ഡൽഹി: വഖഫ് ബോർഡിൻറെ അധികാരങ്ങൾ വെട്ടിക്കുറയ്ക്കാനുള്ള ഭേദഗതി ബില്ലിനെതിരെ ഇന്ത്യ സഖ്യം ഒറ്റക്കെട്ടായി രംഗത്ത്. വഖഫ് ഭേദഗതി ബിൽ ഭരണഘടനയ്ക്ക് നേരെയുള്ള ആക്രമണമെന്ന് പറഞ്ഞ പ്രതിപക്ഷം കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ചു.അമുസ്ലിം അംഗം വഖഫ് ബോർഡിൽ എത്തുന്നത് മതസ്വാതന്ത്ര്യത്തോടുള്ള നേരിട്ടുള്ള വെല്ലുവിളിയാണെന്ന് കെ. സി. വേണുഗോപാൽ എം.പി ആരോപിച്ചു. അയോധ്യ ക്ഷേത്ര ഭരണസമിതിയിൽ മുസ്ലിം വ്യക്തിയുണ്ടോയെന്ന എന്നായിരുന്നു കെ.സി വേണുഗോപാലിന്റെ ചോദ്യം. ‘ഇപ്പോൾ വഖഫ് ബോർഡിൽ ഇതര മതസ്ഥരെ ഉൾപ്പെടുത്താൻ ശ്രമിക്കുന്നു. നാളെ ക്രിസ്ത്യൻ, ജെയിൻ വിഭാഗത്തിലും ഇങ്ങനെ ചെയ്യും. ഹരിയാന, മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള ബില്ലാണിത്. കഴിഞ്ഞ തെരെഞ്ഞെടുപ്പിലെ തിരിച്ചടിയിൽ നിന്നും ബിജെപി പാഠം പഠിച്ചില്ല’- അദ്ദേഹം കൂട്ടിച്ചേർത്തു.
വഖഫ് ബിൽ പിൻവലിക്കണമെന്നഭിപ്രായപ്പെട്ട സുപ്രിയ സുലെ ബില്ലിന്റെ കരട് പകർപ്പ് ആദ്യം ലഭിച്ചത് മാധ്യമങ്ങൾക്കാണെന്നും കേന്ദ്രം പാർലമെന്റിനെ അപമാനിച്ചെന്നും ആരോപിച്ചു. മുസ്ലിം ന്യൂനപക്ഷങ്ങൾക്കെതിരാണ് ബില്ലെന്ന് കനിമൊഴി എം.പി., രാജ്യത്ത് എന്താണ് നടക്കുന്നതെന്ന് ഇ.ടി മുഹമ്മദ് ബഷീർ എം.പി, രണഘടന നൽകുന്ന ഉറപ്പുകളുടെ ലംഘനമാണ് ബില്ലെന്നും അത് രാജ്യത്തിന്റെ മതേതരത്വം തകർക്കുമെന്നും ആരോപിച്ചു.
ബില്ലിന്റെ ലക്ഷ്യം വഖഫ് തകർക്കുകയാണെന്ന് കെ. രാധാകൃഷ്ണൻ എം.പി യും വിമർശിച്ചു. എന്നാൽ മുസ്ലികൾക്ക് ഈ ബിൽ നീതി നൽകുമെന്നും ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ തട്ടിയെടുക്കില്ലെന്നും മന്ത്രി റിജിജു മറുപടി നൽകി. വഖഫ് കൗൺസിലിനെയും ബോർഡിനെയും ശാക്തീകരിക്കാനാണ് ബിൽ അവതരിപ്പിക്കുന്നതെന്നും മതസ്ഥാപനങ്ങളുടെ സ്വാതന്ത്ര്യത്തിൽ കൈകടത്തുന്നില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.