ഉസ്മാൻ അഞ്ചുകുന്ന്
മാനന്തവാടി: ജനങ്ങളിൽ ഭീതി പരത്തുന്ന കടുവയെയും മൂന്നു കുഞ്ഞുങ്ങളെയും ഒരുമിച്ച് പിടികൂടാൻ കൂറ്റൻ കൂടൊരുങ്ങുന്നു. മാനന്തവാടി ആനപ്പാറ തേയില തോട്ടം ഭാഗങ്ങളിൽ വിഹരിക്കുന്ന കടുവയെയും മൂന്ന് കുഞ്ഞുങ്ങളെയും പിടികൂടാനാണ് കർണാടകയിൽ നിന്നെത്തിച്ച കൂറ്റൻ കൂട് സ്ഥാപിക്കുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരം ഒരു ദൌത്യം ഏറ്റെടുത്തിരിക്കുന്നത്.
അമ്മയെയും കുഞ്ഞുങ്ങളെയും ഒരുമിച്ച് പിടികൂടുന്ന ദൗത്യം ആദ്യമാണെന്നും റിസ്ക് കൂടുതലാണെന്നും ഡി.എഫ്.ഒ അജിത് കെ.രാമൻ പറഞ്ഞു. ലക്ഷ്യം പൂര്ത്തീകരിക്കുന്നതിന് കാത്തിരിക്കേണ്ടിവരും. രണ്ടു ദിവസമായി ഉൾകാട്ടിലാണ് കടുവയും കുഞ്ഞുങ്ങളും. കടുവ തന്നെ കൊന്ന പശുവിനെയാണ് ഇരയായി ഉപയോഗിക്കുന്നത്. പ്രദേശത്തുകാർ ഏറെ ഭീതിയോടെയാണ് കഴിയുന്നത്. കൂടിനുള്ളിലെ മറ്റൊരു കൂട്ടിലാണ് ഇരയെ വെക്കുന്നത്. അമ്മ കൂട്ടിൽ കയറി കഴിഞ്ഞാൽ കുഞ്ഞുങ്ങളും ഒപ്പം കയറുമെന്നാണ് വനം വകുപ്പിന്റെ കണക്കുകൂട്ടൽ. ഉടൻ തന്നെ കൂടിന്റെ വാതിലടയും.ഏതായാലും നാട്ടുകാർക്ക് ഭീഷണിയായ കടുവാ കൂട്ടത്തെ പിടി കൂടാനുള്ള ദൗത്യവുമായി വനം വകുപ്പ് ജീവനക്കാർ സ്ഥലത്ത് തന്നെ ക്യാമ്പ് ചെയ്യുന്നുണ്ട്.