ബംഗ്ലാദേശിൽ നൊബേൽ ജേതാവ് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിൽ ഇടക്കാല സർക്കാർ അധികാരമേറ്റു. ബംഗ്‌ളാദേശിന് ഏറെ പ്രതീക്ഷ നല്കുന്നതാണ് സർക്കാരിന്റെ രൂപം. ബാങ്കിങ്-അക്കാദമിക-പൗരാവകാശ രംഗങ്ങളിൽനിന്നും വിദ്യാർഥി-മത വിഭാഗങ്ങളിൽനിന്നും ഉൾപ്പെടെയുള്ള വിദഗ്ധരെ ഉൾപ്പെടുത്തി 17 അംഗ ഉപദേശക കൗൺസിലാണ് രൂപവത്കരിച്ചിരിക്കുന്നത്. പ്രധാനമന്ത്രിക്കും മന്ത്രിമാർക്കും പകരം മുഹമ്മദ് യൂനുസ് മുഖ്യ ഉപദേഷ്ടാവും മറ്റുള്ളവർ ഉപദേഷ്ടാക്കളുമായാണ് അറിയപ്പെടുക.
മനുഷ്യാവകാശ സംഘടന ‘ഒധികാർ’ സ്ഥാപകൻ ആദിലുർറഹ്‌മാൻ ഖാൻ, മതസംഘടനയായ ഹിഫാസത്തേ ഇസ്ലാം നാഇബ് അമീറും ഇസ്ലാമി, ആന്ദോളൻ ബംഗ്ലാദേശ് ഉപദേഷ്ടാവുമായ എ.എഫ്.എം ഖാലിദ് ഹുസൈൻ, ബംഗ്ലാദേശ് ബാങ്ക് മുൻ ഗവർണർ ഡോ. സലാഹുദ്ദീൻ അഹ്‌മദ്, ധാക്ക സർവകലാശാലയിൽ നിയമവിഭാഗം പ്രൊഫസർ ആസിഫ് നസ്റുൽ, മുൻ അറ്റോണി ജനറൽ ഹസൻ ആരിഫ്, മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ റിട്ട. ബ്രിഗേഡിയർ ജനറൽ ശഖാവത്ത് ഹുസൈൻ, മുൻ വിദേശകാര്യ സെക്രട്ടറി തൗഹീദ് ഹുസൈൻ, സ്വാതന്ത്ര്യ സമരസേനാനി ബീർ പ്രതീക് ഫാറൂകെ അഅ്സം,നഹീദ് ഇസ്ലാം, ആസിഫ് മഹ്‌മൂദ് (വിദ്യാർഥി പ്രതിനിധികൾ) എന്നിങ്ങനെ സർവ മേഖലയിലും ഉള്ളവരെ ഉൾപ്പെടുത്തിയാണ് ഭരണ സമിതി രൂപവത്കരിച്ചിരിക്കുന്നത്.
തെരഞ്ഞെടുപ്പ് നിരീക്ഷക സംഘം ‘ബ്രോട്ടീ’ സി.ഇ.ഒ ഷർമീൻ മുർശിദ്, പരിസ്ഥിതി എൻ.ജി.ഒ ‘ബെല’യുടെ സി.ഇ.ഒ സയ്യിദ റിസ്വാന ഹസൻ, ഗ്രാമീൺ ടെലകോം ട്രസ്റ്റി നൂർജഹാൻ ബീഗം, പരിസ്ഥിതി ഗവേഷക സ്ഥാപനമായ ‘ഇംപ്രി’യിൽ സീനിയർ വിസിറ്റിങ് ഫെലോയും സ്ത്രീ അവകാശ പ്രവർത്തകയുമായ ഫരീദ അക്തർ, (വനിതാ പ്രതിനിധികൾ )
പുതിയ സർക്കാർ രൂപീകരിക്കും വരെയാവും ഈ സംവിധാനം എന്നാണ് പറയുന്നത്.