മേപ്പാടി: ദുരന്തമേഖലയിൽ ഇതുവരെ തിരച്ചിൽ നടത്താത്ത വനമേഖലയിൽ പരിശോധന നടത്താനായി സൈന്യമടങ്ങുന്ന സംഘം ഹെലികോപ്റ്ററിൽ പുറപ്പെട്ടു. വയനാട് മലപ്പുറം അതിർത്തി പങ്കിടുന്ന സൺറൈസ് വാലി മേഖലയിലാണ് ഹെലികോപ്റ്ററിൽ ഇറങ്ങി പരിശോധന നടത്തുക ഇവിടെ കഴിഞ്ഞ ദിവസം നാട്ടുകാർ നടത്തിയ പരിശോധനയിൽ 2 ശരീരങ്ങൾ കിട്ടിയിരുന്നു. പിന്നീട് ഇവർ ഇവിടെ ഒറ്റപ്പെട്ടു പോകുന്ന അവസ്ഥ ഉണ്ടായിരുന്നു. തുടർന്നാണ് സൈന്യത്തിൻ്റെ സഹായത്തോടെ പരിശോധന നടത്തുന്നത്. സൂചിപ്പാറ വെള്ളചാട്ടത്തിലൂടെയാണ് ഒട്ടെറെ പേർ ഒഴുകി ചാലിയാറിലെത്തിയത്. ഈ ഭാഗത്ത് ഇതുവരെ വിശദമായ പരിശോധന നടന്നിട്ടില്ല. ഇരുന്നൂറോളം പേരെ ഇനിയും കിട്ടാനുണ്ട്.
ഇതിനിടെ ഇപ്പോൾ കിട്ടി കൊണ്ടിരിക്കുന്ന മൃതദേഹങ്ങൾ പൂർണ്ണമായും അഴുകിയതിനാലും പൂർണ്ണമല്ലാത്തതും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയുണ്ട്. ഡി. എൻ എ സാമ്പിളുകൾ ശേഖരിച്ച് മറവ് ചെയ്യാനാണ് നിലവിലെ തീരുമാനം. കഴിഞ്ഞ രണ്ടു ദിവസങ്ങളായി 30 ലേറെ മൃതദേഹങ്ങളും അവശിഷ്ടങ്ങളും മറവു ചെയ്തു. ചാലിയാറിൽ നിന്നും ഇന്നലെയും ഇന്നുമായും ശരീരഭാഗങ്ങൾ കണ്ടെത്തിയിട്ടുണ്ട്. വിശദമായ പരിശോധനക്ക് ശേഷം സൈന്യമടങ്ങുന്ന സംഘം വൈകുന്നേരത്തോടെ തിരിച്ചെത്തും തുടർന്ന് മറ്റ് കാര്യങ്ങളിലെ വിശദാംശങ്ങൾ സർക്കാർ തീരുമാനിക്കും.