തൃക്കാക്കര : ആകാശത്തിലെ കാർമേഘങ്ങൾപോലും ആ ചിരിയുടെ മുന്നിൽ തെളിയുന്നതുപോലെ. വോട്ടറൻമാരെ അഭിവാദ്യം ചെയ്യുമ്പോൾ അവർ ഹൃദയംതൊട്ട് പ്രത്യാഭിവാദ്യം ചെയ്യുന്നു. ഓരോ പര്യടനം കഴിയുമ്പോഴും യു.ഡി.എഫ് സ്ഥാനാർഥി ഉമ തോമസ് ജനഹൃദയങ്ങളിൽ കൂടുകൂടുതൽ വേരുറപ്പിക്കുകയാണെന്നു യു.ഡി.എഫ് നേതാക്കൾ പറയുന്നു. സ്ഥാനാർഥിയുടെ വിനയവും ലാളിത്തവും, സൌമ്യമായ പെരുമാറ്റവും യു.ഡി.എഫ് പ്രചാരണത്തെയും ആവേശത്തിലാക്കുന്നു. വ്യാഴാഴ്ച രാവിലെ പര്യടനം തുടങ്ങുമ്പോൾ ആകാശത്ത് കാർ മേഘങ്ങൾ ഉരുണ്ടുകൂടിയിരുന്നു. ഇടയ്ക്ക് പെയ്ത മഴയും പര്യടനത്തെ ബാധിച്ചില്ല. രാവിലെ സിഎംഐ സഭ ആസ്ഥാനം സന്ദർശിക്കുകയും ഫാ. തോമസ്, ഫാ. പോൾസൺ എന്നിവർക്കൊപ്പം പ്രഭാതഭക്ഷണം കഴിച്ചു. തുടർന്ന് കൊല്ലംകുടി മുകളിൽ വോട്ടര്മാരെ കാണാനെത്തി. പ്രചാരണത്തിന് ഇടയിൽ ആറാം ക്ലാസ്സുകാരൻ ഫസലുദ്ദീൻ ബ്ലാക്ക് മോറ മത്സ്യം നൽകിയാണ് സ്ഥാനാർഥിയെ സ്വീകരിച്ചത്. പിന്നീട് മുണ്ടം പാലം ജംഗ്ഷനിൽ കെഎംഇഎ ആർട്സ് കോളേജിലെ വിദ്യാർത്ഥിനികളുമായി സൗഹൃദ സംഭാഷണം നടത്തി.
പതിനൊന്നു മണിയോടെ നെഴ്സസ് ദിനത്തിന്റെ ആശംസകൾ അർപ്പിക്കാൻ സൺറൈസ് ഹോസ്പിറ്റലിൽ എത്തി. നഴ്സുമാർക്ക് സമ്മാനിക്കാൻ പൂച്ചട്ടിയുമായിട്ടാണ് സ്ഥാനാർഥി വന്നത്. ആശുപത്രിയിൽ എത്തിയ ഉമാ തോമസിനെ സൺറൈസ് ഹോസ്പിറ്റൽ എം.ഡി പർവ്വീനും ഡോ.ഹഫീസ് റഹ്മാനും ചേർന്ന് സ്വീകരിച്ചു. താൻ കൊണ്ടുവന്ന പൂച്ചട്ടി നഴ്സുമാർക്ക് സമ്മാനിച്ചു. തുടർന്ന് നഴ്സ്മാരുടെ ത്യാഗത്തെക്കുറിച്ചും കാരുണ്യത്തക്കുറിച്ചും മാധ്യമ പ്രവർത്തകരോട് സംസാരിച്ചു. പി.ടി. തോമസ് രോഗബാധിതനായിരിക്കെ വെല്ലൂർ മെഡിക്കൽ കോളേജിലടക്കെ നഴ്സുമാരുടെ പരിചരണത്തയും സേവനത്തെയും പ്രകീർത്തിച്ചു. ആശുപത്രി ജീവനക്കാരെ നേരിൽ കണ്ട് വോട്ട് അഭ്യർത്ഥിച്ചും, രോഗികളോട് വിശേഷങ്ങൾ തിരക്കിയുമാണ് ഉമ തോമസ് ആശുപത്രിയിൽനിന്നു മടങ്ങിയത്.
മഴ തോർന്നിട്ടാവാം അടുത്ത ഇറക്കം എന്നു കൂടെയുള്ളവർ പറഞ്ഞെങ്കിലും സമയം പാഴാക്കാനില്ലാത്തതിനാൽ കുടചൂടി ഒലിമുകൾ ജംഗ്ഷനിൽ വോട്ടു ചോദിക്കാനിറങ്ങി. സ്ഥാനാർത്ഥി ഒലിമുകൾ ജംഗ്ഷനിൽ എത്തിയപ്പോൾ കൈയിൽ റോസാപ്പൂവുമായാണ് തട്ടുകട നടത്തുന്ന മീതീയനിക്ക സ്വീകരിച്ചത്. ഭാഗികമായി നനഞ്ഞെത്തിയ ഉമാ തോമസ് മീതിയനിക്കയുടെ കടയിൽനിന്നു കട്ടൻചായയും കുടിച്ചാണ് അടുത്ത കേന്ദ്രത്തിലേക്കു നീങ്ങിയത്. എസ്. ടി. യു ചുമട്ടുതൊഴിലാളികളും ഇവിടെ ഉമ തോമസിനോടൊപ്പം വോട്ട് ചോദിക്കാനുണ്ടായിരുന്നു. ഒലിമുകളും, എൻ.ജി.ഒ ക്വാട്ടേഴ്സിലും മുഴുവൻ കടകളും സന്ദർശിച്ചു വോട്ടുതേടി.ഹെഡ്ലോഡ് വർക്കേഴ്സ് യൂണിയൻ ഓഫീസ് സന്ദർശിക്കുകയും തൊഴിലാളികളുമായി സംസാരിക്കുകയും ചെയ്തു. തുടർന്ന് എസ്എച്ച് സെമിനാരി, വിജോ ഭവൻ സെമിനാരി, സിഎസ്ടി ബ്രദേഴ്സ് പ്രൊവിൻഷ്യൽ ഹൗസ്, ദയാ ഭവൻ കോൺവെന്റ്, എൽ.എസ്.ടി കോൺവെന്റ്, ലിറ്റിൽ ഫ്ലവർ സി.എസ്.ടി കോൺവെന്റ് എന്നിവിടങ്ങൾ വോട്ടഭ്യർത്ഥിച്ചു തൃക്കാക്കര നോർത്ത് ഈസ്റ്റ് മണ്ഡലത്തിലായിരുന്നു വ്യാഴാഴ്ചത്തെ പര്യടനം. വെള്ളിയാഴ്ച വൈറ്റില മണ്ഡലം, തൃക്കാക്കര വെസ്റ്റ് മണ്ഡലവും സന്ദർശിക്കും