മതേതര കേരളത്തെ ഞെട്ടിച്ച പി.സി. ജോർജിന്റെ വർഗീയ പ്രസംഗത്തിനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് ഡിജിപിക്ക് പരാതി നൽകി. ഐ.പി.സി 153 എ പ്രകാരം കേസെടുത്ത് നിയമ നടപടികൾ സ്വീകരിക്കണമെന്നാണ് ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് പരാതിയിൽ ബോധിപ്പിച്ചിരിക്കുന്നത്. പി.സി. ജോർജിന്റെ ആരോപണം മുസ്‌ലിം സമുദായത്തെ സംശയത്തിന്റെ മുനയിൽ നിറുത്താനും വർഗ്ഗീയ ചേരിതിരിവ് സൃഷ്ടിക്കാനും ഇടയാക്കുന്നതാണെന്ന് പരാതിയിൽ പറയുന്നു. വർഗീയ പ്രസംഗം അടങ്ങിയ പ്രസംഗത്തിന്റെ ലിങ്കും പരാതിയോടൊപ്പം സമർപ്പിച്ചിട്ടുണ്ട്
പരാതിയുടെ പൂർണരൂപം
From,
PK Firos
General Secretary
Muslim Youth League Kerala State
To,
Director General of Police
Police Headquarters
Tiruvananthapuram
സാർ,
വിഷയം: മുൻ എം.എൽ.എ പി.സി ജോർജ്ജിന്റെ വർഗ്ഗീയ പ്രഭാഷണവുമായി ബന്ധപ്പെട്ട്
വളരെ സൗഹാർദ്ദ പൂർവ്വം ജനങ്ങൾ അധിവസിക്കുന്ന നാടാണ് കേരളം. അങ്ങിനെയൊരിടത്ത് ജനങ്ങൾക്കിടയിൽ വർഗ്ഗീയത പറഞ്ഞും പ്രസംഗിച്ചു ചേരിതിരിവുണ്ടാക്കാനുള്ള പരിശ്രമങ്ങൾ ഒരു തരത്തിലും അനുവദിച്ചുകൂട. ഹിന്ദു മഹാ പരിഷത്ത് തിരുവനന്തപുരത്ത് വെച്ച് നടത്തുന്ന ‘അനന്തപുരി ഹിന്ദു മഹാസമ്മേളനം’ 29-04-22, വെള്ളി, ഉദ്ഘാടനം ചെയ്തു സംസാരിച്ച മുൻ എംഎൽഎ പിസി ജോർജ്, പ്രസംഗത്തിലുടനീളം മുസ്‌ലിം സമുദായത്തെ വർഗ്ഗീയമായി അധിക്ഷേപിക്കുകയും ബോധപൂർവ്വം വർഗ്ഗീയ ചേരിതിരിവ് സൃഷ്ടിക്കാൻ ശ്രമിച്ചതായും കാണാം.
കച്ചവടം ചെയ്യുന്ന മുസ്‌ലിംകൾ പാനീയങ്ങളിൽ വന്ധ്യത വരുത്താനുള്ള മരുന്നുകൾ ബോധപൂർവ്വം കലർത്തുന്നു, മുസ്‌ലിംകൾ അവരുടെ ജനസംഖ്യ വർദ്ധിപ്പിച്ച് ഇതൊരു മുസ്ലിം രാജ്യമാക്കി മാറ്റാൻ ശ്രമിക്കുന്നു, മുസ്‌ലിം പുരോഹിതർ ഭക്ഷണത്തിൽ മൂന്ന് പ്രാവശ്യം തുപ്പിയ ശേഷം വിതരണം ചെയ്യുന്നു, മുസ്‌ലിംകളായ കച്ചവടക്കാർ അവരുടെ സ്ഥാപനങ്ങൾ അമുസ്ലിം മേഖലകളിൽ സ്ഥാപിച്ച് അവരുടെ സമ്പത്ത് കവർന്നു കൊണ്ടുപോകുന്നു, തുടങ്ങി വളരെ ഗൗരവമായ നുണയാരോപണങ്ങളാണ് അദ്ദേഹം പ്രസംഗിച്ചത്. ഇതെല്ലാം മുസ്‌ലിം സമുദായത്തെ സംശയത്തിന്റെ മുനയിൽ നിറുത്താനും മറ്റു സമുദായത്തിലെ വിശ്വാസികൾക്കും ഇവർക്കുമിടയിൽ വർഗ്ഗീയ ചേരിതിരിവ് സൃഷ്ടിക്കാനും മാത്രമാണ് കാരണമാകുക.
ഇത്തരം പ്രസ്താവന നടത്തുന്നവർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കേണ്ടത് നമ്മുടെ നാട്ടിൽ ക്രമസമാധാനവും മതസൗഹാർദ്ധവും നിലനിർത്താൻ അനിവാര്യമാണ്. ആയതിനാൽ, IPC 153 A പ്രകാരവും മറ്റു വകുപ്പുകൾ പ്രകാരവും ഇദ്ദേഹത്തിനെതിരെ കേസെടുത്ത് നിയമ നടപടികൾ സ്വീകരിക്കണം എന്ന് ആവശ്യപ്പെടുന്നു.