കൊച്ചിയിലെ അവസാന ജൂത വനിത മരിച്ചു. 89 വയസായിരുന്ന ക്വീനി ഹലേഗ്വ ആണ് ഞായറാഴ്ച രാവിലെയോടെ മരിച്ചത്. കൊച്ചി മട്ടാഞ്ചേരിയിലെ ജൂതത്തെരുവിൽ അവശേഷിക്കുന്ന രണ്ട് ജൂതവംശജരിൽ ഒരാളായിരുന്നു ഇവർ. കൊച്ചിയിലെ പ്രമുഖ വ്യവസായിയായിരുന്ന എസ്. കോഡറുടെ മകളാണ്. ഫോർട്ട് കൊച്ചിയിലെ കോഡർ ഹൗസിലാണ് ക്വീനി ജനിച്ചത്. ഫോർട്ട് കൊച്ചി സെന്റ് മേരീസ് ഹൈസ്‌കൂൾ, എറണാകുളം മഹാരാജാസ് കോളേജ് എന്നിവിടങ്ങളിലായിരുന്നു പഠനം.
കൊച്ചിയിൽ ആദ്യകാലത്ത്് വൈദ്യുതിവിതരണം നടത്തിയിരുന്ന കൊച്ചിൻ ഇലക്ട്രിക് കമ്പനി എന്ന സ്ഥാപനം എസ്.എസ്. കോഡറുടേതായിരൂുന്നു.ആ കമ്പനി സംസ്ഥാന ഇലക്ട്രിസിറ്റി ബോർഡ് പിന്നീട് ഏറ്റെടുത്തു. കൊച്ചിയിൽ ആദ്യമായി ബോട്ട് സർവീസുകൾ തുടങ്ങിയതും ഇദ്ദേഹം തന്നെയാണ്. വലിയ ഭൂഉടമയും ആയിരുന്നു.
അമേരിക്കയിലേക്ക് താമസം മാറാൻ മക്കളുടെ ആഗ്രഹം നിരസിക്കുകയായിരുന്നുവെന്നാണ് പറയുന്നത്. കൊച്ചിയുടെ ജീവിതത്തിലും കച്ചവടത്തിലും മറ്റും നിർണായകമായിരുന്ന ഓരോ ജൂതകൂടുംബവും ഇസ്രയേലിലേക്ക്് പോകുമ്പോൾ ക്വീനി സാക്ഷിയായിരുന്നു. സിനഗോഗ് പ്രാർഥിക്കാനാളില്ലാതെ അനാഥമായപ്പോൾ അനാരോഗ്യം പിടിപെടുംവരെ അത് സംരക്ഷിച്ചു. ഇസ്രയേലിൽ നിന്ന് ടൂറായി മട്ടാഞ്ചേരിയിലെത്തുന്ന ജൂത്മാരിൽ പലരും ക്വീനി ഹലേഗ്വയെ കാണാനെത്തുമായിരുന്നു. ഇപ്പോൾ ഇസ്രേയേലിൽ അശാന്തിയും കലഹവും വ്യാപിക്കുമ്പോൾ താൻ എടുത്ത തീരുമാനമാണ് ശരിയെന്ന് അവരുടെ മനസ്സ് മന്ത്രിച്ചിട്ടുണ്ടാവുമോയെന്ന് അറിയില്ല. ഏതായാലും വിദ്വേഷമില്ലാത്ത നാട്ടിൽതന്നെ ജീവിച്ച് മരിക്കാനായിരുന്നു ക്വീനി ഹലേഗ്വയുടെ നിയോഗം.