ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ വിവാദത്തിൽ പ്രതികരിച്ച് നടൻ മ്മൂട്ടി. സിനിമയിൽ ഒരു ശക്തി കേന്ദ്രവുമില്ലെന്നാണ് മമ്മൂട്ടിയുടെ പ്രതികരണം. വിവാദങ്ങളിൽ ആദ്യം പ്രതികരിക്കേണ്ടത് സംഘടനയും നേതൃത്വവുമാണ് അതുകൊണ്ടാണ് പ്രതികരണം വൈകിയതെന്ന് മമ്മൂട്ടി പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ പ്രമുഖ നടൻമാർ മൗനം പാലിക്കുന്നത് സാമൂഹ്യമാധ്യമങ്ങളിൽ വിമർശിക്കപ്പെട്ടിരിക്കെയാണ് മോഹൻലാലും ഇപ്പോൾ മമ്മൂട്ടിയും പ്രതികരിച്ചിരിക്കുന്നത്.
സിനിമ സമൂഹത്തിന്റെ പരിച്ഛേദമാണെന്ന് മമ്മൂട്ടി പറഞ്ഞു. സമൂഹത്തിലെ എല്ലാ നന്മയും തിന്മയും സിനിമയിലുണ്ട്. സിനിമ മേഖല സമൂഹം സൂക്ഷ്മമായി ശ്രദ്ധിക്കുന്ന ഒന്നാണ്. അവിടെ സംഭവിക്കുന്ന ചെറുതും വലുതും എല്ലാ കാര്യങ്ങളും വലിയ ചർച്ചയാവും. ഈ രംഗത്ത് അനഭലഷണീയമായത് ഒന്നും സംഭവിക്കാതിരിക്കാൻ സിനിമാ പ്രവർത്തകർ ശ്രദ്ധിക്കേണ്ടതാണെന്ന് മമ്മൂട്ടി പറഞ്ഞു.
കമ്മിറ്റി റിപ്പോർട്ടിനെയും നിർദ്ദേശങ്ങളെയും സർവ്വാത്മനാ സ്വാഗതം ചെയ്യുന്നവെന്നും പിന്തുണക്കുന്നുവെന്നും മമ്മൂട്ടി വ്യക്തമാക്കി. സിനിമാ മേഖലയിലെ എല്ലാ കൂട്ടായ്മകളും വേർതിരിവുകൾ ഇല്ലാതെ കൈകോർത്തു നിൽക്കേണ്ട സമയമാണ്. ഉയർന്നുവന്ന പരാതികളിൽ പോലീസ് അന്വേഷണം ശക്തമായി മുന്നോട്ടുപോകട്ടെയെന്നും മമ്മൂട്ടി പറഞ്ഞു.