Thursday, December 26, 2024

Top 5 This Week

Related Posts

ഞങ്ങളും കൃഷിയിലേക്ക് പിണ്ടിമനപഞ്ചായത്ത് തല സമിതി രൂപീകരിച്ചു


കോതമംഗലം: സംസ്ഥാനസർക്കാരിൻ്റെ രണ്ടാം നൂറ് ദിന കർമ്മ പരിപാടിയുടെ ഭാഗമായി “ഞങ്ങളും കൃഷിയിലേക്ക് ” എന്ന പദ്ധതിയുടെനടത്തിപ്പിനായി പിണ്ടിമനപഞ്ചായത്ത് തല സമിതി രൂപീകരിച്ചു.
ജനങ്ങളിൽ കാർഷിക സംസ്കാരം വളർത്തുക, പഞ്ചായത്തിലെ മുഴുവൻ കുടുംബങ്ങളേയും കൃഷിയിലേക്ക് ആകർഷിച്ച് കൊണ്ട് ചെയ്യാൻ സാധിക്കുന്ന വിളകൾ കൃഷി ചെയ്യുക, പഴം, പച്ചക്കറി, നെല്ല് എന്നിവയിൽ നമ്മുടെ ഗ്രാമം സ്വയം പര്യാപ്തത നേടുക, പഞ്ചായത്തിലെ വിളകൾക്ക് അവിടെത്തന്നെ വിപണി കണ്ടെത്തുക, മൂല്യവർദ്ധിത ഉല്പന്നങ്ങളുടെ സംസ്കരണം ഉറപ്പാക്കുക, സാമ്പത്തിക സാങ്കേതിക സഹായം കർഷകർക്ക് ലഭ്യമാക്കുക എന്നിങ്ങനെ വളരെ വിപുലമായ ഉദ്ദേശ്യലക്ഷ്യങ്ങളാണ് ഈ പദ്ധതിയിലുടെ ലക്ഷ്യം വയ്ക്കുന്നത്.
കൃഷി, മൃഗസംരക്ഷണം, ക്ഷീരം, മത്സ്യം, കുടുംബശ്രീ, തൊഴിലുറപ്പ്, ആരോഗ്യമേഖല, അദ്ധ്യാപകർ, സ്കൂൾ – അങ്കണവാടി കുട്ടികൾ എന്നിങ്ങനെ എല്ലാ വകുപ്പുകളേയും ഏകോപിച്ചു കൊണ്ടുള്ള കൂട്ടായ്മയും പദ്ധതി വിഭാവനം ചെയ്യുന്നു.
പഞ്ചായത്ത്തല സമിതികൾക്ക് പുറമെ വാർഡ്തലത്തിലും സമിതികൾ രൂപീകരിച്ച് വാട്സാപ്പ് ഗ്രൂപ്പുകൾ സൃഷ്ടിച്ച് മുഴുവൻ വിവരങ്ങളും എല്ലാവരിലേക്കും സമയബന്ധിതമായി എത്തിച്ചുകൊണ്ട് തുടർ പ്രവർത്തനങ്ങളിലൂടെ സമ്പൂർണ്ണ കാർഷിക വിപ്ലവത്തിലൂടെ സ്വയംപര്യാപ്തതയിലേക്ക് നീങ്ങുന്നതിനുള്ള മാർഗ്ഗങ്ങളും പദ്ധതി മുന്നോട്ട് വയ്ക്കുന്നു. വാർഡ്തല സമിതികൾക്ക് തിങ്കളാഴ്ച തുടക്കമാകും. യോഗത്തിൽ വാർഡ് മെമ്പർമാർ, കുടുംബശ്രീ അംഗങ്ങൾ, കർഷക കുടുംബങ്ങൾ, മികച്ച കർഷകർ, യുവജനങ്ങൾ, വനിതകൾ, കുട്ടികൾ തുടങ്ങീ മേഖലകളിലുള്ളവർ പങ്കെടുക്കും.ചടങ്ങിൽ പച്ചക്കറിവിത്തുകൾ വിതരണം ചെയ്യും. പിണ്ടിമന
പഞ്ചായത്ത് ഹാളിൽ വച്ച് ചേർന്ന പഞ്ചായതല സമിതിയുടെ രൂപീകരണം പ്രസിഡൻ്റ് ജെസ്സി.സാജു ഉത്ഘാടനം ചെയ്തു. വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപെഴ്സൺ സിബി പോൾ അദ്ധ്യക്ഷത വഹിച്ചു. കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ വി.പി.സിന്ധു പദ്ധതിയുടെ വിശദീകരണം നടത്തി.സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ ബേസിൽ എൽദോസ്, മേരി പീറ്റർ, മെമ്പർമാരായ റ്റി.കെ.കുമാരി, ലത ഷാജി, സി.എഡി.എസ് ചെയർപെഴ്സൺ ഉഷ ശശി, വൈസ് ചെയർപെഴ്സൺ മോളി ജോസഫ്, കാർഷിക വികസന സമിതിയംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, കർഷകർ തുടങ്ങീയ വർ പങ്കെടുത്തു. കൃഷി ഓഫീസർ ഇ.എം അനീഫ സ്വാഗതവും കൃഷി അസിസ്റ്റൻ്റ് വി.കെ.ജിൻസ് നന്ദിയും പറഞ്ഞു. പഞ്ചായത്ത് സമിതിയുടെ ചെയർമാനായി പ്രസിഡൻ്റ് ജെസ്സി.സാജു, വൈസ് ചെയർമാൻമാരായി സഹകരണ ബാങ്ക് പ്രസിഡൻ്റുമാരായ സണ്ണി വേളൂക്കര, സണ്ണി ജോസഫ് കൺവീനറായി കൃഷി ഓഫീസർ ഇ.എം അനീഫ എന്നിവരെ തെരെഞ്ഞെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles