷമെടുത്താണ് എമിറേറ്റിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം നിർമാണം പൂർത്തിയാക്കിയത്. ദുബയിലെ ആദ്യ സ്വതന്ത്ര ഹിന്ദു ക്ഷേത്രമാണിത്.
സാധാരണ ദിവസങ്ങളിൽ രാവിലെ 6 മുതൽ രാത്രി 8.30വരെയാണ് ദർശന സമയം. ജബൽ അലിയിലെ ഗുരുനാനാക് ദർബാറിനോടു ചേർന്നാണ് പുതിയ ക്ഷേത്രമുള്ളത്.
മലയാളത്തിലും ഹിന്ദിയിലും തമിഴിലും തെലുങ്കിലും കന്നടയിലും ഇംഗ്ലിഷുമെല്ലാം ഇവിടെ പ്രാർഥനകൾ മുഴങ്ങും. ഊട്ടുപുരയും കമ്യൂണിറ്റി ഹാളും ഉൾപ്പെടെ 25,000 ചതുരശ്ര അടി സ്ഥലത്ത് 7.5 കോടി ദിർഹം ചെലവഴിച്ചാണു ക്ഷേത്ര നിർമാണം
മത സാഹോദര്യത്തിന്റെ ദുബയ് മാതൃക
അറേബ്യൻ വാസ്തുശിലപ രീതിയിൽ കൊട്ടാരസദൃശമായ അതിമനോഹരമായാണ് ക്ഷേത്രം നിർമിച്ചിരിക്കുന്നത്. മേൽക്കൂര കൊത്തുപണികളാൽസമ്പന്നമാണ്. ചുവരും തറയുമെല്ലാം വെളുത്ത മാർബിൽ വിരിച്ചിരിക്കുന്നു. ശ്രീകോവിലേക്കു പ്രവേശിക്കുമ്പോൾ ആദ്യം ദർശിക്കാനാവുക് അയ്യപ്പനെയും ഗുരുവായൂരപ്പനെയും ആണ്. ശ്രീകോവിലുകൾക്കു പുറമെ താഴത്തെ നിലയിൽ വലിയ ഹാളുണ്ട്. പ്രതിഷ്ഠയുള്ള മുകൾ നിലയിൽ ആകാശത്ത് നിന്നു ഭൂമിയിലേക്കു വിടർന്നു നിൽക്കുന്ന വലിയ താമര നിർമിതിയുണ്ട്്്. താമരപ്പൂവിലൂടെ സൂര്യപ്രകാശം ക്ഷേത്രത്തിന്റെ അകത്തളങ്ങളെ പ്രകാശിപ്പിക്കുന്നവിധമാണ് നിർമാണചാരുത.
ശിവൻ, കൃഷ്ണൻ, മഹാലക്ഷ്മി, ഗണപതി, നന്ദി, ഹനുമാൻ, ഷിർദി സായി ബാബ തുടങ്ങിയവയാണ് പ്രതിഷ്ഠ. സിഖ് മത വിശ്വാസികളുടെ വിശുദ്ധ ഗ്രന്ഥമായ ഗുരുഗ്രന്ഥ് സാഹിബും പ്രത്യേക പ്രതിഷ്ഠയും ഉണ്ട്. സിഖ് ആചാരമനുസരിച്ച്്് തലയിൽ തുണി ധരിച്ചാകണം ഇവിടെ പ്രവേശം. ക്ഷേത്രത്തിന്റെ ചുവരിൽ യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെയും ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെയും ചിത്രങ്ങളുണ്ട്.