Tuesday, December 24, 2024

Top 5 This Week

Related Posts

എസ്.പി സുജിത് ദാസും സംഘവും ബലാത്സംഗം ചെയ്തു : വീട്ടമ്മയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

ഉസ്മാൻ അഞ്ചുകുന്ന്

മലപ്പുറത്ത് വസ്തുതർക്കം പരിഹരിക്കുന്നതിന് പരാതിയുമായി സമീപിച്ച യുവതിയെ എസ്പി യായിരുന്ന സുജിത് ദാസ് അടക്കം പോലീസ് ഓഫീസർമാർ ബലാത്സംഗം ചെയ്തതായി യുവതിയുടെ പരാതി.

മലപ്പുറം മുൻ എസ്പി സുജിത് ദാസ്, തിരൂർ മുൻ ഡിവൈഎസ്പി വി വി ബെന്നി, പൊന്നാനി മുൻ സിഐ വിനോദ് എന്നിവർ ബലാത്സംഗം ചെയ്തുവെന്നാണ് യുവതി മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരിക്കുന്നത്.വസ്തു പ്രശ്നത്തിൽ പരാതി നൽകിയ യുവതിയെ മലപ്പുറം എസ്.പി സുജിത്ത് ദാസ് ക്വാർട്ടേഴ്സിലേക്ക് വിളിച്ചു വരുത്തിയാണ് ബലാത്സംഗം ചെയ്തത്. പിന്നീട് കസ്റ്റംസ് ഓഫീസർമാർക്ക് തന്നെ കാഴ്ചവെക്കാൻ ശ്രമിച്ചതായും യുവതി പറഞ്ഞു. ഡി.വൈ.എസ്.പിയും സി.ഐയും തന്നെ വീട്ടിലെത്തിയാണ് ബലാത്സംഗം ചെയ്തതെന്നും യുവതി മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും നൽകിയ പരാതിയിൽ പറഞ്ഞു.
സംസ്ഥാനത്തെ ഉന്നതരായ പോലീസ് ഉദ്യോഗസ്ഥർക്കെതിരെയാണ് ഗുരുതരമായ ആരോപണമുയർന്നിരിക്കുന്നത്.

ഇത് സംബന്ധിച്ച് യുവതിയുടെ മൊഴിയടക്കം റിപ്പോർട്ടർ ടി.വി. വാർത്ത പ്രസിദ്ധീകരിച്ചു. റിപ്പോർട്ടർ ടി.വി. യുവതിയുടെ മൊഴി പ്രസിദ്ധീകരിച്ചത് താഴെ കൊടുക്കുന്നു


പറയാന്‍ പോകുന്നത് ഞാന്‍ അനുഭവിച്ച വേദനയാണ്. ഞാന്‍ വിനോദ് സാറിന്റെ അടുത്ത് പരാതിയുമായി പോയി. വീടിന്റെ അവകാശത്തിന്റെ കാര്യത്തിനാണ് പോയത്. ഞാന്‍ അങ്ങോട്ട് വരാമെന്ന് സാര്‍ പറഞ്ഞു. ഞാനും വീട്ടിലുള്ള പെണ്ണും തിണ്ണയില്‍ കിടക്കുകയായിരുന്നു. ഒമ്പതര സമയത്ത് വാതിലില്‍ മുട്ടി, ഞാന്‍ തുറന്നു. ഇതാരാണെന്ന് കൂടെയുള്ള പെണ്ണ് ചോദിച്ചു. പൊന്നാനി സിഐ ആണെന്ന് ഞാന്‍ മറുപടി പറഞ്ഞു. ഞങ്ങള്‍ തിണ്ണയില്‍ ഇരുന്ന് സംസാരിച്ചു. രഹസ്യം പറയാനുണ്ടെന്ന് പറഞ്ഞ് റൂമിലേക്ക് വിളിച്ചു. റൂമില്‍ ചെന്നപ്പോള്‍ കതക് അടയ്ക്കാന്‍ പറഞ്ഞു, ഞാന്‍ അടച്ചു. ബലമായി എന്നെ പിടിച്ചു എനിക്ക് വഴങ്ങിക്കൊടുക്കേണ്ടി വന്നു.

എന്താണ് വാതില്‍ തുറക്കാതിരുന്നത് എന്ന് കൂടെയുള്ള പെണ്ണ് ചോദിച്ചു. എനിക്ക് എല്ലാം മനസ്സിലായി, ഞാന്‍ രണ്ടു കുട്ടികളുടെ ഉമ്മയാണെന്ന് പറഞ്ഞു. വേറെ കാര്യമാണ് സംസാരിച്ചത് എന്ന് പറഞ്ഞ് അയാള്‍ പോയി. പിന്നീട് ഈ കേസ് സംബന്ധിച്ച് നിയമനടപടികള്‍ ഉണ്ടായില്ല. വീണ്ടും പരാതി എഴുതി ഡിവൈഎസ്പി ബെന്നിക്ക് നല്‍കി. ഡിവൈഎസ്പി ബെന്നി പരാതി മുഴുവന്‍ വായിച്ചു. അത് തേഞ്ഞു പോകില്ലല്ലോ അവിടെത്തന്നെ കാണുമല്ലോ എന്നും പറഞ്ഞു. പിന്നീട് വെറുതെ പറഞ്ഞതാണെന്ന് പറഞ്ഞു ചിരിച്ചു. കുറെ നാള്‍ ഇതിനെക്കുറിച്ച് ഒരു വിവരവും ഉണ്ടായില്ല.

ഒരു ദിവസം ഡിവൈഎസ്പി സാധാരണ ഡ്രസ്സില്‍ വീട്ടില്‍ കയറി വന്നു. നിന്റെ കാര്യം ശരിയായിട്ടുണ്ട് എന്ന് പറഞ്ഞു, ഇരുന്ന് ജ്യൂസ് കുടിച്ചു. എന്നെ പിടിച്ചു വലിച്ചു, പക്ഷേ ഞാന്‍ വഴങ്ങിക്കൊടുത്തില്ല. എന്നെ ഉമ്മ വെച്ചശേഷം മടങ്ങിപ്പോയി. രണ്ടുമൂന്നു മാസത്തേക്ക് ഇത് സംബന്ധിച്ച് ഒരു വിവരവും ഉണ്ടായില്ല.

പരാതി നല്‍കാനായി എസ്പിയുടെ ഓഫീസില്‍ മൂന്നുതവണ കയറിയിറങ്ങി. എന്റെ റൂമിലേക്ക് വരൂ അവിടെവച്ച് സംസാരിക്കാമെന്ന് എസ്പി പറഞ്ഞു. അവിടെവെച്ച് പീഡിപ്പിക്കപ്പെട്ടു. എന്റെ വീടും ശരിയായില്ല വിനോദ് ചെയ്തതിനും നടപടി ഉണ്ടായില്ല. മൂന്നുപേരും ചേര്‍ന്ന് എന്നെ മുതലാക്കി, എനിക്ക് നീതി ലഭിച്ചില്ല.

ഒരു ദിവസം എസ്പി വിളിച്ചു സംസാരിച്ചു. അക്കൗണ്ട് വിവരം ചോദിച്ചു. ഇഷ്ടമുള്ള അത്രയും പൈസ എടുത്തോളൂ എന്നു പറഞ്ഞു. പേടിയാണ് പൈസ വേണ്ടെന്ന് ഞാന്‍ പറഞ്ഞു. അയാള്‍ എന്നെ നിര്‍ബന്ധിച്ചില്ല, പിന്നീട് അതിനെക്കുറിച്ച് ഞാന്‍ ചിന്തിച്ചില്ല. അയാളുടെ ഓഫീസില്‍ വച്ചാണ് സംസാരിച്ചത്. സിറ്റൗട്ടിലിട്ട എന്റെ ചെരുപ്പ് അയാള്‍ അകത്തു കൊണ്ടുവന്നു. ഒന്നരമണി മുതല്‍ നാലര മണി വരെ അയാള്‍ എന്നെ ഉപദ്രവിച്ചു. അയാള്‍ മദ്യലഹരിയില്‍ ആയിരുന്നു, എന്നെയും കുടിക്കാന്‍ നിര്‍ബന്ധിച്ചു. പെണ്ണുങ്ങള്‍ക്കുള്ള ബിയര്‍ ആണെന്ന് പറഞ്ഞെങ്കിലും ഞാന്‍ കുടിച്ചില്ല. പുറത്തു പറഞ്ഞാല്‍ പുറംലോകം ഇല്ലെന്നു പറഞ്ഞു ഭീഷണിപ്പെടുത്തി. രണ്ടു കുട്ടികള്‍ക്ക് ഉമ്മ ഇല്ലാതാക്കും എന്ന് പറഞ്ഞു.

മുഖ്യമന്ത്രിക്ക് ഞാന്‍ പറഞ്ഞതിന് അപ്പുറം ഇല്ലെന്നാണ് എസ്പി പറഞ്ഞത്. മറ്റ് ഉദ്യോഗസ്ഥരും ഞാന്‍ പറയുന്നത് മാത്രമേ കേള്‍ക്കൂ എന്ന് പറഞ്ഞു. ഞാന്‍ ഒന്നും പറയില്ലെന്ന് തലയില്‍ കൈവെച്ച് സത്യം ചെയ്തു. കുറച്ചുദിവസം നല്ല വിഷമം ഉണ്ടായിരുന്നു, പിന്നെ അത് മറന്നു. വീണ്ടും പരാതിയുമായി പോയാല്‍ എന്നെ ഉപദ്രവിക്കില്ലേ. ഉപദ്രവിച്ച ആളുകളോട് തന്നെയല്ലേ പരാതി പറയേണ്ടത്.’

‘എസ്പിയെ കുറിച്ചുള്ള വാര്‍ത്തകള്‍ കേട്ടപ്പോള്‍ പറയാന്‍ തോന്നി. എനിക്ക് എംഎല്‍എയെ കാണണം, കുറെ കാര്യങ്ങള്‍ പറയാനുണ്ട്. ഇനി ഒരു സ്ത്രീയെയും ഇവരാരും ഉപദ്രവിക്കരുത്. ഞങ്ങള്‍ പാവങ്ങളും അവര്‍ വലിയ പിടിപാടുള്ള ആളുകളും അല്ലേ. അതുകൊണ്ടാണ് എന്റെ കാര്യം തള്ളിക്കളഞ്ഞത്. മുഖ്യമന്ത്രിയെ അറിയാം, ഉന്നതരുമായി ബന്ധമുണ്ടെന്നൊക്കെ പറഞ്ഞു. വിനോദിന്റെ പേര് പറഞ്ഞതുപോലെ എന്റെ പേര് പറയരുതെന്ന് പറഞ്ഞു. പേടി കാരണം പറയില്ലെന്ന് വാക്കു കൊടുത്തു.’ ഇതാണ് യുവതിയുടെ വെളിപ്പെടുത്തിയതായി റിപ്പോര്ട്ടര് ടി,വി, പ്രസിദ്ധീകരിച്ചിരിക്കുന്നത്.

സംസ്ഥാനത്ത് ഏറെ കോളിളക്കമുണ്ടാക്കുന്ന പരാതിയാണ് ഉയർന്നിരിക്കുന്നത്. എസ്.പി. സുജിത് ദാസിനെ വ്യാഴാഴ്ച സർക്കാർ സസ്‌പെൻഡ് ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles