Thursday, December 26, 2024

Top 5 This Week

Related Posts

കോൺഗ്രസ് – മുസ്ലിം ലീഗ് കലഹം ; എന്താണ് തൊടുപുഴയിൽ സംഭവിച്ചത് ?

തൊടുപുഴ നഗരസഭ ചെയർമാൻ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് – മുസ്ലിം ലീഗ് ഭിന്നത യു.ഡി.എഫിന്റെ അടിത്തറ തോണ്ടുന്നതാണ്. പ്രശ്‌നം പരിഹിരിക്കുന്നതിന് നേതൃത്വത്തിന് സാധിക്കുന്നില്ലെങ്കിൽ തൊടുപുഴയിൽമാത്രമല്ല, ഇടുക്കി ജില്ലയിലും, പാർലമെന്റ് മണ്ഡലത്തിലും എല്ലാ ഭിന്നത വ്യാപിക്കും. പ്രത്യേകിച്ച് തൊടുപുഴയിൽ അടുത്ത തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ നേതൃസ്ഥാനം വരെ ലഭിക്കാത്ത വിധം യു.ഡി.എഫ് തകർന്നടിയുന്ന സ്ഥിതിയും സംഭവിക്കും.

എന്താണ് തൊടുപുഴയിൽ സംഭവിച്ചത്

2020 തദ്ദേശ തിരഞ്ഞെടുപ്പിൽ 35 അംഗ കൗൺസിലിൽ യു.ഡി.എഫിന് ഭരണസമിതി രൂപീകരിക്കുന്നതിനുളള ജനവിധി അനുകൂലമായിരുന്നു. ശക്്തമായ ത്രികോണ മത്സരത്തിൽ യു.ഡി.എഫ് 13, എൽ.ഡി.എഫ് 12, ബിജെപി -എട്ട്, സ്വതന്ത്രർ – രണ്ട് ( കോൺഗ്രസ് വിമതർ ) എന്നിങ്ങനെയായിരുന്നു കക്ഷിനില. കോൺഗ്രസ് – 5. മുസലിം ലീഗ് – 6 , കേരള കോൺഗ്രസ് ജോസഫ് വിഭാഗം- 2, എന്നിങ്ങനെയായിരുന്നു പാർട്ടി തിരിച്ച് അംഗങ്ങൾ. കോൺഗ്രസ് വിമതയായി മത്സരിച്ച് 19- ാം വാർഡിൽ നിന്ന് ജയിച്ച നിസ സക്കീർ കോൺഗ്രസിനോടൊപ്പം നിന്നതോടെയാണ് കോൺഗ്രസിനും ആറ് അംഗമായി.

പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ചെയർ പേഴ്‌സൺ സബീന ബിഞ്ചു

ചെയർമാൻ സ്്ഥാനത്തേക്കുളള തിരഞ്ഞെടുപ്പിൽ ആദ്യടേം രണ്ട്് വർഷം മുസ്ലിം ലീഗ്, തുടർന്ന് രണ്ട് വർഷം കോൺഗ്രസ്, അവസാനം ഒരു വർഷം ജോസഫ് വിഭാഗം എന്ന നിലയിൽ ധാരണയിലെത്തി. എന്നാൽ പി.ജെ. ജോസഫിന്റെ താല്പര്യപ്രകാരം ആദ്യ ടേം കേരള കോൺഗ്രസിനു വിട്ടുകൊടുക്കുന്നതിന് യു.ഡി.എഫ് ചെയർമാൻ തിരഞ്ഞെടുപ്പിനു തൊട്ടു മുമ്പ് തീരുമാനിച്ചു.
എന്നാൽ ചെയർമാൻ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ പ്രതീക്ഷകളെ അട്ടിമറിച്ച് സ്വതന്ത്രനായി ജയിച്ച സനീഷ് ജോർജ്്് എൽ.ഡി.എഫ്് പിന്തുണയോടെ ചെയർമാനായി. മുസ്ലിം ലീഗ് സീറ്റിൽ വിജയിച്ച ഒമ്പതാം വാർഡ് അംഗം ജെസ്സി ജോണി കൂറുമാറി വൈസ്‌ചെയർ പേഴ്‌സണുമായി.
ഇതോടെ യു.ഡി.എഫ് കക്ഷിനില വീണ്ടും 13 എന്ന നിലയിലേക്ക് എത്തി. കൂറുമാറിയ ജെസ്സി ജോണിയെ അയോഗ്യയാക്കുന്നതിന് മുസ്ലിം ലീഗ് നീക്കം നടത്തുന്നതിനിടെയാണ് 2021 ൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൽനിന്ന് 11-ാം വാർഡ് അംഗം മാതൃജോസഫ് കൂറുമാറി എൽഡിഎഫിൽ എത്തിയത്.

വൈസ് ചെയർമാൻ തിരഞ്ഞെടുപ്പിലും മുസ്ലിം ലീഗ് തോറ്റു

കൂറുമാറ്റ നിയമപ്രകാരം ജെസ്സി ആന്റണിയുടെ അയോഗ്യതയായതോടെ മാത്യുജോസഫിന്റെ പിന്തുണയിലാണ് എൽ.ഡി.എഫ് ഭരണം നിലനിർത്തിയത്. ഇതിനിട ജെസ്സി ആന്റണി രാജിവച്ച ഒഴുവിൽ വൈസ്-ചെയർമാൻ സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് എമ്മിലെ ജെസ്സി ആന്റണി 13-12 എന്ന നിലയിലാണ് മുസ്ലിം ലീഗിലെ ഷഹാന ജാഫറിനെ തോല്പിച്ചത്. മാത്യുജോസഫിന്റെ കൂറുമാറ്റമാണ് ഷഹാനയുടെ തോല്വി ഉറപ്പിച്ചത്.

ജെസി ജോണി അയോഗ്യയാക്കപ്പെട്ടതോടെ ഒമ്പതാം വാർഡിൽ കഴിഞ്ഞ
ജൂലായ 30 നടന്ന തിരഞ്ഞെടുപ്പ് യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥിയായി (മുസ്ലിം ലീഗ്) ജോർജ് ജോൺ വിജയിച്ചത്. യു.ഡി,എഫിന്റെ അംഗബലം വീണ്ടും 13 ആയി ഉയർന്നു. നേരത്തെ കൂറുമാറിയ മാതൃജോസഫിനെ ഹൈക്കോടതി അയോഗ്യനാക്കുകയും ചെയ്തു.

ഇങ്ങനെയിരിക്കെയാണ് മുനിസിപ്പൽ ചെയർമാനായ സനീഷ് അഴിമതിയുമായി ബന്ധപ്പെട്ട് വിജിലൻസ് കേസിൽ പ്രതിയാകുന്നത്. അവിശ്വാസ പ്രമേയം അവതരിപ്പിക്കാനിരിക്കെ സനീഷ് രാജിവച്ചു. ഇതോടെ മൂന്നരക്കൊല്ലത്തിനുശേഷം ഭരണം തിരിച്ചുപിടിക്കാനുളള സുവർണാവസരമാണ് യു.ഡി.എഫിന്റെ മുന്നിൽ തെളിഞ്ഞത്. തിങ്കളാഴ്ച വോട്ടെടുപ്പിലേക്കുപോകുമ്പോൾ 34 അംഗ കൗൺസിലിൽ യു.ഡി.എഫ്് 13 എൽ.ഡി.എഫ് -12, ബിജെപി എട്ട്, സനീഷ് ജോർജ് (സ്വതന്ത്രൻ) എന്നിങ്ങനെ കക്ഷി നിലയിൽ ഉറപ്പിക്കാവുന്ന ഭരണമാണ് കല്ലിലിട്ട കലംപോലെ തകർത്തത്.

ആദ്യ ടേംമും ആറ് മാസവും

യു.ഡി.എഫ് ചർച്ചയിൽ മുസ്ലിംലീഗും കോൺഗ്രസ്സും ജോസഫ് ഗ്രൂപ്പും ചെയർമാൻ സ്ഥാനം ആവശ്യപ്പെടുന്നു. ജില്ലാ സംസ്ഥാന നേതാക്കൾ ഒറ്റക്കും കൂട്ടായും ചർച്ച നടത്തി. ഒരംഗം മാത്രമുളള കേരള കോൺഗ്രസ് ഇടയ്ക്ക് അവകാശവാദം ഉപേക്ഷിച്ചുവെന്ന് പറയുന്നു. കാലാവധി അവശേഷിക്കുന്ന 16 മാസത്തിൽ ആദ്യ ആറ് മാസമാണ് മുസ്ലിം ലീഗ് ആവശ്യപ്പെട്ടു. ബാക്കി കാലാവധി കോൺഗ്രസ്സിനു ചെയർമാൻ സ്ഥാനം എന്നതായിരുന്നു മുസ്ലിം ലീഗ് നിർദേശം. കരാർ പ്രകാരം ആദ്യ രണ്ടുവർഷം മുസ്ലിം ലീഗിന് ലഭിക്കേണ്ട സ്ഥാനമാണിത്. അന്ന് ലഭിച്ചില്ല, ഇപ്പോൾ അവസരം വന്നപ്പോൾ കോൺഗ്രസ് ചതിക്കുകയായിരുന്നുവെന്ന് മുസ്ലിം ലീഗ് പാർലമെന്ററി പാർട്ടി ലീഡർ എം.എ.കരീം പറഞ്ഞു.

തുടക്കത്തിലെ കരാർ പ്രകാരം അവസാനത്തെ രണ്ടുവർഷവും കോൺഗ്രസിന് അവകാശപ്പെട്ടതാണെന്നായിരുന്നു വാദം.
ഭരണം ലഭിച്ചില്ലെങ്കിലും കേരള കോൺഗ്രസിന്റെയും മുസ്ലിം ലീഗിന്റെയും നിശ്ചിയിച്ച കാലാവധി അവസാനിച്ചുവെന്നാണ് ഇത്തരമൊരു വാദത്തിന് ന്യായമെന്നാണ് ഡിസിസി മെമ്പറും ചെയർമാൻ സ്ഥാനാർഥിയുമായിരുന്ന ദീപക് മലനാട് വാർത്തയോട് പ്രതികരിച്ചത്. തർക്കം രൂക്ഷമായതോടെ കോൺഗ്രസും ആറ് മാസം എന്ന നിലയിലേക്ക് എത്തിയെങ്കിലും ആദ്യടേം എന്ന നിലപാടിൽ വിട്ടുവീഴ്ചക്ക് തയ്യാറായെന്നും ദീപക് പറയുന്നു.

ഒടുവിൽ ആദ്യ ആറുമാസം എന്ന നിലപാടിൽ ഇരു പാർട്ടികളും ഉറച്ചുനിന്നതോടെയാണ് ചർച്ച പൊളിഞ്ഞത്. ഞായറാഴ്ച രാത്രി ധാരണയില്ലാതെ പിരിഞ്ഞതോടെ തിങ്കളാഴ്ച വേറിട്ട്് മത്സരിക്കുമെന്ന് വ്യക്തമായിട്ടും സമവായത്തിലെത്തിക്കുന്നതിന് യു.ഡി.എഫ് നേതൃത്വം പരാജയപ്പെടുകയായിരുന്നു.

ഇതേ സമയം എൽ.ഡി.എഫിലെ അഭ്യന്തര പ്രശ്‌നവും രൂക്ഷമായിരുന്നുവെന്ന് തിരഞ്ഞെടുപ്പിൽ ബോധ്യപ്പെട്ടു. 12 അംഗ എൽഡിഎഫ് കൗൺസിലർമാരിൽ സിപിഎം കൗൺസിലർ ആർ. ഹരി, (വാർഡ് 30 ) സിപിഐ കൗൺസിലർ ജോസ് മഠത്തിൽ (28-ാം വാർഡ്) തിരഞ്ഞെടുപ്പ് യോഗത്തിനെത്തിയിരുന്നില്ല.
ഹാജരുണ്ടായിരുന്ന 10 എൽ.ഡി.എഫ് കൗൺസിലർമാരിൽ മെർളി രാജു സിപിഎം (വാർഡ് 29) ഒടുവിൽ കോൺഗ്രസ് സ്ഥാനാർഥി കെ. ദീപക്കിനെ പിന്തുണച്ചു.

മൂന്ന് റൗണ്ട് വോട്ടെടുപ്പ് ഫലം ഇങ്ങനെ

് സബീന ബിഞ്ചു -എൽ.ഡി.എഫ്, കെ ദീപക്ക് -കോൺഗ്രസ്, എം.എ.കരീം – മുസ്ലിം ലീഗ്, ജിനേഷ് ഇഞ്ചക്കാട്ട് – ബിജെപി എന്നിവരാണ് മത്സരരംഗത്ത് വന്നത്.
ആദ്യ റൗണ്ടിൽ എൽഡിഎഫിന് 10ഉം കോൺഗ്രസിന് 7ഉം ലീഗിന് 6 ജെപിക്ക് 8ഉം വോട്ടുകൾ ലഭിച്ചു. ഒരു വോട്ട് അസാധുവായി. എറ്റവും കുറവ് വോട്ട് ലഭിച്ച ലീഗ് സ്ഥാനാർഥി ആദ്യ റൗണ്ടിൽ പുറത്തായി. തുടർന്ന് എൽഡിഎഫും കോൺഗ്രസും ബിജെപിയും തമ്മിലായി മൽസരം. രണ്ടാം റൗണ്ടിൽ എൽഡിഎഫിന് 10 ഉം കോൺഗ്രസിന് 9 ഉം ബിജെപിക്ക് 8ഉം വോട്ടുകൾ ലഭിച്ചു. അതോടെ എറ്റവും കുറവ് വോട്ടുകിട്ടിയ ബിജെപി സ്ഥാനാർഥി പുറത്തായി.

മൂന്നാം റൗണ്ടാണ് നാടകീയ സംഭവങ്ങൾക്കും അപ്രതീക്ഷിത നിലപാടുകളും നഗരസഭയുടെ രാഷ്ട്രീയ ചിത്രം മാറ്റിയത്. മുസ്ലിം ലീഗിലെ അഞ്ച് അംഗങ്ങളും എൽഡിഎഫിന്റെ ചെയർമാൻ സ്ഥാനാർഥിക്ക് വോട്ടുചെയ്തു. എൽഡിഎഫിന് 14 വോട്ടുകൾ ദീപക്കിന് പത്ത് വോട്ടും. രണ്ടു റൗണ്ടും എൽഡിഎഫ് നോടൊപ്പം നിന്ന മേർളി രാജു മൂന്നാം റൗണ്ടിൽ മലക്കം മറിഞ്ഞു കോൺഗ്രസിനും വോട്ടു ചെയ്തു. ഇങ്ങനെയാണ്
സിപിഎം അംഗം സബീന ബിഞ്ചു ചെയർമാൻ കസേരയിലെത്തിയത്. സിപിഐയിൽ രണ്ട് അംഗങ്ങളിൽ ഒരാൾ തിരഞ്്‌ഞെടുപ്പ് യോഗത്തിൽ പങ്കെടുക്കാതെ വിട്ടുനിന്നത്. സിപിഎമ്മിൽ ഒരാൾ പങ്കെടുക്കാതിരിക്കുകയും, ഒരാൾ കോൺഗ്രസ് പക്ഷത്ത് ചേരുകയും ചെയ്തത്്. ഒമ്പതാം വാർഡിൽ മുസ്ലിം ലീഗ് സ്വതന്ത്രൻ ലീഗിനോടൊപ്പം ചേരാതെ കോൺഗ്രസിനോടൊപ്പം ചേർന്നത് തൊടുപുഴയിലെ നഗരസഭയിൽ വിവാദം ഇനിയും അവസാനിക്കില്ല.

ഭിന്നത തൊടുപുഴ നഗരസഭയിലും ജില്ലയിലും യുഡിഎഫിന് വൻ തിരിച്ചടിയാവും

മുസ്ലിം ലീഗിനെ നഗര സഭയിൽ പിന്തുണക്കാത്തതിൽ പ്രതിഷേധിച്ച് ഇടുക്കി ജില്ലയിൽ മുസ്ലിം ലീഗ് തല്ക്കാലം മുന്നണി വിട്ടതായി തിങ്കളാഴ്ച മുസ്ലിം ലീഗ് നേതാക്കൾ പ്രസ്താവിച്ചിരുന്നു. വിഷയം തൊടുപുഴയിൽമാത്രം ഒതുങ്ങില്ലെന്നാണ് മുസ്ലിം ലീഗ് നിലപാട് സൂചിപ്പിക്കുന്നത്. ഭിന്നത അവസാനിപ്പിക്കുന്നതിന് യു.ഡി.എഫിന് സാധിച്ചില്ലെങ്കിൽ അടുത്ത തദ്ദേശ തിരഞ്ഞെടുപ്പിലും, നിയമസഭാ തിരഞ്ഞെടുപ്പിലും ബാധിക്കും. തൊടുപുഴ നഗരസഭയിൽ ഭരണത്തിലെത്തുന്നതിനും പ്രതിപക്ഷ സ്ഥാനംവരെ നഷ്ടപ്പെട്ടേക്കാം.

നിലവിൽ നഗരസഭയിൽ ഏറ്റവും വലിയ ഒറ്റക്കക്ഷി ബിജെപിയാണ്. ഇതേ രീതിയിലാണ് പോക്കെങ്കിൽ ബിജെപിക്ക് കൂടുതൽ അവസരം ഒരുക്കുന്നതിന് യു.ഡി.എഫ് ഭിന്നത സഹായിക്കുമെന്ന് ചൂണ്ടികാണിക്കപ്പെടുന്നു. എൽഡിഎഫിലും യു.ഡി.എഫിലും കലഹവും ഭിന്നതയും വളരുന്നത് തൊടുപുഴയുടെ രാഷ്ട്രീയ ഭാവിയിൽ കരിനിഴൽവീഴ്ത്തുന്നതാണ്. യു.ഡി.എഫിനെ സംബന്ധിച്ചിടത്തോളം തദ്ദേശ തിരഞ്ഞെടുപ്പിൽ ഗ്രാമ- ബ്‌ളോക്ക്- ജില്ല പഞ്ചായത്ത് തലത്തിലും തിരിച്ചടിയാവും. നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രത്യേകിച്ച് തൊടുപുഴയിൽ യു.ഡി.എഫിന്റെ തോല്വിക്ക് ഭിന്നത കാരണമാകുന്നതാണ്. തൊടുപുഴയിലെ വിവാദം എറണാകുളം, കോട്ടയം, ജില്ലകളിൽവരെ കോൺഗ്രസ് – മുസ്ലിംലീഗ് തർക്കത്തിനിടയാക്കുകയും സാമൂഹ്യമാധ്യമങ്ങളിൽ പരസ്പരം വെല്ലുവിളിക്ക് ഉയരുന്നുണ്ട്.

എം.ഷാഹുൽ ഹമീദ്‌
എം.ഷാഹുൽ ഹമീദ്‌https://www.malanaduvartha.com
മാധ്യമ പ്രവർത്തകനാണ്. സാമൂഹ്യഹ്യ-രാഷ്ട്രീയ വിഷയങ്ങളിൽ വിവിധ ഓൺലൈൻ മാധ്യമങ്ങളിലും ആനുകാലികങ്ങളിലും എഴുതുന്നു. ദീപിക,മംഗളം, ദേശാഭി മാനി പത്രങ്ങളിൽ റിപ്പോർട്ടറായിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles