കൽപ്പറ്റ: മഹാദുരന്തത്തിൽ അഞ്ഞൂറോളം പേരുടെ ജീവനെടുത്ത മുണ്ടക്കൈ ഉരുൾപൊട്ടലിലെ മുന്നറിയിപ്പ് സംവിധാനങ്ങൾ അട്ടിമറിച്ചവർക്കെതിരെ പ്രതിഷേധം കനക്കുന്നു. ആയിര കണക്കിന് ആളുകളെ നേരിട്ട് ബാധിച്ചും ജീവനെടുത്തും പ്രകൃതി ഉറഞ്ഞു തുള്ളുമ്പോൾ കാലാവസ്ഥ മുന്നറിയിപ്പ് സംവിധാനങ്ങൾ ഡിസാസ്റ്റർ മാനേജ്മെൻ്റ് ജില്ലാ ഭരണകൂടം പ്രാദേശിക ഭരണകൂടങ്ങൾ എന്നിവ കുറ്റകരമായ അനാസ്ഥ കാണിക്കുകയായിരുന്നുവെന്നാണ് പരക്കെ ഉയരുന്ന ആരോപണം. എല്ലാ ശാസ്ത്ര സംവിധാനങ്ങളും ഉണർന്നിരിക്കുന്ന വർത്തമാനകാലത്ത് ഇടിത്തീ പോലെ ഒരു വിഭാഗം ജനങ്ങൾക്ക് മേലുണ്ടായ മഹാദുരന്തത്തിന് ഉത്തരവാദി സർക്കാർ സംവിധാനങ്ങൾ തന്നെയെന്നാണ് പരാതികളുയരുന്നത്. ദുരന്തത്തിൽ മരണമടഞ്ഞ ജനങ്ങളെ അപമാനിക്കുകയും നിന്ദിക്കുകയും ചെയ്യുന്ന നിലപാടാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും വനം-പരിസ്ഥിതി മന്ത്രിയും സ്വീകരിച്ചത്. ദുരന്തം ഇടിത്തീ പോലെ വന്നു വീണ ഒരുപറ്റം ജനങ്ങളെ ചേർത്തു പിടിക്കുന്നതിനുപകരം അവരെ കയ്യേറ്റക്കാരായും ക്വാറി മാഫിയയാക്കി ചിത്രീകരിക്കാനുമാണ് കേന്ദ്രസർക്കാർ ശ്രമിച്ചത്.
രാജ്യത്തിൻ്റെ ചരിത്രത്തിൽ തന്നെ കേട്ടുകേൾവി പോലുമില്ലാത്തതും ഇത്രയേറെ ജീവൻ നഷ്ടപ്പെട്ടതുമായ പ്രകൃതി ദുരന്തം അടുത്തെങ്ങും രാജ്യം കണ്ടിട്ടില്ല. അഞ്ഞൂറോളം പേരുടെ മരണം സ്ഥിരീകരിച്ചും. നിരവധി പേരെ കാണാതായതും മൂവായിരത്തോളം പേരെ വഴിയാധാരമാക്കിയുമുണ്ടായ മഹാദുരന്തം കണ്ണുമടച്ച് ദേശീയ ദുരന്തമായി പ്രഖ്യാപിക്കേണ്ടതാണ്. എന്നിട്ടും കേരളമായതുകൊണ്ടാണ് കേന്ദ്രസർക്കാർ ചവിട്ടി കളിക്കുന്നത്. നാളെ വരുന്ന പ്രധാനമന്ത്രി പോലും ദുരന്തത്തിൽ എന്തെങ്കിലും പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയില്ല.
ദുരന്തത്തിൽ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മഴ മുന്നറിയിപ്പ് നൽകൽ, മാറ്റി പാർപ്പിക്കാൻ വേണ്ട സുരക്ഷാ ക്രമീകരണങ്ങൾ എന്നിവയിലൊക്കെ അധികൃതരും സർക്കാർ സംവിധാനങ്ങളും പൂർണ്ണമായും പരാജയപ്പെട്ടതാണ് വൻ ദുരന്തം ഒരു ജനതക്ക് മേൽ മഹാമാരിയായി പെയ്തിറങ്ങിയത്.