കൽപ്പറ്റ: രാജ്യം മുഴുവൻ ദുരിത ബാധികർക്കൊപ്പം നിൽക്കുക എന്നതാണ് ഇപ്പോൾ പ്രധാനമായും വേണ്ടതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ദുരന്തം അറിഞ്ഞതുമുതൽ കാര്യം ശ്രദ്ധിച്ചു. ദുരിതാശ്വാസ പ്രവർത്തനത്തിന് എല്ലാ കേന്ദ്ര ഏജൻസികളുടെയും സഹായം നല്കിയെന്നും പ്രധാന മന്ത്രി പറഞ്ഞു.
‘രക്ഷാപ്രവര്‍ത്തനത്തിനും വൈദ്യസഹായത്തിനും സംഘങ്ങളെ അയച്ചു. ദുരന്തത്തെ തടയാനാവില്ല. എന്നാല്‍ ഇരകളുടെ ഭാവി നമ്മുടെ ഉത്തരവാദിത്തമാണ്. ഉദാരമായ സമീപനമായിരിക്കും. പണമില്ലാത്തതതിനാല്‍ പുനരധിവാസം തടസപ്പെടില്ല. കേരളം ആവശ്യം അറിയിക്കുന്നത് അനുസരിച്ച് സഹായമെത്തിക്കും. അടിസ്ഥാനസൗകര്യവികസനം മുതല്‍ വിദ്യാഭ്യാസം വരെ ആവശ്യമായ സഹായം നല്‍കും. ദുരന്തത്തിനിരയായ കുട്ടികള്‍ക്ക് പ്രത്യേക പരിഗണന നല്‍കും’ എന്നാണ് പ്രധാന മന്ത്രി പറഞ്ഞത്.
സംസ്ഥാന സർക്കാരിൻ്റെ റിപ്പോർട്ട് വിശദമായി പരിശോധിച്ച് വേണ്ടത് ചെയ്യുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. പുനരധിവാസത്തിനും പ്രദേശത്തിന്റെ പുനർനിർമ്മാണത്തിനും സാധ്യമായ എല്ലാ സഹായവും പ്രധാന മന്ത്രി വാഗ്ദാനം ചെയ്തതായി യോഗത്തിൽ പ്രധാന മന്ത്രി ഉറപ്പുനല്കി.
നേരത്തെ തന്നെ ദുരന്തത്തിന്റെ ആഘാതം മനസ്സിലാക്കിയിരുന്ന പ്രധാന മന്ത്രി കേന്ദ്ര സഹായം പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലായിരുന്നു കേരളം. എന്നാൽ അത്തരം വാഗ്ദാനം ഒന്നും പ്രധാനമന്ത്രിയുടെ ഭാഗത്തു നിന്നും ഉണ്ടാകാത്തതിൽ പൊതുവെ നിരാശ പടർത്തിയിട്ടുണ്ട്.
കൽപ്പറ്റയിൽ നിന്നും റോഡ് മാർഗ്ഗമെത്തിയ പ്രധാനമന്ത്രി ചൂരൽമല വെള്ളാർ മല സ്കൂൾ എന്നിവിടങ്ങളിൽ ദുരന്തത്തിൻ്റെ വ്യാപ്തി നേരിട്ടു മനസിലാക്കി. സ്കൂളിൻ്റെ അവസ്ഥകൾ ചോദിച്ചറിഞ്ഞ പ്രധാനമന്ത്രി വിദ്യാർത്ഥികളുടെ പഠന ഭാവിയിലും ആശങ്കയറിയിച്ചു. ദുരന്തമേഖലയിൽ ബെയ്ലി പാലം കടന്ന് അര കിലോമീറ്ററോളം പ്രധാനമന്ത്രി നടന്നു പോയി. പൂർണ്ണ വിവരങ്ങൾ തിരക്കി. കൽപ്പറ്റയിൽ ഇറങ്ങുന്നതിന് മുമ്പ് ഹെലികോപ്റ്ററിൽ ദുരന്തമേഖലയിലൂടെ വട്ടമിട്ട് പ്രഭവ കേന്ദ്ര മടക്കം നേരിട്ട് കണ്ടു. തുടർന്നാണ് ചൂരൽമലയിലെത്തിയത്. 50 മിനുട്ടോളം ചിലവഴിച്ച ശേഷം ബെയ്ലി പാലം നിർമ്മിച്ച സൈനികരെ അഭിവാദ്യം ചെയ്തു.
പിന്നീട് ദുരിതബാധിതരെ പാർപ്പിച്ച മേപ്പാടി സെൻ്റ് ജോസഫ്സ് സ്കൂൾ, ഡോ: മൂപ്പൻസ് മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലെത്തി ദുരിതബാധിതരെ നേരിൽ കണ്ട് ആശ്വസിപ്പിച്ചു. തുടർന്ന് റോഡ് മാർഗ്ഗം കൽപ്പറ്റയിലെത്തി കലക്ട്രേറ്റിലെ അവലോകന യോഗത്തിൽ സംബന്ധിച്ചു.
മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ, കേന്ദ്രമന്ത്രി സുരേഷ് ഗോപി ചീഫ് സെക്രട്ടറി കെ. വേണു എ.ഡി.ജി.പി എം.ആർ അജിത് കുമാർ ജില്ലാ കലക്ടർ മേഘശ്രീ എന്നിവർ പ്രധാനമന്ത്രിയെ അനുഗമിച്ചു.