ദുരന്തത്തിന്റെ നാലാം ദിനത്തിൽ മുണ്ടക്കൈ, ചൂരൽമല മേഖലകളിൽ സർവവിധ സംവിധാനങ്ങളോടെയുമാണ് തിരിച്ചിലിനിറങ്ങുന്നത്.
6 സോണുകളായി തിരിച്ച് 40 ടീമുകളാണ് രംഗത്തിറങ്ങുന്നത്. അട്ടമല- ആറൻമല മുണ്ടക്കൈ, പുഞ്ചിരിമട്ടം, വെള്ളാർമല വില്ലേജ് റോഡ്, ജിവിഎച്ച്എസ്എസ് വെള്ളാർമല, പുഴയുടെ അടിവാരം, പട്ടാളം, എൻഡിആർഎഫ്, ഡിഎസ്ജി, കോസ്റ്റ് ഗാർഡ്, നേവി, എംഇജി ഉൾപ്പെടെയുള്ള സംയുക്ത സംഘമാണ് തെരച്ചിൽ നടത്തുക. ഓരോ ടീമിലും മൂന്നു നാട്ടുകാരും ഒരു വനംവകുപ്പ് ജീവനക്കാരനും ഉണ്ടാവും. ബെയ്ലി പാലം പൂർത്തിയായതോടെ ഇതുവഴി ആംബുലൻസുകളും, മണ്ണുമാന്തി യന്ത്രങ്ങളും എത്തിക്കും.
നാല് ഡോഗ് സ്‌ക്വാഡ് കൂടി തമിഴ്‌നാട്ടിൽനിന്ന് ഇന്നെത്തും. ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റുമുള്ള എട്ട് പൊലീസ് സ്റ്റേഷൻ അതിർത്തികളിലും പരിശോധന നടത്തുമെന്ന് മന്ത്രി കെ.രാജൻ അറിയിച്ചു.
ഇതുവരെ 316 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്്. ഇതിൽ 23 പേർ കുട്ടികളാണ്. ചാലിയാറിൽനിന്ന് ഇതുവരെ 172 മൃതദേഹങ്ങൾ കണ്ടെടുത്തു. കാണാതായവരുടെ എണ്ണംകൂടി കൂട്ടിയാൽ മരണസംഖ്യ 500 നു മുകളിൽ വരും.