മലപ്പുറം : എന്തായാലും പുറത്താക്കി, ഇനി തീപ്പന്തംപോലെ കത്തുമെന്ന് പി.വി.അൻവർ എംഎൽഎ. പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന സൂചനയും അൻവർ വാർത്താ സമ്മേളനത്തിൽ വെളിപ്പെടുത്തി.
സിപിഎം പൂർണമായും തളളിപ്പറയുകയും ഒറ്റപ്പെടുത്തുന്നതിന് ആഹ്വാനം ചെയ്തതോടെയാണ് പി.വി. അൻവർ കൂടുതൽ പ്രതികരണത്തിലേക്ക് കടക്കുന്നത്. പ്രതിസന്ധികളുണ്ടായിരുന്നു, ഇപ്പോൾ എന്തായാലും പുറത്താക്കി, ഇനി തീപ്പന്തം പോലെ കത്തും’ എന്നാണ് അൻവർ മലപ്പുറത്ത് പറഞ്ഞത്
സിപിഎമ്മിനെ ദുർബലപ്പെടുത്താൻ ശ്രമിച്ചിട്ടില്ലെന്ന് പി.വി.അൻവർ. പാർട്ടിയെ ദുർബലപ്പെടുത്താൻ പൊലീസ് ശ്രമിക്കുന്നു എന്നാണ് പറഞ്ഞത്. താൻ കൊടുത്ത പരാതികൾ പാർട്ടി പരിശോധിക്കുക പോലും ചെയ്തിട്ടില്ല. അന്വേഷണം നടക്കുന്നു എന്നാണ് പറയുന്നത്. അതുകൊണ്ട് മാത്രമായില്ല. പൊലീസിൽ നിന്ന് ജനത്തിന് സഹായം ലഭിച്ചില്ല. പല കേസുകളും അട്ടിമറിക്കാനാണ് പൊലീസിന്റെ ശ്രമം. പൊലീസ് ചെയ്യേണ്ട പണി താൻ ചെയ്യേണ്ട അവസ്ഥയാണെന്നും പി വി അൻവർ പറഞ്ഞു
എം.വി.ഗോവിന്ദൻ പറയുന്നതിൽ വസ്തുതവേണം. അച്ചടിഭാഷ മാത്രം സംസാരിച്ചിട്ട് കാര്യമില്ലെന്ന് പരിഹാസം. ആര് പറയുന്നതാണ് സത്യമെന്ന് പാർട്ടി പ്രവർത്തകർ തീരുമാനിച്ചോട്ടെയെന്നും അൻവർ.
‘തനിക്കൊരാളെയും ഇനി പേടിക്കേണ്ട കാര്യമില്ല. ഇനി ജനങ്ങളോട് സമാധാനം പറഞ്ഞാൽമതി. പണ്ടെനിക്ക് പരിമിതിയുണ്ടായിരുന്നു. അതിൽനിന്ന് തന്നെ ഫ്രീയാക്കി വിട്ടിരിക്കുകയാണ്. ജനങ്ങളെ വച്ച് സംസാരിക്കും, പ്രതിരോധിക്കും. നിയമം ജനങ്ങൾക്കുള്ളതാണ്. അത് കേന്ദ്രമായാലും സംസ്ഥാനമായാലും ജനങ്ങളെ സംരക്ഷിക്കുംവിധം കാലികമായി മാറ്റം വരുത്തണം. ഇതൊരു വെള്ളരിക്കാപ്പട്ടണമായി മാറിയിരിക്കുന്നു. ജനങ്ങൾക്ക് നീതിയില്ല. ജനങ്ങൾക്ക് മിണ്ടാൻ പാടില്ല. ആ കുറിച്ചാണ് തനിക്ക് സംസാരിക്കാനുള്ളത്. സംസാരിച്ചുകൊണ്ടേയിരിക്കും. എന്തായാലും പുറത്താക്കി. വാച്ച്മാന്റെ പണിയും പോയി’- എന്നും അദ്ദേഹം പറഞ്ഞു.
‘അടിമകളല്ലാത്ത മനുഷ്യർ ഈ നാട്ടിലുണ്ടോയെന്ന് നോക്കാം. ഇങ്ങനെയുണ്ടോ ഒരു അടിമത്തം. ഈ കപ്പലൊന്നാകെ മുങ്ങാൻ പോവുകയല്ലേ– അതിനു മുമ്പ് അതിൽ ഒരു ഹോൾ ഇട്ടുകൊടുത്ത് വെള്ളം കയറുമോ എന്ന് നോക്കുമല്ലോ. അപ്പോൾ കപ്പിത്താന്മാർ ശ്രദ്ധിക്കുമല്ലോ. അതോടെ കരയ്ക്കടുപ്പിച്ച് ശരിയാക്കും. ആ പണിയാണ് ഞാൻ ചെയ്തത്. പക്ഷേ, ഞാൻ തന്നെ കപ്പൽ മുക്കുന്നവനാണെന്നാണ് ഇപ്പോൾ പറയുന്നത്. ആയിക്കോട്ടെ’- അൻവർ പറഞ്ഞു.
ഞായറാഴ്ച നിലമ്പൂരിലും തിങ്കളാഴ്ച കോഴിക്കോട്ടും പൊതുയോഗം നടത്തും. മലപ്പുറത്തെ 16 മണ്ഡലങ്ങളിലും താൻ പ്രസംഗിക്കുമെന്നും അൻവർ പറഞ്ഞു.
ജനങ്ങൾ തയാറാണെങ്കിൽ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്ന കാര്യം ആലോചിക്കുമെന്നും അൻവർ പറഞ്ഞു. പരിപൂർണമായ മതേതര സ്വഭാവമുള്ള പാർട്ടിയായിരിക്കും രൂപീകരിക്കുക.