ഇന്ത്യൻ വ്യോമസേനയുടെ 92-ാം വാർഷികാഘോഷത്തിന്റ ഭാഗമായി ചെന്നൈയിൽ നടത്തിയ എയർ ഷോയിൽ കടുത്ത ചൂടിലും തിരക്കിലുംപെട്ട് മൂന്ന് പേർ മരിച്ചു. നിർജ്ജലീകരണമാണ്് മരണത്തിനിടയാക്കിയതെന്നാണ് റിപ്പോർട്ട്. അവശയായ 200 ലേറെ പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പെരുങ്ങളത്തൂർ സ്വദേശി ശ്രീനിവാസൻ (48), തിരുവൊട്ടിയൂർ സ്വദേശി കാർത്തികേയൻ (34), കോരുകുപ്പേട്ട സ്വദേശി ജോൺ (56) എന്നിവരാണ് മരിച്ചത്.
അധികൃതർ ഏർപ്പെടുത്തിയ നിയന്ത്രണമാണ് ദുരന്തം ദുരന്തത്തിലേക്ക് നയിച്ചത്. 16 ലക്ഷത്തോളം പേർ ഷോ കാണാനെത്തിയെന്നാണ് ഏകദേശ കണക്ക്. ഇവർക്ക് ആവശ്യമായ ക്രമീകരണം ഏർപ്പെടുത്തിയിരുന്നില്ല. ജനത്തിന് മടങ്ങിപ്പോകുന്നതിന് സാധിക്കാതെ നഗരത്തിലും ബീച്ചിലും കുടുങ്ങി. ലിംക ബുക്ക് ഓഫ് വേൾഡ് റെക്കോർഡിൽ ഇടം പിടിക്കാൻ ലക്ഷ്യമിട്ടുള്ള എയർ ഷോ കാണാൻ രാവിലെ മുതൽ ആളുകൾ എത്തിയിരുന്നു. പ്രായമായ ആളുകളാണ് നിർജലനീകരണം മൂലം ആദ്യം ബോധരഹിതരായത്.
നേരത്തെ വെള്ളക്കച്ചവടക്കാരെ നീക്കം ചെയ്തതിനാൽ ദാഹിച്ചവർക്ക് വെള്ളം ലഭ്യമായില്ല. ഷോ അവസാനിച്ചതോടെ ഒരേസമയം പുറത്തിറങ്ങാൻ ശ്രമിച്ചു. ഇതാണ് ഗതാഗത തടസ്സത്തിനുകാരണമായത്. മെട്രോ സ്‌റ്റേഷനും തിരക്കിൽ സ്തംഭിച്ചു.
പ്രദേശവാസികളുടെ രക്ഷാ പ്രവർത്തനമാണ് നിരവധിപേരുടെ ജീവൻ രക്ഷിച്ചത്. ക്രമീകരണങ്ങൾ ഒരുക്കുന്നതിലെ വീഴ്ചയിൽ ജനം പ്രതിഷേധിച്ചു.