ഹിസ്ബുള്ളയുടെ സെക്രട്ടറി ജനറൽ ഹസൻ നസ്‌റള്ളയുടെ കൊലപാതകത്തിനുശേഷവും ശമനമില്ലാതെ ഇസ്രയേൽ ആക്രമണം തുടരുന്നു. ശനിയാഴ്ചയും 33 പേർ കൊല്ലപ്പെട്ടതായി ലബനാൻ ആരോഗ്യവകുപ്പ് അറിയിച്ചു. ഇതിനകം 10 ലക്ഷത്തോളം പേർ പലായനം ചെയ്യേണ്ടിവന്നുവെന്ന് അധികൃതരെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. നസ്‌റള്ള കൊല്ലപ്പെട്ട ബെയ്റൂട്ടിലെ ജനസാന്ദ്രതയുള്ള ദഹിയയിൽനിന്ന് പതിനായിരങ്ങൾ കുടിയിറക്കപ്പെട്ടു.
ഇവിടെ വെള്ളിയാഴ്ച ഇസ്രയേൽ നടത്തിയ കനത്ത ബോംബാക്രമണത്തിൽ
11 പേർ കൊല്ലപ്പെടുകയും 108 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് ലെബനൻ പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചത്.
ഏകദേശം 85 ബങ്കർ-ബസ്റ്റർ ബോംബുകൾ ഉപയോഗിച്ചതായി ഇസ്രായേൽ മാധ്യമങ്ങൾ പറയുന്നു. ഓരോന്നിനും 2,000 മുതൽ 4,000 പൗണ്ട് ഭാരമുള്ളതാണ്. ജനീവ കൺവെൻഷൻ ജനസാന്ദ്രതയുള്ള പ്രദേശങ്ങളിൽ അവയുടെ ഉപയോഗം നിരോധിച്ചതാണ്.
നസ്‌റുളളയുടെ കൊലപാതകം സംഘർഷം രൂക്ഷമാക്കുമെന്നാണ് വിലയിരുത്തൽ. ബാഗ്ദാദിൽ വലിയ പ്രതിഷേധം നടന്നു. അമേരിക്കൻ എംബസിയിലേക്ക് മാർച്ച് മാർച്ച് പോലീസ് തടഞ്ഞു. ബെയ്‌റൂട്ടിൽ സങ്കടവും രോഷവും നിറഞ്ഞു. പലേടത്തും ജനംകൂട്ടംകൂടി പ്രതിഷേധിച്ചു. ഇസ്രയേലിനെതിരെ പ്രതിരോധത്തിൽ ശ്കതമായ ഹിസ്ബുള്ളയുടെ തലവന്റെ കൊലപാതകം, യെമനിലെ ഹൂത്തികൾ, ഇറാഖിലെ പോപ്പുലർ മൊബിലൈസേഷൻ ഫോഴ്സ് (പിഎംഎഫ്), അടക്കം ഇറാൻ പിന്തുണയുള്ള സഖ്യകക്ഷികളുടെ പോരാട്ടത്തിനു കനത്ത ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്.
ഒരാഴ്ച മുമ്പ്, ബെയ്റൂട്ടിൽ വെച്ച് സീനിയർ ഹിസ്ബുല്ല കമാൻഡർ ഇബ്രാഹിം അഖിലിനെ ഇസ്രായേൽ വധിച്ചിരുന്നു. രണ്ട് മാസം മുമ്പാണ്
ഹമാസിന്റെ പൊളിറ്റിക്കൽ ബ്യൂറോ ചീഫായ ഇസ്മായിൽ ഹനിയയെ ഇസ്രായേൽ ഇറാനിൽ കൊലപ്പെടുത്തിയത്. പേജറുകളും ഹാൻഡ്ഹെൽപ് ഉപകരണവും പൊട്ടിത്തെറിച്ചും വലിയ തിരിച്ചടി നേരിട്ടു. പിന്നാലെയാണ് 32 വർഷമായി ഹിസ്ബുള്ളയെ നയിക്കുന്ന നസ്‌റുള്ളയുടെ വധം. ഹിസ്ബുളള ശക്തമെന്ന് അവകാശപ്പെടുമ്പോഴും ഇസ്രയേൽ നേതാക്കളെയും പ്രമുഖ കമാന്റർമാരെയും ട്രാക്ക് ചെയ്ത് കൊലപ്പെടുത്തുന്നതിൽ വിജയിക്കുന്നു.
നസ്‌റള്ളയുടെ കൊലപാതകം വലിയ വിജയമാണെന്ന് ഇസ്രായേൽ അവകാശപ്പെടുന്നത്. എന്നാൽ ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘർഷം വർധിക്കുന്നതിനും യുദ്ധ വ്യാപനത്തിനും സംഭവം ആക്കം വർധിപ്പിക്കുമെന്ന വിലയിരുത്തലിലാണ് വിദഗ്ധർ.
ശനിയാഴ്ച ഹൂത്തികൾ ജറുസലേമിലേക്ക് ബാലിസ്റ്റിക് മിസൈൽ തൊടുത്തുവിട്ടു. മിസൈൽ പ്രതിരോധം തടഞ്ഞതിനാൽ കാര്യമായ നാശം സംഭവിച്ചില്ലെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു. തുടർന്ന് ഇറാനെതിരെ ഇസ്രയേൽ പ്രധാനമന്ത്രി ഭീഷണി മുഴക്കി. തങ്ങൾക്ക് കടന്ന് എത്താൻ സാധിക്കാത്ത ഒരിടവും ഇല്ലെന്ന് നെതന്യാഹു പ്രസ്താവിച്ചു. ഇസ്രയേലിലേക്ക് കൂടുതൽ ആഴത്തിൽ ഹിസ്ബുളളയുടെ റോക്കറ്റ് ആക്രമണവും വ്യാപിക്കുന്നുണ്ട്്്.