Tuesday, December 24, 2024

Top 5 This Week

Related Posts

നിങ്ങള്‍ ജീവിതം ആഘോഷിക്കുന്നവരെ കണ്ടിട്ടുണ്ടാവാം…ചിലപ്പോള്‍ നിങ്ങളും അങ്ങനെയൊരാളാവാം.പക്ഷേ, ജീവിതത്തോടൊപ്പം വേദനയും മരണവും ആഘോഷമാക്കുന്നവരെ ഒരുപക്ഷേ കണ്ടുകാണില്ല

കഴിഞ്ഞ ദിവസം നിര്യാതനായ മാധ്യമ പ്രവർത്തകൻ അനു സിനുവിനെക്കുറിച്ച് സുഹൃത്ത്‌ ഖാലിദ് ബക്കർ എഴുതിയ കുറിപ്പ്

നിങ്ങള്‍ ജീവിതം ആഘോഷിക്കുന്നവരെ കണ്ടിട്ടുണ്ടാവാം…
ചിലപ്പോള്‍ നിങ്ങളും അങ്ങനെയൊരാളാവാം.
പക്ഷേ, ജീവിതത്തോടൊപ്പം വേദനയും മരണവും ആഘോഷമാക്കുന്നവരെ ഒരുപക്ഷേ കണ്ടുകാണില്ല.
സൗഹൃദങ്ങളില്‍ ഹൃദയമിണക്കത്തിന്റെ തീര്‍ത്ഥചഷകം പങ്കുവെച്ച ഒരാള്‍ ഞങ്ങളുടെ കൂടെ ജീവിച്ചിരുന്നു…
ആ സ്‌നേഹസുഗന്ധത്തിന്റെ പേരാണ് അനു.
കാല്‍നൂറ്റാണ്ടായി അനു എന്നാല്‍ എന്റെ സൗഹൃദത്തിന്റെ സ്‌നേഹഭൂവില്‍ നനുത്തചിരിയുടെ സ്‌നിഗ്ധ സ്മരണകളാണ്.
ഗള്‍ഫ് വിട്ടതിനുശേഷം ഞങ്ങള്‍ കാണാറുണ്ടായിരുന്നില്ലെങ്കിലും ഇടക്കിടെ വാട്ട്സാപ്പിലും ഇന്‍സ്റ്റയിലും കുശലാന്വേഷണങ്ങള്‍ വരും. ഞാനപ്പോള്‍ ഓര്‍മകളുടെ കല്‍പ്പടവുകളില്‍ ഇറങ്ങി ആഘോഷങ്ങളുടെ തെളിഞ്ഞ വെള്ളത്തില്‍ മുങ്ങാങ്കുഴിയിടും.
കഴിഞ്ഞ iffk-യുടെ അവസാനത്തെ രണ്ടുദിവസം പങ്കെടുക്കാനായിരുന്നു തിരുവനന്തപുരത്തേക്ക് തിരിച്ചത്.
യാത്രക്കിടെ ഫോട്ടോ ഉള്‍പ്പെടെ എഫ്.ബിയില്‍ ഞാനൊരു പോസ്റ്റിട്ടു. ‘എന്നെ കാത്തുനില്‍ക്കുന്ന ചങ്കുകളേ… ഞാനിതാ പുറപ്പെട്ടു’എന്ന ക്യാപ്ഷനോടെ.
അതുകണ്ട അനു എന്നെ വിളിക്കുന്നു.
‘ഖാലിദ് എത്തുമ്പോഴേക്കും ഞാന്‍ ടാഗോര്‍ പരിസരത്തേക്ക് വരാം…’
അവന്‍ വന്നു. ആ ധ്യാനാത്മകമായ മുഖപ്രസാദത്തിന്റെ തെളിച്ചം നോക്കി ഞാന്‍ മന്ദഹസിച്ചു.
ഞങ്ങള്‍ ചേര്‍ത്തുപിടിച്ചു.
അപ്പോഴേക്കും അനുവിന്റെ കൂട്ടുകാരി പുഷ്പയും വന്നു.
ഞങ്ങളുടെ സംസാരത്തിനിടയിലാണ് ഞാന്‍ ഞെട്ടിക്കുന്ന ആ സത്യമറിഞ്ഞത്. അനുവിന്റെ കരളില്‍ ബാധിച്ച അര്‍ബുദം അവസാനഘട്ടത്തിലാണെന്ന്.
ഒരു പനിബാധിതന്റെ തളര്‍ച്ചപോലും കാണിക്കാതെ സംസാരവും ചിരിയുമായി കുറേനേരം സുഹൃത്തുക്കള്‍ക്കിടയില്‍ അവന്‍ നിന്നു.
അനു സ്വകാര്യമായി എന്നോട് പറഞ്ഞു.
‘എനിക്ക് കൂടുതലിങ്ങനെ നില്‍ക്കാന്‍ പറ്റില്ല. ഖാലിദ് എന്റെ കൂടെ വരില്ലേ?’
പുഷ്പ ഡ്രൈവ് ചെയ്ത കാറില്‍ ഞാനും അവരോടൊപ്പം ഫ്‌ലാറ്റിലേക്ക് പോയി.
ലിഫ്റ്റില്‍ കയറുമ്പോഴേക്കും അനുവിന്റെ വേദന പെരുകുന്നത് അവന്റെ ചലനത്തിലും ഭാവത്തിലും എനിക്ക് മനസ്സിലായെങ്കിലും അതറിയിക്കാതിരിക്കാന്‍ അവന്‍ മുഖത്ത് സദാ ചിരി വരുത്തുന്നുണ്ടായിരുന്നു.
ഞങ്ങള്‍ ഫ്‌ലാറ്റില്‍ കയറി. മൂന്നുപേരും ഫ്രെഷായി ഡിന്നര്‍ കഴിഞ്ഞ് സംസാരിക്കാനിരുന്നു.
ഞങ്ങള്‍ പഴയ ഓര്‍മകളും കൂട്ടത്തില്‍ എന്റെ മരണാനുഭവവും രാഷ്ട്രീയവുമൊക്കെ പങ്കുവെച്ച് ചിരിച്ചും ആനന്ദിച്ചും നിമിഷങ്ങളെ ചേര്‍ത്തുപിടിച്ചു.
ഇടയ്ക്കിടെ വേദന കരളുപറിക്കാന്‍ തുടങ്ങുമ്പോള്‍ അവന്‍ കണ്ണുകളടച്ച് മൗനസാന്ദ്രമായ ധ്യാനത്തിന്റെ ആഴങ്ങളില്‍ ബുദ്ധനായി മാറും.
വേദന പിന്‍വലിയുമ്പോള്‍ ഒരു പൂ വിരിയുമ്പോലെ അനു മെല്ലെ മെല്ലെ കണ്ണുകള്‍ തുറന്ന് പുഞ്ചിരിയോടെ പറഞ്ഞു.
‘അവര്‍ ഇടക്കിടക്കുവന്ന് യുദ്ധം ചെയ്യും’
ഒരു കുഞ്ഞുപക്ഷിയുടെ വേദന അവന്റെ കണ്ണുകളില്‍ നിഴലിക്കുന്നത് ഞാന്‍ കാണും.
അടുത്തനിമിഷം നനുത്ത ചിരിയാലെ അവന്‍ എന്തെങ്കിലും പറഞ്ഞുതുടങ്ങും.
പൊട്ടിച്ചിരിക്കും. ഏറെ വൈകിയാണ് ഞങ്ങളന്ന് കിടന്നത്.
പിറ്റേന്ന് വൈകിയാണെഴുന്നേറ്റത്.
പ്രാതല്‍ കഴിച്ച് വീണ്ടും സംസാരിച്ചിരിക്കെ
അനുവിന്റെ പ്രിയപ്പെട്ട കൂട്ടുകാരി ഡോക്ടര്‍ അമല ആനി വന്നു.
വീണ്ടും ആഘോഷനിമിഷങ്ങള്‍…
അന്ന് ഡിന്നറും കഴിഞ്ഞു ഞാനിറങ്ങി.
ഇറങ്ങുമ്പോള്‍ ഞാന്‍ അവന്റെ കണ്ണുകളിലേക്കു നോക്കി.
അവന്‍ മഴവെയില്‍ പോലെ മന്ദഹസിച്ചു.
ആ ചിരിയില്‍ ജീവിതത്തിന്റെ സാകല്യം ജ്വലിച്ചുനിന്നു.
പറക്കാന്‍ വെമ്പിനില്‍ക്കുന്ന പ്രാവിനെപ്പോലെ പ്രാണന്റെ വിറയല്‍ അവന്റെ കൈകളില്‍ ഞാനറിഞ്ഞു.
കഴിഞ്ഞ ജൂണ്‍ 19-ന് അനു എഫ്.ബിയില്‍ ഒരു പോസ്റ്റിട്ടിരുന്നു.
ജീവിതവും രോഗവും ഒക്കെ പുതിയൊരു ഘട്ടത്തിലാണ്. ജൂണ്‍ 28-ന് അനൗദ്യോഗികമായി 48-ാം പിറന്നാളാണ്. സുഹൃത്തുക്കളെയൊക്കെ നേരില്‍ കാണണമെന്നുണ്ട്. അതുകൊണ്ട് പിറന്നാള്‍ ആഘോഷം എന്ന വ്യാജേന ഒരു കൂടിയിരിപ്പ് നടത്താമെന്ന് അവന്‍ ആലോചിക്കുന്നു എന്നായിരുന്നു അതിന്റെ പൊരുള്‍.
ഞാനും ജോളിയും കാലത്തുതന്നെ ട്രെയിനില്‍ പുറപ്പെട്ടു. കൊല്ലം റയില്‍വേ സ്റ്റേഷനില്‍ ജസ്സിയും സഹനയും കാത്തുനില്‍പ്പുണ്ടായിരുന്നു.
അവരുടെ കാറില്‍ ഞങ്ങള്‍ പാരിപ്പള്ളിയിലേക്ക് പുറപ്പെട്ടു. വഴിയില്‍ ഞങ്ങള്‍ രണ്ട് റോസാ പൂച്ചെണ്ടുകള്‍ വാങ്ങി. ഞാന്‍ ജോളിയോട് പറഞ്ഞു.
”അനു ഭാഗ്യവാനാണ്. മരണത്തെ കാത്തുനില്‍ക്കുമ്പോള്‍ സുഹൃത്തുക്കള്‍ റോസാ പൂക്കളുമായി വന്ന് യാത്ര അയക്കണമെന്നാണ് എന്റെയും മോഹം.”
വെള്ളിയാഴ്ച മുതല്‍ അനുവിനെ കാണാന്‍ സുഹൃത്തുക്കളുടെ പ്രവാഹമായിരുന്നെന്ന് അമല ആനി പറഞ്ഞു. ചുറ്റും കൂടിയ കൂട്ടുകാര്‍ ചിരിച്ചും തമാശ പറഞ്ഞും പ്രസന്നമായ ഒരു പരിസരം സൃഷ്ടിച്ചു. പുഷ്പ ഓടിനടന്ന് സുഹൃത്തുക്കളെ വരവേല്‍ക്കുമ്പോഴും അനുവിന് ഇടക്ക് മരുന്നും ആഹാരവും കൊടുക്കുന്നതില്‍ ശ്രദ്ധാലുവായിരുന്നു.
അമലയെ മാറ്റിനിര്‍ത്തി ഞാന്‍ ചോദിച്ചു.
”എന്താണ് അവസ്ഥ?”
അവള്‍ പറഞ്ഞു.
‘ഡോക്ടര്‍ പറഞ്ഞത് അധികദിവസമുണ്ടാവില്ല, അതിനിടയില്‍ ബോധം നഷ്ടപ്പെടാന്‍ സാധ്യതയുണ്ട് എന്നാണ്. അതറിഞ്ഞപ്പോള്‍ അനു പറഞ്ഞു. ”അതു പറ്റില്ലല്ലോ. എനിക്കെന്റെ സുഹൃത്തുക്കളെ കാണണ്ടേ. ജന്മദിനം നമുക്ക് നേരത്തെയാക്കാം.”
വേദനയുടെ കൊത്തിപ്പറിക്കലിനിടയിലും ശേഷിക്കുന്ന പ്രാണനെയും കൊണ്ട് തളര്‍ച്ചയോടെ കൊടുമുടി കയറുന്ന പര്‍വതാരോഹകനെപ്പോലെ സോഫയിലിരുന്ന് ഇടക്ക് അവന്‍ കണ്ണുകളടക്കും.
പ്ലസ് ടു പഠിക്കുന്ന മകളും ഡിഗ്രി വിദ്യാര്‍ത്ഥിയായ മകനും രണ്ടുവശത്തുമിരുന്ന് ഉമ്മ വെക്കുമ്പോള്‍ അവരെ ചേര്‍ത്തുപിടിച്ച് തിരിച്ചും ഉമ്മവെക്കും.
സുഹൃത്തുക്കള്‍ വരുമ്പോള്‍ ഊര്‍ജ്ജത്തിന്റെ വേലിയേറ്റം അവന്റെ കണ്ണുകളില്‍ കാണാം.
പേരെടുത്തുവിളിച്ച് എല്ലാവരുടെയും കൂടെ സെല്‍ഫിയെടുത്ത് ഭക്ഷണം കഴിക്കാന്‍ നിര്‍ബന്ധിച്ച് അവന്‍ എഴുന്നേല്‍ക്കാന്‍ ശ്രമിക്കും…
തിരികെവരുമ്പോള്‍ ഞാന്‍ ഓര്‍ത്തു.
അനു എത്ര ഭാഗ്യവാനാണ്. സഹതാപത്തിന്റെ ഭാണ്ഡകെട്ടുകളുമായി വരാത്ത സുഹൃത്തുക്കള്‍ മറ്റാര്‍ക്കുണ്ടാകും.
അവനിന്നലെ പോയി…
അവസാനത്തെ ശ്വാസമെടുക്കുമ്പോഴും ഈ ഭൂമിയിലെ മുഴുവന്‍ സ്‌നേഹവും അവന്‍ വലിച്ചെടുത്തുകാണും.
പ്രിയനേ…വിട ??

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles