കൊച്ചി : നഗരത്തില്‍ കഴിഞ്ഞ ദിവസത്തെ മഴയെ തുടര്‍ന്നുണ്ടായ ഗുരുതരമായ വെള്ളക്കെട്ടിന് ഉത്തരവാദി കൊച്ചി നഗരസഭയാണെന്ന് ടി.ജെ.വിനോദ് എംഎല്‍എ.
പതിനാല് മീറ്ററിന് താഴെയുള്ള കനാലുകള്‍ ശുചീകരിക്കാനുള്ള ചുമതല നഗരസഭയ്ക്കാണ്. ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ നഗരസഭയുടെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായി. തേവര പേരണ്ടൂര്‍ കനാല്‍,കാരക്കോടന്‍ കനാലുകള്‍ 2020 ല്‍ ആരംഭിച്ച ഓപ്പറേഷന്‍ ബ്രേക്ക്ത്രൂവിന്‍റെ ഭാഗമായി വൃത്തിയാക്കിയതിന് ശേഷം ഇതുവരെ ശുചീകരണ പ്രവര്‍ത്തനം നടന്നില്ല.മുകളിലെ പായലുകള്‍ നീക്കം ചെയ്യുക മാത്രമാണ് ഇപ്പോള്‍ നഗരസഭ ചെയ്യുന്നത്. വെള്ളം ഒഴുകിപോകുന്നതിന് പ്രധാനമായി ആശ്രയമായ ഇൗ കനാലുകള്‍ വര്‍ഷാവര്‍ഷം വൃത്തിയാക്കിയിരുന്നെങ്കില്‍ വെള്ളക്കെട്ട് ഒഴിവാക്കാമായിരുന്നു. എംജി റോഡിലെ വെള്ളക്കെട്ടിനെ തുടര്‍ന്ന് കടകളില്‍ വെള്ളം കയറിയപ്പോള്‍ പെരുമാറ്റചട്ടം നിലനില്‍ക്കുന്നുണ്ടെങ്കിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ അത്യാവശ്യം ആയതിനാലും വേഗത്തില്‍ ചെയ്തു തീര്‍ക്കേണ്ടതിനാലും കളക്ടര്‍ക്ക് കത്ത് നല്‍കി ശുചീകരണം നടത്തണമെന്ന് മേയറോട് ആവശ്യപ്പെട്ടിട്ടും ഇതുവരെ ഒരു നടപടിയും എടുത്തില്ലെന്നും വിനോദ് കുറ്റപ്പെടുത്തി.
കെഎസ്ആര്‍ടിസി ബസ്റ്റാന്‍റ്,കാരിക്കാമുറി,കളത്തില്‍പറമ്പല്‍ റോഡ് തുടങ്ങിയ പ്രദേശങ്ങളിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിനായി ഹെെക്കോടതി ഇടപെട്ട് മുല്ലശ്ശേരി കനാല്‍ വീതികൂട്ടാന്‍ തീരുമാനിച്ചിരുന്നു. താനും ഹെെബി ഇൗഡന്‍ എംപിയും അംഗങ്ങളായ കൊച്ചി സ്മാര്‍ട്ട് സിറ്റി മിഷന്‍റെ ജനറല്‍ കൗണ്‍സില്‍ പത്ത് കോടി രൂപ ഇതിനായി നല്‍കാന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുകയും സര്‍ക്കാര്‍ അനുമതിക്കുകയും ചെയ്തു. ഏഴ് കോടി രൂപ എസ്റ്റിമേറ്റ് ഇട്ട് പണി ആരംഭിച്ചെങ്കിലും കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍റിന്‍റെ കിഴക്കേവശത്ത് നിന്നും പണിതുടങ്ങി 50 മീറ്റര്‍ എത്തിയപ്പോഴേക്കും സിവേജ്,വാട്ടര്‍ പെെപ്പ് ലെെനുകള്‍ കടന്ന് പോകുന്നതിനാല്‍ പണിനിര്‍ത്തേണ്ടി വന്നു.ചീറ്റൂര് ഭാഗത്തും സമാന അവസ്ഥയാണുണ്ടായത്. മേയറുടെ സാന്നിധ്യത്തില്‍ കളക്ടര്‍ യോഗം വിളിക്കുകയും ഇത് മാറ്റുന്നതുമായി ബന്ധപ്പെട്ട് എസ്റ്റിമേറ്റ് തുക സമര്‍പ്പിക്കാന്‍ വാട്ടര്‍ അതോറിറ്റിക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. അതിന്‍റെ അടിസ്ഥാനത്തില്‍ 2.58 കോടിയുടെ എസ്റ്റിമേറ്റിട്ട് വാട്ടര്‍ അതോറിറ്റി കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ കോര്‍പ്പറേഷന് നല്‍കിയെങ്കിലും ആ പണം അടക്കാന്‍ കോര്‍പ്പറേഷന്‍ ഇതുവരെ തയ്യാറായിട്ടില്ല. യുദ്ധകാല അടിസ്ഥാനത്തില്‍ പണിതീര്‍ക്കേണ്ട പദ്ധതിയാണ് നഗരസഭയുടെ അനാസ്ഥകാരണം ഇഴഞ്ഞു നീങ്ങുന്നത്.സിഎസ്എംഎല്‍ നല്‍കിയ പത്തുകോടിയില്‍ മുല്ലശ്ശേരി കനാല്‍ വീതികൂട്ടുന്നതിന് ആവശ്യമായ അടങ്കല്‍ തുക കഴിഞ്ഞ് മൂന്ന് കോടി രൂപ കോര്‍പ്പറേഷന്‍റെ കെെവശമുള്ളപ്പോഴാണ് ഇത്തരമൊരു സമീപനം നഗരസഭ സ്വീകരിക്കുന്നത്.അടിയന്തിരമായി സര്‍ക്കാര്‍ ഇൗ വിഷയത്തില്‍ ഇടപെടണമെന്നും വിനോദ് ആവശ്യപ്പെട്ടു.