Thursday, February 13, 2025

Top 5 This Week

Related Posts

മെസ്സി ഒപ്പിട്ട ‘അൽ ഹിൽം’ പന്ത്; ഉർദുഗാൻഖത്തർ അമീറിന്റെ സ്നേഹസമ്മാനം

ദോഹ: ഗൾഫ് പര്യടനത്തിന്റെ ഭാഗമായി ഖത്തറിലെത്തിയ തുർക്കിയ പ്രസിഡന്റ് റജബ് ത്വയിബ് ഉർദുഗാനിന് ഇതിഹാസതാരം ലയണൽ മെസ്സി ഒപ്പുചാർത്തിയ ഫുട്ബാൾ സമ്മാനമായി നൽകി ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി. കഴിഞ്ഞ വർഷം ഖത്തറിൽ നടന്ന ലോകകപ്പ് ഫുട്ബാളിന്റെ സെമിഫൈനൽ, ഫൈനൽ മത്സരങ്ങൾക്ക് ഉപയോഗിച്ച അഡിഡാസിന്റെ ‘അൽ ഹിൽം’ പന്താണ് ഉർദുഗാനിന് അമീർ നൽകിയത്.

ഗൾഫ് സന്ദർശനങ്ങളുടെ ഭാഗമായി തുർക്കിയ പ്രസിഡന്റ് റജബ് ത്വയിബ് ഉർദുഗാൻ ചൊവ്വാഴ്ച വൈകീട്ട് ദോഹയിലെത്തി. പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടശേഷം നടത്തുന്ന ആദ്യ ഗൾഫ് പര്യടനത്തിൽ സൗദിയിലെ സന്ദർശനം പൂർത്തിയാക്കിയതിനുശേഷമായിരുന്നു അദ്ദേഹം ഖത്തറിലെത്തിയത്.

ഇലക്ട്രിക് കാറുകളുടെ സമ്മാനം ഖത്തറിലെത്തിയ തുർക്കിയ പ്രസിഡന്റ് തുർക്കിഷ് നിർമ്മിത ഇലക്ട്രിക് കാറുകൾ അമീറിന് സമ്മാനമായി നൽകി. ‘ടോഗ്’ ഓട്ടോമൊബൈൽസ് നിർമ്മിച്ച രണ്ട് കാറുകളാണ് ലുസൈൽ പാലസിൽ വെച്ച് സമ്മാനിച്ചത്. ഇരു രാജ്യങ്ങളും തമ്മിലെ അടുത്ത സൗഹൃദത്തിന്റെ പ്രതീകമായാണ് അമീറിന് അദ്ദേഹം തദ്ദേശീയ ബ്രാൻഡായ ‘ടോഗി’ന്റെ കാറുകൾ സമ്മാനിച്ചത്. ഓട്ടോമൊബൈൽ വ്യവസായത്തിന്റെയും ഇലക്ട്രിക് കാറിന്റെയും സവിശേഷതകൾ അമീറിന് വിശദീകരിച്ചു നൽകി. തുടർന്ന് ഉർദുഗാനെ മുൻസീറ്റിലിരുത്തി അമീർ തന്നെയാണ് പുതുമോടിയുള്ള കാർ ഓടിച്ചത്.

ഉന്നതതല സ്വീകരണം ദോഹ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ഡോ. ഖാലിദ് ബിൻ മുഹമ്മദ് അൽ അതിയ്യയുടെ നേതൃത്വത്തിലുള്ള ഉന്നതസംഘമാണ് ഉർദുഗാനെ സ്വീകരിച്ചത്. തുർക്കിയയിലെ ഖത്തർ അംബാസഡർ ശൈഖ് മുഹമ്മദ് ബിൻ നാസർ ബിൻ ജാസിം ആൽഥാനി, ഖത്തറിലെ തുർക്കിയ അംബാസഡർ ഡോ. മുഷ്തഫ ഗോക്സു എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

വ്യവസായ-വാണിജ്യ സഹകരണങ്ങൾ പ്രസിഡന്റിന്റെ സന്ദർശനത്തിന് മുന്നോടിയായി തുർക്കിയ വൈസ് പ്രസിഡന്റ് ഷെവ്ദെ യിൽമസും ധനമന്ത്രി മെഹ്മെദ് സിംസേകും അടങ്ങുന്ന ഉന്നതതല സംഘം കഴിഞ്ഞയാഴ്ച ഖത്തർ സന്ദർശിച്ചിരുന്നു. തുർക്കിയിലേക്ക് വിവിധ നിക്ഷേപങ്ങൾ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് പ്രസിഡന്റിന്റെ ഗൾഫ് പര്യടനം. ചൊവ്വാഴ്ച ഖത്തറി-തുർക്കിഷ് ബിസിനസ് കൗൺസിൽ യോഗം ചേർന്നതായി തുർക്കിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 200ഓളം വ്യാപാര പ്രമുഖർ ഉർദുഗാനൊപ്പമുള്ള സംഘത്തിൽ ഉണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles