Friday, November 1, 2024

Top 5 This Week

Related Posts

ഇന്ധന നികുതി കുറച്ചത് കൊള്ളമുതല്‍ തിരിച്ച് നല്‍കുന്നത് പോലെയെന്ന് കെ.സുധാകരന്‍ എം.പി

ഗത്യന്തരമില്ലാതെ കൊള്ളമുതല്‍ തിരിച്ച് നല്‍കുന്നത് പോലെയാണ് കേന്ദ്ര സര്‍ക്കാര്‍ ഇന്ധന നികുതി കുറച്ച നടപടിയെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി.

ഇന്ധന നികുതി കുറച്ചതിനും എല്‍പിജി സബ്സിഡി പുനഃസ്ഥാപിച്ചതിനും പിന്നില്‍ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യമുണ്ട്. ഗുജറാത്ത് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന സാഹചര്യത്തിലുള്ള സ്വാഭാവിക നടപടിയാണിത്. തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ വീണ്ടും വിലവര്‍ധിപ്പിച്ച ചരിത്രമാണ് മോദി സര്‍ക്കാരിന്റെത്.

കേന്ദ്ര സര്‍ക്കാര്‍ നികുതി കുറച്ചതിന്റെ ആനുപാതികമായിട്ടാണ് കേരളത്തിലും ഇന്ധനവിലയില്‍ കുറവ് വന്നത്. കേന്ദ്ര സര്‍ക്കാര്‍ ഇന്ധനവില വര്‍ധിപ്പിക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാരിനും വരുമാനം വര്‍ധിക്കുന്നുണ്ട്. കേരളം ഇന്ധന നികുതി വര്‍ധിപ്പിച്ചില്ലെന്ന് ധനമന്ത്രി പറയുമ്പോഴും 2014ന് ശേഷം ഇതുവരെ കേരളത്തിന്റെ ഇന്ധന നികുതി വരുമാനം 50 ശതമാനമാണ് ഉയര്‍ന്നത്. ആ നികുതി വരുമാനം കുറയുമെന്ന ഒറ്റക്കാരണം കൊണ്ടാണ് പെട്രോളിനെയും ഡീസലിനെയും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുന്നതിനെ കേരളം എതിര്‍ക്കുന്നത്.അധികമായി ലഭിക്കുന്ന വരുമാനത്തില്‍ ചെറിയ ഒരിളവ് നല്‍കിയെങ്കിലും കേരള ജനതയ്ക്ക് കൂടുതല്‍ ആശ്വാസം നല്‍കാനും സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം. ഇത് മറച്ചുവെച്ച് ജനങ്ങളെ വിഡ്ഢികളാക്കുന്ന പ്രസ്താവനയാണ് ധനമന്ത്രി നടത്തുന്നത്. സ്വന്തം നിലക്ക് നികുതി വേണ്ടെന്ന് വെക്കാന്‍ ഇതുവരെ കേരള സര്‍ക്കാര്‍ തയ്യാറായില്ല. ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്.യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഇന്ധനവില കൂടിയപ്പോള്‍ വര്‍ധിപ്പിച്ച വിലയുടെ നികുതി നാലുതവണ വേണ്ടെന്നുവെയ്ക്കാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തയ്യാറായിട്ടുണ്ടെന്നും സുധാകരന്‍ പറഞ്ഞു.

കോവിഡ് കാലയളവില്‍ കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിച്ച നികുതി മാത്രമാണ് ഇപ്പോള്‍ കുറച്ചത്. യുപിഎ സര്‍ക്കാരിന്റെ കാലത്ത് പെട്രോളിന് 9.54 രൂപയും ഡീസലിന് 3.56 രൂപയുമായിരുന്നു കേന്ദ്ര നികുതി.എന്നാല്‍ മോദിസര്‍ക്കാര്‍ അധികാരമേറ്റ ശേഷം പെട്രോളിന് 27.90 രൂപയും ഡീസലിന് 27.90 രൂപയുമാണ് നികുതിയായി ഈടാക്കുന്നത്. പെട്രോളിന് രണ്ടിരട്ടിയും ഡീസലിന് നാലിരട്ടിയും നികുതി വര്‍ധിപ്പിച്ചാണ് മോദിസര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിച്ചത്.

യുപിഎ സര്‍ക്കാരിന്റെ കാലത്ത് അസംസ്‌കൃത എണ്ണയുടെ വില 120 ഡോളറിന് മുകളിലെത്തിയിട്ടും ഇന്ധവില 75 രൂപ കടന്നില്ല. ഇന്ന് അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണ വില ബാരലിന് 112 ഡോളറാണ്. റഷ്യയില്‍ നിന്നും ഇതിലും വിലകുറച്ച് എണ്ണ കിട്ടിയിട്ടും ഇന്ധനികുതി കുറക്കാതെ നാമമാത്രമായ വിലക്കുറവാണ് കേന്ദ്ര സര്‍ക്കാര്‍ വരുത്തിയതെന്നും സുധാകരന്‍ കുറ്റപ്പെടുത്തി

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles