മൂവാറ്റുപുഴ ഃ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ അങ്ങനെ തന്നെ ഏറ്റുപിടിക്കുന്നവരാകരുത് യുവത്വമെന്ന്് ടൂറിസം ഡയറക്ടർ പി.ബി. നൂഹ് ഐ.എ.എസ് പറഞ്ഞു. സാമൂഹ്യ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്ന കാര്യങ്ങളുടെ സത്യാവസ്ഥ തിരിച്ചറിയാൻ വിദ്യാർഥികൾക്കു സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു. എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്ക് മൂവാറ്റുപുഴ നഗരസഭയുടെ അവാർഡ് സമ്മാനിക്കുകയായിരുന്നു അദ്ദേഹം.
പഠനത്തിനൊപ്പം പരന്ന വായനയും ഉളളവരാണ് ഉന്നത സ്ഥാനങ്ങളിൽ എത്തിച്ചേരുക. വായനയിലൂടെ മനുഷ്യനെ മനസിലാക്കുന്ന തലമുറയെ വളർത്തിയെടുക്കാനാവണമെന്നും പി.ബി നൂഹ് പറഞ്ഞു.
മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയവർക്കും വിവിധ യൂണിവേഴ്സിറ്റി പരീക്ഷകളിലെ റാങ്ക് ജേതാക്കളുമായ നഗരസഭ പരിധിയിലുളള വിദ്യാർത്ഥികൾക്കാണ് നഗര സഭ അവാർഡ് നൽകിയത്.
നഗരസഭ ചെയർമാൻ പി. പി.എൽദോസ്അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർ പേഴ്സൺ സിനി ബിജു, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ അജി മുണ്ടാട്ട്, രാജശ്രീ രാജു, പി.എം. അബ്ദുൽ സലാം, ജോസ് കുര്യാക്കോസ്, നിസ അഷ്റഫ്,
വാർഡ് കൗൺസിലർ ബിന്ദു സുരേഷ്, നഗരസഭ കൗൺസിലർമാരായ ജോയ്സ് മേരി ആന്റണി, അമൽ ബാബു, വി.എ. ജാഫർ സാദിഖ്, പി.വി. രാധാകൃഷ്ണൻ, ജിനു ആന്റണി തുടങ്ങിയവർ പ്രസംഗിച്ചു. ഇതോടൊപ്പം സൗജന്യ അഭിരുചി പരിശോധനയും കരിയർ ഗൈഡൻസ് ക്ലാസും സംഘടിപ്പിച്ചു. അഭിരുചി പരിശോധനയ്ക്ക് സൈക്കോളജിസ്റ്റും സോഫ്റ്റ് സ്കിൽ ട്രെയിനറുമായ സാജൻ തോമസ് നേതൃത്വം നൽകി.