കുവൈത്ത് സിറ്റി: ന്യൂയോർക്കിൽ നടന്ന യു.എൻ ജനറൽ അസംബ്ലി (യു.എൻ.ജി.എ) സയൻസ് യൂത്ത് പാർലമെന്റിൽ തിളങ്ങി മലയാളി വിദ്യാർഥിനി. അമ്മാൻ ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയും തളിപ്പറമ്പ് സ്വദേശിയുമായ റീമ ജാഫറാണ് യൂത്ത് പാർലമെന്റിൽ സംസാരിച്ചത്. ലോകമെമ്പാടുമുള്ള മിടുക്കരായ 26 വിദ്യാർഥികൾക്കായിരുന്നു അവസരം.
ആന്റി മൈക്രോബയൽ റെസിസ്റ്റൻസ് (എ.എം.ആർ) കുട്ടികളിൽ അതിന്റെ സ്വാധീനം എന്നിവയെ കുറിച്ച് യൂത്ത് പാർലമെന്റിൽ റീമ സംസാരിച്ചു. ആൻറി ബയോട്ടിക്കുകൾ ഫലപ്രദമല്ലാതാക്കുന്ന എ.എം.ആർ വർധിച്ചുവരുന്ന പൊതുജനാരോഗ്യ പ്രതിസന്ധിയാണ്. ഇതിനെതിരായ പോരാട്ടം ശക്തിപ്പെടുത്തണമെന്ന് റീമ ഓർമിപ്പിച്ചു. യൂത്ത് പാർലമെന്റിൽ പങ്കെടുത്തവർ സമർപ്പിച്ച പദ്ധതികളിൽ റീമ ജാഫറിന്റെ ആശയങ്ങൾ മികച്ച പ്രോജക്ട് അവാർഡിനായും തിരഞ്ഞെടുക്കപ്പെട്ടു.
സ്റ്റാൻഫോഡ് യൂനിവേഴ്സിറ്റിയിലെയും ഐക്യരാഷ്ട്രസഭയിലെയും വിദഗ്ധർ നടത്തിയ അഭിമുഖം ഉൾപ്പെടെയുള്ള കർശന പ്രക്രിയക്ക് ശേഷമാണ് റീമ ജാഫറിനെ യൂത്ത് പാർലമെന്റിൽ സ്പീക്കറായി തിരഞ്ഞെടുത്തത്.ഈ വർഷം കാസര്‍കോട് നടന്ന കേരള ശാസ്ത്ര കോണ്‍ഗ്രസ്, കഴിഞ്ഞ വർഷം അഹ്മദാബാദിൽ നടന്ന ദേശീയ ശാസ്ത്ര കോൺഗ്രസ് എന്നിവയിലും റീമ ജാഫർ ഗവേഷണ പ്രബന്ധം അവതരിപ്പിച്ചിരുന്നു. സ്കൂൾ തലങ്ങളിൽ വിവിധ മത്സരങ്ങളിൽ നിരവധി സമ്മാനങ്ങളും നേടിയിട്ടുണ്ട്. കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച്ചിലെ ശാസ്ത്രജ്ഞൻ തളിപ്പറമ്പ് സ്വദേശി ഡോ. ജാഫറലി പാറോലിന്റെയും പാപ്പിനിശ്ശേരി സ്വദേശി സന ഹംസക്കുട്ടിയുടെയും മകളാണ് റീമ ജാഫർ.