ട്വൻറി 20 യും ആം ആദ്മിയും പ്രവർത്തകർക്ക് മനസ്സാക്ഷി വോട്ട് അനുവദിക്കും. ഇത് സംബന്ധിച്ച് പ്രഖ്യാപനം 15 ന് കിഴക്കമ്പലത്ത് ഡൽഹി മുഖ്യമന്ത്രിയും ആംആദ്മിപാർട്ടി കൺവീനറുമായ കെജ്രിവാൾ പങ്കെടുക്കുന്ന പൊതുസമ്മേളനത്തിൽവച്ച് ഇരു പാർട്ടിയുടെയും നേതാക്കൾ നടത്തുമെന്നാണ് സൂചന. നേരത്തെ തൃക്കാക്കര ഉപതിരഞ്ഞെടുപ്പിനു രാഷ്ട്രീയ പ്രാധാന്യം കുറവായതിനാൽ മത്സരിക്കുന്നില്ലെന്നു ഇരു പാർട്ടികളും പ്രഖ്യാപിച്ചിരുന്നു. ഇതോടെ ഇരു പാർട്ടികളുടെയും വോട്ടുകൾ തൃക്കാക്കരയിൽ ആരുടെ പെട്ടിയിലാകും വീഴുകയെന്ന ഊഹാപോഹം നിലനില്‌ക്കെയാണ് മനസ്സാക്ഷിവോട്ടെന്ന തീരുമാനത്തിലേക്ക് കാര്യങ്ങൾ നീങ്ങുന്നത്. മനസ്സാക്ഷി വോട്ടിനു അനുവദിക്കുമ്പോഴും തങ്ങളുടെ പക്ഷം ഏതെന്നു പ്രവർത്തകരെ ബോധ്യപ്പെടുത്തിയാവും മൂന്നോട്ടുപോവുക.
ട്വന്റി-20 യും എഎപിയും ചേർന്നാൽ തൃക്കാക്കരയിൽ വിജയം നിർണയിക്കാനുളള സ്വാധീനമുണ്ട്. കളിഞ്ഞ നിയമ സഭാ തിരഞ്ഞെടുപ്പിൽ മണ്്ഡലത്തിൽ ട്വന്റി-20 സ്ഥാനാർഥി ഡോ.ടെറി തോമസ് 13, 897 വോട്ട് നേടിയിരുന്നു. എഎപി ക്ക് മണ്ഡലത്തിൽ 5000 ത്തിലേറെ വോട്ടുകൾ ഉണ്ടെന്നാണ് കണക്കാക്കുന്നത്. 2021 ൽ പി.ടി.തോമസ് 14,329 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. 2016 ൽ 11,996 വോട്ടായിരുന്നു ഭൂരിപക്ഷം. ഇവിടെ ഇക്കുറി ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോൾ ട്വന്റി-20 യും എഎപിയും ചേർന്നു ശക്തമായ മത്സരം കാഴ്ചവയ്ക്കുമെന്നാണ് പ്രചരിച്ചത്.
ഇടതുമുന്നണിയാകട്ടെ യു.ഡി.എഫിനെയും,ട്വന്റി-20 കൂട്ടുമുന്നണിയെ നേരിടാനുള്ള കരുതലിലാണ് സാമൂദായിക ഘടകം ഉൾപ്പെടെ വിലയിരുത്തി ഡോ.ജോ ജോസഫിനെ രംഗത്തിറക്കിയത്. വാശിയേറിയ ത്രികോണ മത്സര പശ്ചാത്തലത്തിൽ കുന്നത്തുനാട് മോഡൽ വിജയം പ്രതീക്ഷിച്ചായിരുന്നു അണിയറ നീക്കം. എന്നാൽ ഇടതുമുന്നണിയുടെ പ്രതീക്ഷയെ തകിടം മറിക്കും വിധം മത്സരത്തിനില്ലെന്നു തീരുമാനിക്കുകയായിരുന്നു ട്വന്റി-20, എഎപി നേതൃത്വം. ഫലത്തിലിത് യു.ഡി.എഫിനു ഗുണകരമായി മാറുകയാണ്. ഇരു പാർട്ടികളും മത്സരിക്കുന്നില്ലെന്ന തീരുമാനത്തെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സ്വാഗതം ചെയ്ത് വെറുതെയല്ല. സർക്കാർ വിരുദ്ധ വോട്ടുകൾ ഭിന്നിച്ചു പോകാതിരിക്കാൻ ഇത് സഹായിക്കുമെന്ന് പ്രസ്താവിച്ച വി.ഡി. സതീശൻ പരസ്യമായി കിററക്‌സിനെ പിന്തുണച്ചതും അകത്തളങ്ങളിൽ രൂപപ്പെട്ട ധാരണയാവാനാണ് സാധ്യത.
ബിസിനസ് നടത്താനുള്ള കിറ്റെക്സിന്റെ അവകാശത്തെ യു.ഡി.എഫ് പിന്തുണക്കുന്നുവെന്നാണ് പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പ്രതികരിച്ചത്. കിറ്റക്‌സിന്റെ കടുത്ത വിരോധിയായ കുന്നത്തുനാട് എംഎൽഎക്കെതിരെ രൂക്ഷമായ വിമർശനവും നടത്തി. എം.എൽ.എയെ ഉപകരണമാക്കി കിറ്റെക്സ് അടച്ചുപൂട്ടിക്കാനാണ് സി.പി.എം ശ്രമിച്ചത്. അതിന് യു.ഡി.എഫ് കൂട്ടുനിൽക്കില്ല. അനാവശ്യമായി ഒരു വ്യവസായ സ്ഥാപനം അടച്ചുപൂട്ടാനുള്ള നീക്കത്തെ അനുകൂലിക്കില്ല. പി.ടി. തോമസ്് കിറ്റക്‌സ് കമ്പനിക്കെതിരെ എടുത്ത നിലപാടുകളെ ഇപ്പോൾ തണുപ്പിക്കുംവിധം ‘പി.ടി തോമസ് മത്സരിച്ചപ്പോൾ മറ്റൊരു സ്ഥാനാർഥിയെ നിർത്തി ട്വൻറി 20 കുറെ വോട്ടുകൾ പിടിച്ചിട്ടുണ്ട്. തന്നെ പരാജയപ്പെടുത്താനാണ് സ്ഥാനാർഥിയെ നിർത്തിയതെന്ന ധാരണ പി.ടി തോമസിനുണ്ടായിരുന്നു. അതാണ് അവരെ എതിർക്കാനുള്ള കാരണം.’ എന്നാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. പി.ടി. യോടുളള എതിർപ്പ് മാറിയ സാഹചര്യത്തിൽ ഭാര്യ ഉമ തോമസിനോട് ഉണ്ടാകേണ്ടതില്ലെന്നു വ്യംഗ്യം. ട്വൻറി -20 ക്ക് വോട്ട് ചെയ്യണമെന്ന് ആഗ്രഹിച്ചവർ യു.ഡി.എഫിന് വോട്ട് ചെയ്യണമെന്ന് അഭ്യർഥിച്ചിട്ടുണ്ടെന്നും പറയുന്നു.
പി.ടി. തോമസും, ബെന്നിബഹനാനും കിറ്റക്‌സും തമ്മിലെ പ്രശ്‌നം കോൺഗ്രസുമായി ബന്ധപ്പെട്ടതായിരുന്നില്ലെന്നാണ് ‘ട്വന്റി-20 നേതാക്കൾ വിശദീകരിക്കുന്നത്. ന്യായാന്യായതകളെന്തായാലും വ്യക്തിപരമായ വിഷയമായിരുന്നു. മറിച്ച് സിപിഎമ്മിനെ രാഷ്ട്രീയ ശത്രുക്കളായാണ് ട്വന്റി-20 കാണുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കുന്നത്തുനാട് നിയമസഭാ തിരഞ്ഞെടുപ്പിൽ പി.വി.ശ്രീനിജന്റെ വിജയവും, കിഴക്കമ്പത്തലത്ത് ട്വന്റി- ട്വന്റി പ്രവർത്തകന്റെ കൊലപാതകവും രാഷ്ട്രീയ ശത്രുത മൂർധന്യത്തിൽ നില്ക്കവെയാണ് തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് വരുന്നത്. ഉവിടെ മത്സരിക്കാതെ ട്വന്റി-20 പിൻമാറുന്നതു കൃത്യമായ ലക്ഷ്യത്തോടെയാവും. തങ്ങളുടെ ചെലവിൽ കുന്നത്തുനാട് മോഡൽ സിപിഎം വിജയിക്കരുതെന്ന ലക്ഷ്യം. കിറ്റക്‌സിനോട് ചേർന്നുനിന്നുകൊണ്ടുള്ള വി.ഡി. സതീശന്റെ പ്രസ്താവനും തെളിയിക്കുന്നത്് ഇതാണ്.