കോതമംഗലം മാർ അത്തനേഷ്യസ് ഇൻ്റർനാഷണ ൽ സ്കൂളിൽ കാർഷിക ക്ലബ് രൂപീകരിച്ചു
കോതമംഗലം : കൃഷിയുടെ നല്ല പാഠം രചിക്കാൻ ഒരുങ്ങുകയാണ് കോതമംഗലം എം. എ. ഇന്റർനാഷണൽ സ്കൂളിലെ വിദ്യാർത്ഥികൾ.ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി നൂറോളം വിദ്യാർത്ഥികളാണ് കൃഷിയിലേക്ക് ചുവടുവച്ചത്. കുട്ടിക്കൃഷിക്കൂട്ടം വഴി സ്കൂൾ അങ്കണത്തിലുള്ള കൃഷി കൂടാതെ ലഭ്യമായ സ്ഥലത്തെല്ലാം ഗ്രോബാഗുകളിൽ കൃഷി ചെയ്യാനാണ് ലക്ഷ്യമിടുന്നത്.
കാർഷിക ക്ലബ് രൂപീകരണവും തൈ നടീൽ ഉദ്ഘാടനവും കോതമംഗലം കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ വി.പി സിന്ധു ഉദ്ഘാടനം ചെയ്തു. യോഗത്തിൽ സ്കൂൾ പ്രിൻസിപ്പാൾ അനിതാ ജോർജ് അദ്ധ്യക്ഷയായി. ക്ലബ്ബിലെ വിദ്യാർത്ഥികളെ വിവിധ ബാച്ചുകളായി തിരിച്ച് മത്സരാടിസ്ഥാനത്തിൽ കൃഷി നടത്താനുള്ള നടപടികൾ സ്വീകരിക്കും. വെണ്ട,പയർ,മുളക്, ചീര,മത്തൻ, വെള്ളരി, തക്കാളി, വഴുതന തുടങ്ങി എല്ലാ ഇനങ്ങളും കൃഷി ചെയ്യും. ഇതു വഴി ഉൽപ്പാദിപ്പിക്കുന്ന പച്ചക്കറികൾ കുട്ടികളുടെ ഉച്ചഭക്ഷണത്തിന് ഉപയോഗപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത് എന്ന് പ്രിൻസിപ്പൽ അറിയിച്ചു. കോതമംഗലം കൃഷിഭവൻ്റെ നേതൃത്വത്തിലായിരിക്കും കാർഷിക ക്ലബ്ബിലെ പ്രവർത്തനങ്ങൾ നടപ്പിലാക്കുക. പ്രകൃതിയെ സ്നേഹിക്കാനും കാർഷിക മേഖലയ്ക്ക് വിദ്യാർത്ഥികൾ വഴി പുത്തനുണർവ്വ് നൽകാനും, പച്ചക്കറികൾ വീടുകളിൽത്തന്നെ ഉൽപ്പാദിപ്പിച്ച് മാതൃകയാവാനും ഉദ്ഘാടന പ്രസംഗത്തിൽ കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ അറിയിച്ചു.