പി.വി. അൻവർ എം.എൽ. എയുടെ ആരോപണം സർക്കാരിനെ ഉലയ്ക്കുന്നു
കൊച്ചി: എ.ഡി.ജി.പി എംആർ ആർ അജിത് കുമാറിനെതിരെയും മുഖ്യമന്തിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കെതിരെയും പി.വി അൻവർ എം.എൽ എ നടത്തിയ ഗുരുതരമായ വെളിപ്പെടുത്തലുകൾ രാഷ്ട്രീയ കൊടുംകാറ്റായി വീശുന്നു.
എ.ഡി.ജി.പി കൊടും ക്രിമിനലാണെന്നും ദാവൂദ് ഇബ്രാഹീമിനെക്കാൾ വലിയ ക്രിമിനലാണെന്നും പി. ശശിയാണ് എം.ആർ അജിത് കുമാറിനെ സംരക്ഷിക്കുന്നതെന്നുമുള്ള ഭരണകക്ഷി എം.എൽഎയുടെ വെളിപ്പെടുത്തലുകൾ വരും ദിവസങ്ങളിൽ സംസ്ഥാനത്ത് വൻ കൊടുങ്കാറ്റായി മാറുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്.
എ.ഡി.ജി.പിക്കെതിരെ നിലവിൽ ഉന്നയിക്കപ്പെട്ട ആരോപണങ്ങളിൽ സ്വർണ്ണക്കടത്ത് മുതൽ കൊലപാതകം വരെയുണ്ട്. കോഴിക്കോട് നിന്നും ഒരു വർഷം മുമ്പ് കാണാതായ മാമി എന്ന വ്യാപാരിയുടെ തിരോധാനത്തിനു പിന്നിലും ചില ഉന്നത കരങ്ങൾ ഉണ്ടെന്ന് എം.എൽ. വെളിപ്പെടുത്തിയതോടെ അന്വേഷിക്കാതെ നിവൃത്തിയില്ലാതെ സർക്കാർ പൂർണ്ണമായും പ്രതിരോധത്തിലാവുകയാണ്.
മുഖ്യമന്ത്രിയുടെ ഓഫീസ് നിയന്ത്രിക്കുന്നത് ഒരു കോക്കസാണെന്ന് വെളിപ്പെടുത്തിയതോടെ മുഖ്യമന്ത്രിയും പ്രതിരോധത്തിലാവുകയാണ്. പി. ശശിക്കെതിരെ ചില ഘടകകക്ഷികളിൽ തന്നെ മുറുമുറുപ്പുണ്ടെന്ന വസ്തുതകൾ നിലനിൽക്കെ പുതിയ വിവാദത്തിൽ നിന്നും മുഖ്യമന്ത്രിക്കും തലയൂരാനാവില്ല. മന്ത്രിമാരുടെ ഫോൺ ചോർത്തുന്നുവെന്ന ഭരണ കക്ഷി എം.എൽ.എ യുടെ വെളിപ്പെടുത്തൽ ഇടതുമുന്നണിയെ തന്നെ പ്രതിരോധത്തിലാക്കുകയാണ്. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി പി കൊലപാതകങ്ങൾ വരെ നടത്തിയിട്ടുണ്ടെന്ന വെളിപ്പെടുത്തലുകൾ ഞെട്ടിക്കുന്നതാണ്. ആഭ്യന്തര വകുപ്പിൽ ഇത്തരം കൊടുംക്രിമിനലുകളുണ്ടെന്ന വെളിപ്പെടുത്തലുകൾ സി.പി.എമ്മിനെ കടുത്ത പ്രതിരോധത്തിലാക്കുകയാണ്. ഫോൺ ചോർത്തലിന് സൈബർ സെല്ലിനെയും ഐ.പി.എസ് ഉദ്യോഗസ്ഥരെയും നിയമിച്ചിട്ടുണ്ടെന്ന വെളിപ്പെടുത്തലുകൾ രാഷ്ട്രീയ കേരളത്തെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ്. വരും ദിവസങ്ങളിൽ സംസ്ഥാനത്തെ രാഷ്ട്രീയന്തരീക്ഷം തിളച്ചുമറിയും.