Tuesday, December 24, 2024

Top 5 This Week

Related Posts

എബനേസറിൽ, തോൽപ്പാവക്കൂത്ത് വിസ്മയക്കാഴ്ചയായി

മധ്യകേരളത്തിന്റെ കാഴ്ചശീലങ്ങളിൽ പതിവില്ലാത്ത തോൽപ്പാവക്കൂത്തിന് അരങ്ങൊരുക്കി വീട്ടൂർ എബനേസർ ഹയർ സെക്കന്ററി സ്‌കൂൾ ഫോക് ലോർ ക്ലബ്ബ്. കേരളത്തിന്റെ തനത് കലയായ തോൽപ്പാവക്കൂത്ത് എബനേസറിലെ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും എല്ലാം പുതു അനുഭവമായിരുന്നു.

രാമായണ കഥ നിഴലും വെളിച്ചവുമായി വേദിയിലൊരുക്കിയ കൂത്തുമാടത്തിലെ തിരശ്ശീലയിൽ തെളിഞ്ഞ് മറഞ്ഞപ്പോൾ അത് വിസ്മയക്കാഴ്ചയായി. തിരിയിട്ട് തെളിയിച്ച ഇരുപത്തിയൊന്ന് ദീപനാളങ്ങൾക്ക് മുൻപിൽ കഥാസന്ദർഭങ്ങൾ ഇതൾ വിരിഞ്ഞു. തനത് ശൈലിയിലുള്ള പശ്ചാത്തല സംഗീതത്തിനും സംഭാഷണങ്ങൾക്കും ഒപ്പം പാവകളുടെ നിഴലുകൾ ചലിക്കുന്നത് കണ്ണിമചിമ്മാതെ കൗതുകപൂർവ്വം കണ്ടിരുന്നും, കൊച്ച് കൊച്ച് സംശയങ്ങൾ പങ്കുവച്ച് ഒരു മണിക്കൂർ കടന്നുപോയതറിയാത്ത വിധം പരിപാടി ആസ്വാദ്യകരമായി. ദേശീയ പുരസ്‌കാര ജേതാവും തോൽപ്പാവക്കൂത്ത് ആചാര്യനുമായ കെ. വിശ്വനാഥപുലവരും സംഘവുമാണ് പരിപാടി അവതരിപ്പിച്ചത്.

കാവുകളിൽ ഇരുപത്തിയൊന്ന് ദിവസങ്ങളിലായി അവതരിപ്പിക്കുന്ന കമ്പരാമായണമാണ് തോൽപ്പാവക്കൂത്തിൽ സാധാരണയായി അവതരിപ്പിക്കുന്നത്. തോൽപ്പാവക്കൂത്തിനെക്കുറിച്ച് ഹൃസ്വമായ വിശദീകരണത്തോടെയാണ് കലാകാരന്മാർ പരിപാടി ആരംഭിച്ചത്. തുടർന്ന് കൂത്തവതരിപ്പിക്കുന്ന കൂത്തുമാടത്തിൽ വിളക്കുകൾ തെളിയിച്ച് കളിയാരംഭിച്ചു. സംവാദരൂപത്തിലാണ് കഥ പറയുന്നത്. തമിഴ്ഭാഷയുടെ സ്വാധീനമുള്ള ചൊൽക്കെട്ടുകൾ സംഗീതാത്മകമായി പശ്ചാത്തലമൊരുക്കുന്നു. അവയ്‌ക്കൊപ്പമാണ് പാവകൾ ചലിക്കുന്നത്. അവതരണത്തിനൊടുവിൽ തിരശ്ശീലയിൽ നിഴലുകളായെത്തുന്ന പാവകളെ കാണാനും അവയുടെ അവതരണവും ചലനങ്ങളും കണ്ട് മനസ്സിലാക്കാനും പുലവരും കുടുംബവും പ്രേക്ഷകരെ വേദിയിലേയ്ക്ക് ക്ഷണിച്ചു. അത്രയും നേരം അടക്കിവച്ച കൌതുകം അണപൊട്ടി. പ്രേക്ഷകർ ഒന്നടങ്കം കാഴ്ചയും കൌതുകവും സംശയങ്ങളുമായി വേദിയിലെത്തി. കുട്ടികളുടെയും അധ്യാപകരുടെയും ആവേശം ഒട്ടും ചോർത്തിക്കളയാതെ അവരുടെ സംശയങ്ങൾക്ക് മറുപടിയുമായി പുലവരും സംഘവും ഒപ്പം കൂടി. പാവകളെ കൈയ്യിലെടുത്തും ചലിപ്പിച്ചും മുതിർന്നവരും അവർക്കൊപ്പം ചേർന്നു.
അവതരണത്തിനു ശേഷം കലാകാരന്മാരെ സ്‌കൂൾ മാനേജർ കമാൻഡർ സി.കെ. ഷാജി പൊന്നാടയണിയിച്ച് ആദരിച്ചു. അക്കാദമിക് കൗൺസിൽ അംഗം സുധീഷ് എം. കലാകാരന്മാർക്ക് നന്ദി അർപ്പിച്ചു. ഫോക്ലോർ ക്ലബ്ബ് അംഗങ്ങൾ നേതൃത്വം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles