ഹാൻസ്് മൊത്ത വ്യാപാരിയായ മുജീബ് തനിക്കുവേണ്ടി കൊണ്ടുവന്ന സാധനങ്ങളാണ് തട്ടിയെടുക്കാൻ ശ്രമിച്ചത്്
ആലുവ : ആലുവയിൽ തോക്കുചൂണ്ടി ഹാൻസുമായി വന്ന കാറും ഡ്രൈവറേയും തട്ടിക്കൊണ്ടുപോയ കേസിൽ ക്വട്ടേഷൻ കൊടുത്ത പാലക്കാട് തൃത്താല ആനിക്കര പയ്യാറ്റിൽ വീട്ടിൽ ഇപ്പോൾ ഏലൂർ മഞ്ഞുമ്മൽ കലച്ചൂർ റോഡിൽ വാടകക്കു താമസിക്കുന്ന മുജീബ് (44) നെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. മുജീബിനുവേണ്ടി കൊണ്ടുവരുകയായിരുന്ന ഹാൻസ് ആണ് തട്ടിയെടുക്കാൻ ഇയാൾ തന്നെ ക്വട്ടേഷൻ കൊടുത്തതെന്ന് പോലീസ് പറഞ്ഞു. ക്വട്ടേഷൻ കൊടുത്ത് ഹാൻസും കാറും തട്ടിയെടുത്ത് മറച്ചു വിൽക്കുകയിരുന്നു മുജീബിൻറെ ലക്ഷ്യം.
എറണാകുളം, ആലപ്പുഴ ജില്ലകളിലെ പ്രധാന ഹാൻസ് മൊത്ത വിതരണക്കാരനാണ് ഇയാൾ. കഴിഞ്ഞ 31ന് പുലർച്ചെ കമ്പനിപ്പടി ഭാഗത്ത് വച്ചാണ് ഹാൻസുമായി കാറിലെത്തിയ പൊന്നാനി സ്വദേശി സജീറിനെ ഏഴംഗ സംഘം തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി വാഹനമുൾപ്പെടെ തട്ടിക്കൊണ്ടുപോയത്. മർദ്ദിച്ച ശേഷം ഇയാളെ കളമശേരിയിൽ ഇറക്കി വിട്ടു. പിന്നീട് ഫോണും കാറുമായി സംഘം കടന്നു കളയുകയായിരുന്നു. ബാംഗ്ലൂരിൽ നിന്നും ഹാൻസ് ആലുവയിൽ എത്തിച്ചപ്പോഴാണ് സംഘം തട്ടിക്കൊണ്ട് പോയത്. സംഭവത്തിന് ശേഷം ഒളിവിൽ കഴിയുകയായിരുന്ന മുജീബിനെ കളമശേരിയിൽ നിന്നുമാണ് പിടികൂടിയത്. ഇയാളുടെ കാറിലും വീട്ടിലുമായി സൂക്ഷിച്ച അഞ്ച് ചാക്ക് ഹാൻസ് പോലീസ് പിടികൂടി. കാറും കസ്റ്റഡിയിലെടുത്തു ഇയാൾ ഇതിന് മുൻപും സമാന തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് സൂചന.
സംഭവവുമിയ ബന്ധപ്പെട്ട് ക്വട്ടേഷൻ സംഘത്തിലെ അൻസാബ്, അരുൺ അജിത് എന്നിവരെ കൊല്ലത്തുനിന്നും അറസ്റ്റ് ചെയ്തിരുന്നു. ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിൻറെ നേതൃതത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിൽ എസ്.എച്ച്.ഒ എൽ.അനിൽകുമാർ, എസ്.ഐ പി.എസ്.ബാബു, സി.പി.ഒ മാരായ മാഹിൻ ഷാ അബൂബക്കർ, മുഹമ്മദ് അമീർ, കെ.ബി.സജീവ് എന്നിവരാണുള്ളത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കൂടുതൽ പ്രതികൾക്കായി അന്വേഷണം വ്യാപിപ്പിച്ചതായി എസ്.പി പറഞ്ഞു