Friday, November 1, 2024

Top 5 This Week

Related Posts

മോർ പോളിക്കാർപ്പോസ് സഖറിയാസ് മെത്രാപ്പോലീത്ത കാലം ചെയ്തു


കബറടക്ക ശുശ്രൂഷകൾ നാളെ കോട്ടയം കുറിച്ചി പുത്തൻപള്ളിയിൽ

മൂവാറ്റുപുഴ : യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ മോർ പോളിക്കാർപ്പോസ് സഖറിയാസ് മെത്രാപ്പോലീത്ത (51) കാലം ചെയ്തു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. ദീർഘനാളായി ഹൃദയസംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. കോട്ടയം മണർകാട് സെന്റ്. മേരീസ് ഹോസ്പിറ്റലിലാണ് നിലവിൽ ഭൗതീക ശരീരം സൂക്ഷിച്ചിരിക്കുന്നത്. ഉച്ചയോട് കൂടി മണർകാട് സെന്റ്. മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിലേക്ക് അഭിവന്ദ്യ പിതാവിന്റെ ഭൗതീക ശരീരം കൊണ്ടുവരും. അവിടെ പൊതുദര്ശനത്തിനുള്ള സൗകര്യം ഉണ്ടായിരിക്കും. ഇന്ന് വൈകീട്ട് 6 മണിയോടെ മണർകാട് പള്ളിയിൽ നിന്നും അദ്ദേഹത്തിന്റെ ഇടവകയായ കോട്ടയം കുറിച്ചി സെന്റ്. മേരീസ് യാക്കോബായ സുറിയാനി സൂനോറോ പള്ളിയിലേക്ക് (കുറിച്ചി പുത്തൻപള്ളി) ഭൗതീക ശരീരം കൊണ്ടുവരികയും പൊതുദർശനത്തിനും ശുശ്രൂഷകൾക്കുമായി ക്രമീകരിക്കുകയും ചെയ്യും. നാളെ (22/06/2022, ബുധൻ) വൈകീട്ട് 3 മണിക്ക് കബറടക്ക ശുശ്രൂഷകളുടെ അവസാനഘട്ടം ആരംഭിക്കും.
മോർ പോളിക്കാർപ്പോസ് സഖറിയാസ് മെത്രാപ്പോലീത്തയോടുള്ള ആദരസൂചകമായി യാക്കോബായ സുറിയാനി സഭയുടെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും നാളെ അവധിയായിരിക്കുമെന്ന് മെത്രാപ്പോലീത്തൻ ട്രസ്റ്റിയും കാതോലിക്കേറ്റ് അസ്സിസ്റ്റന്റുമായ മോർ ഗ്രീഗോറിയോസ് ജോസഫ് മെത്രാപ്പോലീത്ത അറിയിച്ചു.
ദുഃഖസൂചകമായി യാക്കോബായ സുറിയാനി സഭയുടെ എല്ലാ ദൈവാലയങ്ങളിലും പള്ളിമണി മുഴക്കുകയും കറുത്ത പതാക ഉയർത്തുകയും ചെയ്യണം. മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പരീക്ഷകൾ മുടക്കം കൂടാതെ നടക്കുന്നതായിരിക്കുമെന്ന് മെത്രാപ്പോലീത്ത പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles