വ്യത്യസ്ത മതവിഭാഗങ്ങളിൽപെട്ട നമ്മളാണ് ജനങ്ങളെ അവരുടെ ജീവിതത്തിന്റെ തുരങ്കങ്ങളിൽ മുന്നോട്ടുനടക്കാൻ സഹായിക്കേണ്ടത്.
ജക്കാർത്ത: സംഘർഷങ്ങൾക്കു തിരികൊളുത്താൻ മതത്തെ ഉപയോഗിക്കരുതെന്ന് ഫ്രാൻസിസ് മാർപാപ്പയും ഇൻഡൊനീഷ്യയിലെ ഗ്രാൻഡ് ഇമാം നസറുദ്ദീൻ ഉമറും
സമാധാന സന്ദേശത്തിൽ ആവശ്യപ്പെട്ടു.
ഏഷ്യാ-പസഫിക് രാജ്യങ്ങളിൽ മാർപാപ്പ നടത്തുന്ന 12 ദിനസന്ദർശനത്തിന്റെ ഭാഗമായി ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർത്തയിലെ പ്രസിദ്ധമായ ഇസ്തിഖ്ലാൽ മസ്ജിദ് സന്ദർശിച്ച ശേഷം
‘മാനവരാശിക്കായി മതസൗഹാർദം’ (ജോയിന്റ് ഡിക്ലറേഷൻ ഓഫ് ഇസ്തിഖ്ലാൽ 2024) എന്ന പ്രഖ്യാപനത്തിൽ ഇരുവരും ഒപ്പിട്ടു. ”നാമെല്ലാവരുടെ സഹോദരങ്ങളാണ്. ഏതു വ്യത്യാസത്തിനുമപ്പുറം നാമെല്ലാം സ്വന്തം ദൈവത്തിലേക്ക് സഞ്ചരിക്കുന്ന തീർഥാടകരാണ്”- മാർപാപ്പ പ്രസംഗത്തിൽ പറഞ്ഞു
മസ്ജിദും -കത്തോലിക്കാ പള്ളിയുമായി ബന്ധിപ്പിക്കുന്ന തുരങ്കപാതയായ ‘ടണൽ ഓഫ് ഫ്രണ്ട്ഷിപ്പി’ലൂടെയായിരുന്നു മാർപാപ്പയെ ആനയിച്ചത്.
വ്യത്യസ്ത മതവിഭാഗങ്ങളിൽപെട്ട നമ്മളാണ് ജനങ്ങളെ അവരുടെ ജീവിതത്തിന്റെ തുരങ്കങ്ങളിൽ മുന്നോട്ടുനടക്കാൻ സഹായിക്കേണ്ടതെന്ന് പള്ളിക്കും ചർച്ചിനും ഇടയിലുള്ള തുരങ്കപാതയെ സൂചിപ്പിച്ച് അദ്ദേഹം പറഞ്ഞു. അവർക്ക് വെളിച്ചത്തിലേക്കു പാത തുറന്നുകൊടുക്കണം. യുദ്ധങ്ങൾ ന്യായീകരിക്കാൻ വേണ്ടി മതങ്ങളെ ദുരുപയോഗം ചെയ്യാറുണ്ട്. ഓരോ മനുഷ്യജീവന്റെയും ആത്മാഭിമാനം സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം എല്ലാവർക്കുമുണ്ട്. ഒരുപാട് വെല്ലുവിളികൾ നിറഞ്ഞ കാലത്ത് സാഹോദര്യം കൊണ്ടാണു നമ്മൾ പ്രതികരിക്കേണ്ടതെന്നും മാർപാപ്പ പറഞ്ഞു. നാനാത്വത്തിൽ ഏകത്വമെന്ന ഇന്തോനേഷ്യയുടെ സന്ദേശം എന്നും ഉയർത്തിപ്പിടിക്കാനാകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
.
കുട്ടികൾക്കും സ്ത്രീകൾക്കുമെതിരെ ഉൾപ്പെടെയുള്ള അതിക്രമങ്ങൾക്കുള്ള ന്യായമായി മതത്തെ ദുരുപയോഗം ചെയ്യുന്നത് ആശങ്കാജനകമാണ്.തദ്ദേശീയവും പ്രാദേശികവും അന്താരാഷ്ട്രീയവുമായ സംഘർഷങ്ങൾക്കുള്ള ഫലപ്രദമായ പരിഹാര മാർഗമായി മതാന്തര സംവാദങ്ങളെ അംഗീകരിക്കണം. മനുഷ്യകുലത്തിന്റെ സമാധാനപരമായ ജീവിതത്തിനു വിഘ്നം നിൽക്കുന്ന പാരിസ്ഥിതികമായ പ്രതിസന്ധികൾക്കു പരിഹാരം കാണാനുള്ള കൂട്ടായ യത്നങ്ങളുണ്ടാകണം എന്നതാണ് സംയുക്ത പ്രഖ്യാപനത്തിലെ പ്രധാന കാര്യങ്ങൾ.
ഹൃദ്യമായ സ്വീകരണം
തെക്കുകിഴക്കൻ ഏഷ്യയിലെ ഏറ്റവും വലിയ പള്ളിയായ ഇസ്തിഖ്ലാലിൽ നടന്ന ഇന്റർഫെയ്ത്ത് സമ്മേളനത്തിന്റെ വേദിയിലേക്ക് ഹൃദ്യമായ സ്വീകരണമാണ് കത്തോലിക്കസഭയുടെ പരമാധ്യക്ഷന്് ഒരുക്കിയത്. സ്വീകരണത്തിന്റെ ചിത്രവും വീഡിയോയും ലോകമാധ്യമങ്ങളിൽ വാർത്തയാണ്. ഇമാമിനെ നേരിൽകണ്ടതോടെ കൈയിൽ ചുംബിച്ച് അഭിവാദ്യം ചെയ്തു മാർപാപ്പ. മാർപാപ്പയെ ആലിംഗനം ചെയ്തും നെറ്റിയിൽ മുത്തം നൽകിയും ഇമാം നാസറുദ്ദീൻ തിരിച്ചും സ്നേഹാദരം പ്രകടിപ്പിച്ചു. പള്ളിയിൽ നടന്ന ചടങ്ങുകളിൽ ഖുറാനും ബൈബിളും പാരായണം ചെയ്തു.
ക്രിസ്ത്യൻ, ബുദ്ധ, ഹിന്ദു, കൺഫ്യൂഷൻ ഉൾപ്പെടെ ഇന്തോനേഷ്യയിലെ അംഗീകൃത മതവിഭാഗങ്ങളിൽനിന്നുള്ള നേതാക്കളും മാർപാപ്പയെ സ്വീകരിക്കാനെത്തി.
ജക്കാർത്തയിൽ തന്നെ ഒരു ലക്ഷത്തോളം പേർ പങ്കെടുക്കുന്ന പൊതുസമ്മേളനത്തിലും മാർപാപ്പ പങ്കെടുത്തു. ഇന്തോനേഷ്യൻ പ്രസിഡന്റ് ജോക്കോ വിദോദോയുമായി കൂടിക്കാഴ്ച നടത്തി.