Thursday, December 26, 2024

Top 5 This Week

Related Posts

കൊച്ചിയിൽ വ്യവസായത്തിന്റെ പുതുലോകം പിറക്കുന്നു

2500 കോടി നിക്ഷേപം പ്രതീക്ഷിക്കുന്ന ഗ്രാഫീൻ ഉല്പാദന- വികസന പദ്ധതിയുടെ പ്രാരംഭ പ്രവർത്തനത്തിനു സംസ്ഥാന സർക്കാർ 15 കോടി നീക്കിവച്ചു

കൊച്ചിയിൽ ആരംഭിക്കുന്ന ഗ്രാഫീൻ ഉൽപ്പാദനത്തിനും വികസനത്തിനുമായുള്ള ഇന്ത്യൻ ഇന്നൊവേഷൻ സെന്റർ ഫോർ ഗ്രാഫീൻ പ്രവർത്തനത്തിനു സംസ്ഥാന സർക്കാർ ആദ്യഗഡുവായി 15 കോടി വകയിരുത്തി. കേന്ദ്രാനുമതി നേടിയ പദ്ധതി സംസ്ഥാനത്തിന്റെ വ്യവസായ മുഖച്ഛായതന്നെ മാറ്റുന്നതാണ്.

ടാറ്റാ സ്റ്റീൽ ലിമിറ്റഡ് പങ്കാളിത്വത്തോടെ ഡിജിറ്റൽ സർവകലാശാലയും കേന്ദ്ര സർക്കാർ സ്ഥാപനമായ സെന്റർ ഫോർ മെറ്റീരിയൽ ഫോർ ഇലക്ട്രോണിക്സ് ടെക്നോളജിയും സംയുക്തമായാണ് പദ്ധതി ആരംഭിക്കുന്നത്. ഒപ്പം 2ഡി മെറ്റീരിയൽസ് പാർക്കും സ്ഥാപിക്കും. 50,000 പേർക്ക് നേരിട്ടും രണ്ടുലക്ഷം പേർക്ക് പരോക്ഷമായും തൊഴിൽ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ആദ്യഘട്ടത്തിൽ 2500 കോടിയുടെ നിക്ഷേപം പ്രതീക്ഷിക്കുന്നു. അഞ്ചുവർഷത്തിൽ 10,000 കോടിയുടെ വിറ്റുവരവും. ഇൻകുബേഷൻ, കപ്പാസിറ്റി ബിൽഡിങ്, പരിശീലനം, കൺസൾട്ടൻസി, വിജ്ഞാന കൈമാറ്റം, ഉൽപ്പന്ന വാണിജ്യവൽക്കരണ മേഖലകളിലാകും സംരംഭങ്ങൾ. കാർബണിന്റെ അപരരൂപങ്ങളായ കൽക്കരി, ഗ്രാഫൈറ്റ്, കാർബൺ നാനോ റ്റിയൂബുകൾ, ഫുള്ളറീൻ തന്മാത്രകൾ എന്നിവയുടെ ഏറ്റവും മൌലികമായ ഘടനാ ഏകകമാണ് ഗ്രാഫീൻ.

വജ്രത്തേക്കാൾ 40 ഇരട്ടിയും ഉരുക്കിനേക്കാൾ 200 ഇരട്ടിയും ശക്തിയുള്ള ഗ്രാഫീന് വിനിയോഗം ഭാവിയിൽ ഇലക്ട്രോണിക്സ്, വ്യവസായം, നിർമാണ മേഖലകളിൽ വലിയ മാറ്റത്തിന് കാരണമാകുമെന്നാണ് ശാസ്ത്ര ലോകം വിലയിരുത്തുന്നത്. ഗ്രാഫീനുകളെ സ്ഥായിത നഷ്ടപ്പെടാതെ വേർതിരിച്ചെടുത്തതിനും അതിന്റെ ഘടനയെയും സ്വഭാവവിശേഷങ്ങളെയും ഗവേഷണങ്ങൾക്കുമാണ് ആന്ദ്രെ ഗെയിം, കോൺസ്റ്റന്റൈൻ നോവോസെലോവ് എന്നിവർക്ക് 2010 ലെ ഭൌതികശാസ്ത്ര നോബൽ സമ്മാനം ലഭിച്ചത്.

അത്ഭുതമാണ് ഗ്രാഫീൻ

ഒരു അണുവിന്റെ മാത്രം കട്ടിയുള്ള, തേനീച്ചക്കൂടുപോലെ ഇടതൂർന്ന ക്രിസ്റ്റലികഘടനയുള്ള ദ്വിമാന കാർബൺ ആറ്റങ്ങളുടെ ഒരു പരന്ന പാളിയാണ് ഗ്രാഫീൻ. ഗ്രാഫൈറ്റ് എന്ന പേരിനൊപ്പം ഇരട്ടബന്ധനമുള്ള കാർബൺ സംയുക്തങ്ങളെ സൂചിപ്പിക്കുന്ന -ഈൻ എന്ന ധാതു കൂട്ടിച്ചേർത്താണ് ഗ്രാഫീൻ എന്ന പേരു സൃഷ്ടിച്ചിരിക്കുന്നത്. പല ഗ്രാഫീൻ പാളികൾ ഒന്നിനുമേൽ ഒന്നായി അടുക്കിയതാണ് സാധാരണ ഗ്രാഫൈറ്റിന്റെ ക്രിസ്റ്റലിക ഘടന. ഷഡ്കോണാകൃതിയിൽ 6 കാർബൺ ആറ്റമുകൾ തമ്മിൽ ബന്ധനത്തിലിരിക്കുന്ന ഒരു ഘടനയുടെ അനന്തമായ ആവർത്തനമാണ് ഗ്രാഫീൻ പാളിയിൽ കാണാനാവുക.ഒറ്റ ആറ്റത്തിന്റെ മാത്രം ‘കനം’ ഉള്ളതുകൊണ്ടും കാർബൺ അണുക്കൾ തമ്മിലുള്ള ബന്ധന അകലം 0.142 നാനോമീറ്റർ മാത്രം. ഏതാണ്ട് 70 ലക്ഷം ഗ്രാഫീൻ ഷീറ്റുകൾ ഒന്നിനുമീതേ അടുക്കിയാലും അതിനു ഒരു മില്ലീമീറ്റർ കനമേ കാണൂ.

എം.ഷാഹുൽ ഹമീദ്‌
എം.ഷാഹുൽ ഹമീദ്‌https://www.malanaduvartha.com
മാധ്യമ പ്രവർത്തകനാണ്. സാമൂഹ്യഹ്യ-രാഷ്ട്രീയ വിഷയങ്ങളിൽ വിവിധ ഓൺലൈൻ മാധ്യമങ്ങളിലും ആനുകാലികങ്ങളിലും എഴുതുന്നു. ദീപിക,മംഗളം, ദേശാഭി മാനി പത്രങ്ങളിൽ റിപ്പോർട്ടറായിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles